പതിനാറാം വയസ്സില്‍ ഏതു പെണ്‍കുട്ടിയും കൊതിക്കുന്ന അസൂയാവഹമായ പദവി. സെക്സ് സിംബല്‍. ഒരു വ്യക്തിയുടെ അല്ല, ഒരു രാജ്യത്തിന്റെ മുഴുവന്‍. ആ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങുന്നു ലിസ റേ എന്ന മുന്‍ ബോളിവുഡ് നടി. 

ഒരു പ്രത്യേക ബോക്സില്‍ ഒരുക്കിവച്ച് പ്രദര്‍ശിപ്പിക്കപ്പെടേണ്ട താരമാണ് താന്‍ എന്ന് ലിസ ഒരിക്കലും കരുതിയിട്ടില്ല. ആഗ്രഹിച്ചിട്ടുമില്ല. എന്നിട്ടും കൗമാരപ്രായത്തില്‍ത്തന്നെ സ്ക്രീനില്‍ മുഖം കാണിക്കേണ്ടിവന്നു. അജ്ഞാതമായ കാരണങ്ങളാല്‍ സെക്സ് സിംബല്‍ എന്ന ഇമേജും ലഭിച്ചു. അന്നുമുതല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കാനാഗ്രഹിക്കാത്ത തിരക്കിന്റെയും പ്രശസ്തിയുടെയും കൈവിട്ട നിമിഷങ്ങളില്‍ ആടിയുലയുകയായിരുന്നു അവര്‍. 

പ്രശസ്തിയുടെ ഉയരങ്ങള്‍, ആരാധനയുടെ നിമിഷങ്ങള്‍, താരപ്പകിട്ടിന്റെ തിളക്കങ്ങള്‍ ഒടുവില്‍ മാരകരോഗത്തിന്റെ കയ്യിലെ കളിപ്പാവ. കഴിഞ്ഞുപോയതെല്ലാം ഓര്‍ത്തെടുത്തും തനിക്കു പ്രിയപ്പെട്ടവരെ ഓര്‍മിപ്പിച്ചും വീണ്ടും ലീസ റേ എത്തിയിരിക്കുന്നു. ഒരു പുസ്തകവുമായി. ആത്മകഥ. 'ക്ലോസ് ടു ദ ബോണ്‍'. 

ആത്മകഥയുടെ പ്രകാശനത്തിനു മുന്നോടിയായി സമൂഹമാധ്യമത്തില്‍ തന്റെ ഒരു മുന്‍കാല ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട് നടി. ഒരു സിനിമയുടെ അണിയറയില്‍ അവാസാനഘട്ട ഒരുക്കങ്ങളിലും തയാറെടുപ്പിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നടി. മേക്കപ് അര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം. ഒരു കയ്യില്‍ എരിയുന്ന സിഗരറ്റ്. മാംസത്തിന്റെ ഒരു തുണ്ടു പോലും ഇല്ലെന്നു തോന്നിപ്പിക്കുന്ന എല്ലുറപ്പുള്ള തോളുകള്‍. മെലിഞ്ഞ ശരീരം. ഈ ചിത്രം ഉള്‍പ്പെടെ പഴയകാല ജീവിതത്തില്‍നിന്നുള്ള അനേകം ചിത്രങ്ങളും അവയുടെ പിന്നിലെ കഥകളും പറയുകയാണ് ലിസ ആത്മകഥയില്‍. 

പ്രായത്തിനുചേരാത്ത ശരീരത്തിന്റെ പേരില്‍ പലപ്പോഴും ആക്ഷേപത്തിന് ഇരയായിട്ടുണ്ട് അവര്‍. കളിയാക്കലുകളും അന്ധമായ ആരാധനയും ഒരുപോലെ അനുഭവിച്ചു. വിഷമകരമായിരുന്നു ആ നാളുകള്‍. അസഹനീയമായത്. ആഗ്രഹിക്കാത്ത സെക്സ് ഇമേജ് കെട്ടിവയ്ക്കപ്പെട്ടതിന്റെ വേദനകള്‍. ധൂര്‍ത്തടിച്ച ആ ജീവിതമാണ് നടി ആത്മകഥയില്‍ അടുത്തുനിന്നു പറയുന്നത്. ഒന്നും മറച്ചുവയ്ക്കാതെയും ഒളിച്ചുവയ്ക്കാതെയും. ഇതുവരെയും വെളിച്ചം കാണാത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ. 

ഒരുകാലത്ത് ചികില്‍സ തേടേണ്ടിവന്ന ഗൗരവമായ ഭക്ഷണശീലങ്ങളുണ്ടായിരുന്നു ലിസയ്ക്ക്. കൂടെ നിരന്തരമായ പുകവലിയും. ആരോഗ്യം കാര്‍ന്നെടുക്കപ്പെട്ട ആ ദിവസങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരണങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് നടി പറയുന്നത്. ‘ പോളറോയ്ഡുകളുടെയും സിഗരറ്റിന്റെ കാലം’ എന്നാണ് കഴിഞ്ഞുപോയ കാലത്തെ ലിസ വിശേഷിപ്പിക്കുന്നത്. തന്റെ ശരീരത്തെക്കുറിച്ചും താന്‍ അകപ്പെട്ട ഇമേജിന്റെ തടവറകളെക്കറിച്ചും ഒട്ടേറെ രാത്രികള്‍ ഉറങ്ങാതെ കഴിച്ചിട്ടുണ്ട് അവര്‍. കൂടുതല്‍ പ്രായം തോന്നിക്കുന്ന രൂപത്തിന്റെ പേരിലുള്ള ആക്ഷേപവും. തിരക്കിന്റെ നാളുകള്‍ക്കുശേഷം അസുഖത്തിന്റെ തടവറയിലും അവര്‍ക്കു നാളുകള്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ഒടുവില്‍ കാന്‍സറിനെയും അതിജീവിച്ചു. 

ദീപ മേത്തയുടെ വാട്ടര്‍ ആണ് ലിസ റേയുടെ ഏറ്റവും മികച്ച ചിത്രം. കസൂര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളിലും ടെലിവിഷന്‍ പരിപാടികളും അഭിനയിച്ചിട്ടുമുണ്ട്.