കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മനസ്സു കവർന്ന ഒരു പെൺകുട്ടിയുണ്ട്. അവളുടെ പേര് നിഷ യാദവ്. അവൾ പിന്നിട്ട കനൽ വഴികളെക്കുറിച്ചറിഞ്ഞപ്പോൾ മന്ത്രിക്ക് ഒരാഗ്രഹം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അവളെ ലോകത്തിനു പരിചയപ്പെടുത്തണം. ലാക്‌മേ ഫാഷൻ വീക്കിനിടയിൽ പരിചയപ്പെട്ട നിഷ ഇന്ന് മോഡലും അഭിഭാഷകയുമെല്ലാമാണ്. എന്നാൽ സ്വപ്നത്തിലേക്കുള്ള അവളുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നുമാത്രം.

ലാക്മെ ഫാഷൻ വീക്കിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട്  ടെക്സ്റ്റൈൽ മന്ത്രാലയം ആവിഷ്കരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനെത്തിയപ്പോഴാണ് രാജസ്ഥാനിൽ നിന്നുള്ള നിഷയെ സ്മൃതി ഇറാനി പരിചയപ്പെട്ടത്. ജീവിതത്തിലെ പ്രതിബന്ധങ്ങളെ മറികടന്ന് ആരുംകൊതിക്കുന്ന നേട്ടം കൈയെത്തിപ്പിടിച്ച പെൺകുട്ടിയോടൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് സ്മൃതി ഇറാനി അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

നിഷയെക്കുറിച്ച് സ്മൃതി പറഞ്ഞതിങ്ങനെ :-

നിഷ ഒരു മോഡൽ മാത്രമല്ല. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനി കൂടിയാണ്. ഡൽഹയിൽ പരശീലനത്തിനിടയിലാണ് ലാക്‌മേ ഫാഷൻ വീക്കിലെത്തിയത്. ദിവസവും 6 കിലോമീറ്റർ നടന്നാണ് നിഷ സ്കൂളിലേക്ക് പോയിരുന്നത്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ നിഷ എതിർത്തു. അതോടെ വീടിനു പുറത്തായി. നിഷയെ പിന്തുണച്ച സഹോദരിമാരോടും വീടിന് പുറത്തുപൊയ്ക്കൊള്ളാൻ അച്ഛൻ നിർദേശം നൽകി. എന്നാൽ കാലം ചെന്നതോടെ അച്ഛൻ പെൺമക്കളെ അംഗീകരിച്ചു. നിഷയുടെ സഹോദരിമാരിലൊരാൾ ഐഎഎസ് നേടി, മറ്റൊരാൾ പൊലീസ് വിഭാഗത്തിലും മൂന്നാമത്തെയാൾ സോഫ്റ്റ്‌വെയർ മേഖലയിലും നാലാമത്തെയാൾ കോളജ് അധ്യാപികയുമായി.

സ്വന്തം ജീവിതം പറഞ്ഞപ്പോൾ വിതുമ്പിപ്പോയ നിഷയെ സ്മൃതി ഇറാനി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ലാക്മേ ഫാഷൻ വീക്കിലെത്തിയ ഒരുപാട് മുഖങ്ങളുണ്ടിവിടെ. അവർക്കൊക്കെയും ഓരോ കഥയുണ്ട്. പലരും അവരുടെ ജീവിതത്തിലെ ഗ്ലാമർ വശങ്ങൾ മാത്രമേ കാണുന്നുള്ളൂ. പക്ഷേ അവരുടെ ജീവിതത്തിലും കണ്ണീരിന്റെ നിമിഷങ്ങളുണ്ട്. നിഷയെയും അവളുടെ നാലു സഹോദരിമാരെയും കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് സ്മൃതി ഇറാനി വിഡിയോ അവസാനിപ്പിക്കുന്നത്.