പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതൊരു കലയാണ്. വ്യക്തികളുടെ തലത്തില്‍നിന്നു മാറി ഉന്നത സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാകട്ടെ മികച്ച ഒരു ജോലിയും.  ഓക്സ്ഫഡില്‍നിന്നു ബിരുദം നേടി എന്‍ജിനീയറായ റാണ നവാസും പ്രശ്നങ്ങള്‍ പരിഹരിച്ചാണ് പ്രശസ്തയായത്. ജി ഇ ക്യാപിറ്റല്‍, മക്കിന്‍സി ആന്‍ഡ് കമ്പനി തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളുമായും ദുബായ് സര്‍ക്കാരുമായും  ബന്ധപ്പെട്ടായിരുന്നു റാണയുടെ ജോലി. 17 വര്‍ഷം നീണ്ട വിജയകരമായ കരിയറിനു ശേഷം റാണ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തനിക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു മേഖലയിലേക്ക് കടക്കാന്‍. 

സ്ത്രീകളുടെ കഴിവു വര്‍ധിപ്പിച്ച്, അവരുടെ പ്രതിഭ മനസ്സിലാക്കി അവരെ ശാക്തീകരിക്കുക. ഇന്ന് റാണ അറിയപ്പെടുന്നത് ഒരു പ്രചോദനാത്മക പ്രഭാഷക എന്ന നിലയിലാണ്. ദുബായിലെ മിടുക്കിയായ സംരംഭക എന്ന നിലയിലും. പ്രശസ്തമായ ഒരു പോഡ്കാസ്റ്റും അവരുടെ പേരിലുണ്ട്- വെന്‍ വിമന്‍ വിന്‍. പിന്തുണ നല്‍കി സ്ത്രീകളെ വിജയതീരത്ത് അടുപ്പിക്കുക എന്ന പോഡ്കാസ്റ്റിന്റെ ലക്ഷ്യം. പക്ഷേ, ഇന്നത്തെ നിലയിലേക്കുള്ള റാണയുടെ വളര്‍ച്ച ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. 

2017 ഒക്ടോബര്‍ മധ്യത്തിലാണ് വെന്‍ വിമന്‍ വിന്‍ എന്ന പേരിലുള്ള ആദ്യത്തെ പോഡ്കാസ്റ്റ് പുറത്തു വന്നത്. ഏതാനും ആഴ്ചകള്‍ക്കകം അവരെ കാത്തിരുന്നത് വിഷമിപ്പിക്കുന്ന ഒരു വാര്‍ത്ത. കാന്‍സര്‍ എന്ന രോഗം അവരെ കീഴടക്കിയിരിക്കുന്നു.  പ്രസവവുമായി ബന്ധപ്പെട്ടുമാത്രം അതിനുമുമ്പ് ആശുപത്രിയെ അഭയം പ്രാപിക്കേണ്ടിവന്നിട്ടുള്ള റാണ നവാസ് ആശുപത്രയില്‍ ആറുമാസം കിടക്കേണ്ട അവസ്ഥയില്‍. കീമോതെറാപ്പിയും ചെയ്യണം. റാണ തളര്‍ന്നില്ല. ആശുപത്രിവാസക്കാലത്തും ചികില്‍സയ്ക്ക് വിധേയയായപ്പോഴും അവര്‍ പോഡ്കാസ്റ്റ് മുടക്കിയില്ല. 

നിരന്തരമായി മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന പ്രസംഗങ്ങള്‍ നിര്‍ത്താതെ ചെയ്തുകൊണ്ടിരുന്നു. ഒരു വര്‍ഷത്തിനകം മധ്യപൂര്‍വ ദേശത്തെ ഏറ്റവും പ്രശസ്ത പോഡ്കാസ്റ്റായി വെന്‍ വിമന്‍ വിന്‍ മാറി. ഐ ട്യൂണ്‍സ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. ഇന്ന് 163 രാജ്യങ്ങളിലായി ഓരോ എപ്പിസോഡിനും 20,000 ല്‍ അധികം പേര്‍ റാണയുടെ വാക്കുകള്‍ക്കു ചെവിയോര്‍ക്കുന്നു. 10 മാസം ചികില്‍സ നീണ്ടു നിന്നു. അതിനുശേഷം രോഗമില്ലാത്ത വ്യക്തി എന്ന സര്‍ട്ടിഫിക്കറ്റും ഡോക്ടര്‍മാര്‍ റാണയ്ക്കു കൊടുത്തു. 

വെറും പ്രസംഗങ്ങള്‍ മാത്രമല്ല പോഡ്കാസ്റ്റുകളിലൂടെ റാണ നടത്തുന്നത്. ലോകത്തെ സംരംഭകര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരുമായുള്ള അഭിമുഖങ്ങളും അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യം വച്ചാണ് റാണ പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത്. ഓരോ ആഴ്ചയും തീര്‍ത്തും വ്യത്യസ്ത മേഖലകളിലുള്ളവരെ അവതരിപ്പിക്കുന്നു. അവരില്‍നിന്നൊക്കെ വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാനും റാണയ്ക്കു കഴിഞ്ഞു. പലപ്പോഴും സ്ത്രീകള്‍ സോറി എന്ന വാക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അതവരുടെ ശക്തി ചോര്‍ത്തിക്കളയുന്ന ഒന്നാണ്. എനിക്കതു ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയ്ക്ക് കാരണമില്ല. ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് വേണ്ടത്.

ജനിച്ചത് ഇംഗ്ലണ്ടിലാണെങ്കിലും അഞ്ചാം വയസ്സില്‍ റാണ യുഎഇയില്‍ എത്തി. വീണ്ടും 17-ാം വയസ്സില്‍ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി ഇംഗ്ലണ്ടില്‍  എത്തിയ റാണ പിന്നീട് തിരിച്ച് ദുബായ്ക്കു തന്നെ മടങ്ങി. സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ദുബായ് സര്‍ക്കാര്‍ സജീവമാണ്. ലിംഗവിവേചനം ഇല്ലാതാക്കാനും അനേകം കാര്യങ്ങള്‍ ചെയ്യുന്നു. റാണ നവാസും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നു.