ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം. അതാണ് കായികതാരം ദ്യുതി ചന്ദിന്റെ സ്വപ്നം. അതു സാധിച്ചാൽ മാത്രമേ ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിയൂ. അതിന് ആദ്യം വേണ്ടത് ഇപ്പോൾ യൂറോപ്പിൽ നടക്കുന്ന ചെറുതും വലുതുമായ ടൂർണമെന്റുകളിൽ പങ്കെടുക്കുക എന്നതാണ്. യൂറോപ്പിലേക്ക് ആദ്യം വീസ നിഷേധിക്കപ്പെട്ടെങ്കിലും കായികമന്ത്രാലയത്തിന്റെ ഇടപെടലിൽ ഒടുവിൽ വീസ ലഭിച്ചിരിക്കുകയാണ് ദ്യുതി ചന്ദിന്. ഇനി തന്റെ സ്വപ്നം സഫലമാകുമെന്നുതന്നെയാണ് ദ്യുതി പ്രതീക്ഷിക്കുന്നത്; ഒപ്പം ഒഡിഷയിലെ ജനങ്ങളും മറ്റു കായികപ്രേമികളും. 

യൂറോപ്പിലേക്കുള്ള വീസ ലഭിച്ച ആഹ്ലാദം ദ്യുതി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൂടെനിന്ന എല്ലാവർക്കും അവർ നന്ദിയും അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സഹായം ഏറ്റവും ആവശ്യമുള്ള സമയത്ത് കൂടെനിന്നതിന്. കായികമന്ത്രാലയത്തിന്, വിദേശകാര്യമന്ത്രി ജയ്ശങ്കറിന്, കായികവകുപ്പിന്റെ ചുമതലയുള്ള കിരൺ റിജ്ജുവിന്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്..പിന്നെ പിന്തുണയ്ക്കുന്നവർക്കുമാണ് ദ്യുതി നന്ദി പറഞ്ഞിരിക്കുന്നത്. 

ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ദ്യുതി യൂറോപ്പിലേക്കു പോകുന്നത്. അടുത്ത വർഷം ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിനുമുമ്പുള്ള പ്രധാന ടൂർണമെന്റാണ് അത്‍ലറ്റിക് ചാംപ്യൻഷിപ്. അതിനുമുമ്പ് കുറച്ചു സന്നാഹമത്സരങ്ങളിലും പങ്കെടുക്കണം. ആഗ്രഹങ്ങളുമായി വീസയ്ക്ക് അപേക്ഷിച്ചിങ്കിലും ആദ്യം നിഷേധിക്കപ്പെട്ടതോടെ ദ്യുതി ആശങ്കയിലായിരുന്നു. അവസാനം ഇന്ത്യൻ കായികമന്ത്രാലയത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തിൽ വീസ ലഭിച്ചിരിക്കുകയാണ്. 

ഏറ്റവും ഒടുവിൽ ദ്യുതി പങ്കെടുത്തത് വേൾഡ് സർവകലാശാല ചാംപ്യൻഷിപ്പിലാണ്. അവിടെ സ്വർണം തന്നെ നേടാൻകഴിഞ്ഞു. 11.32 സെക്കൻഡിലാണ് 100 മീറ്റർ ഓടിയെത്തിയത്.  അതാണ് വലിയ ആത്മവിശ്വാസം. എങ്കിലും ഇനിയും കുറേദൂരം കൂടി പോകാനുണ്ട്. ഒളിംപിക്സിൽ ഇഷ്ടയിനമായ 100 മീറ്ററിൽ പങ്കെടുക്കാനുള്ള യോഗ്യതാ മാർക്ക് 11. 15 സെക്കൻഡാണ്. ഒരു ഇന്ത്യൻ കായികതാരവും ഇതിനുമുമ്പ് ഇത്രയും ദൂരം പിന്നിട്ടിട്ടില്ല. ദ്യുതിയുടെ ഇതുവരെയുള്ള റെക്കോർഡ് 11.24 സെക്കൻഡാണ്. യോഗ്യത നേടണമെങ്കിൽ ദ്യുതിക്ക് റെക്കോർഡ് മറികടക്കുകതന്നെ വേണം. പക്ഷേ, പ്രതീക്ഷ കൈവിടാതെ പോരാടാൻ തന്നെയാണ് തീരുമാനം. അതിനുള്ള പ്രധാന വേദിയാണ് ലോക ചാംപ്യൻഷിപ്. അവിടെ ലക്ഷ്യമിടുന്ന ദൂരം പിന്നിട്ടാൽ ടോക്കിയോ ലക്ഷ്യമാക്കി ദ്യുതിക്ക് കുതിക്കാം. 

അടുത്തിടെ,  ഒഡിഷ സർക്കാർ അപേക്ഷ നൽകാൻ വൈകിയതിനാൽ ദ്യുതിയുടെ അർജുന പുരസ്കാരത്തിനുള്ള അപേക്ഷ കായികമന്ത്രാലയം നിരസിച്ചിരുന്നു. ഈ വർഷം മേയ് മാസത്തിൽ തന്റെ സ്വവർഗ ബന്ധം തുറന്നുപറഞ്ഞ് ദ്യുതി വിവാദവും സൃഷ്ടിച്ചിരുന്നു. പത്തൊൻപതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഒരുമിച്ചു ജീവിക്കാനാണ് ആഗ്രഹമെന്നുമാണ് അവർ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ്  ട്രാക്കിലേക്കു തിരിച്ചെത്തിയത്.