വ്യക്തിത്വം തിരിച്ചറിയുന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുണ്ട്; മുന്നോട്ടു കുതിക്കാനുള്ള ശക്തി സംഭരിക്കുന്നവരുമുണ്ട്. ആണ്‍കുട്ടികള്‍ പൊതുവേ വളരെവേഗം ആത്മവിശ്വാസമുള്ളവരായി മുന്നോട്ടുള്ള പാതയില്‍ അതിവേഗം നടക്കുമ്പോള്‍ പെണ്‍കുട്ടികളിൽ ചിലർ പിന്‍വലിയുന്ന സ്വഭാവക്കാരാണ്. തങ്ങള്‍ ഏതോ വിചിത്ര ജീവികളാണെന്നു പോലും കരുതുന്ന ചിന്താഗതി അവരില്‍ വേരുറപ്പിക്കുന്നു.

ഇത് അവരെ സമൂഹത്തിന്റെ പിന്നണിയിലേക്കും ഇരുട്ടിലേക്കും തള്ളിയിടുന്നു. ഇനിയും അതു തുടരരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ബാര്‍ബി ഡോള്‍ പരമ്പരയിലൂടെ പുതിയ രണ്ടു പേര്‍. റോസാ പാര്‍ക്കും സാല്ലി റൈഡും. ഇവരുടെ മാതൃകയിലുള്ള ബാര്‍ബിക്കുട്ടികള്‍ ഇനി ലോകമെങ്ങുമുള്ള പെണ്‍കുട്ടികളെ പ്രചോദനത്തിന്റെ വഴിയിലൂടെ നയിക്കുന്നത് ഉയര്‍ച്ചയിലേക്ക്. ജീവിതത്തിലും കരിയറിലും. കഴിഞ്ഞവര്‍ഷം രൂപകല്‍പന നടത്തിയെങ്കിലും ഇക്കഴിഞ്ഞ സ്ത്രീ-പുരുഷ തുല്യത ആചരിക്കുന്ന ദിവസമാണ് ഈ പുതിയ ബാര്‍ബിക്കുട്ടികള്‍ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. 

ആമുഖം വേണ്ടാത്തവരും വിശദീകരണം ആവശ്യമില്ലാത്തവരുമാണ് റോസ പാര്‍ക്കും സാല്ലി റൈഡും. ലോകചരിത്രത്തിന്റെ ഭാഗം. സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം. ചരിത്രം തിരുത്തിയെഴുതി ചരിത്രം കുറിച്ചവര്‍. ആധുനിക പൗരാവകാശ പ്രസ്ഥാനങ്ങളുടെ മാതാവ് എന്നാണ് റോസ പാര്‍ക് അറിയപ്പെടുന്നതുതന്നെ. സ്ത്രീകള്‍ ചിന്തിക്കുകപോലും ചെയ്യാതിരുന്ന വഴികളിലേക്ക് ഇറങ്ങുകയും അവകാശങ്ങളുടെ കൊടികളുമായി സമൂഹത്തിന്റെ ചിന്താഗതി തിരുത്തുകയും ചെയ്ത മഹത്തായ വ്യക്തിത്വം. എന്നെന്നും ലോകം ആരാധനയോടെ മന്ത്രിക്കുന്ന പേര്. ഭാവി തലമുറകള്‍ക്കൂകൂടി വഴികാട്ടി. അവരുടെ രൂപത്തിലും ഭാവത്തിലുമുള്ള ബാര്‍ബി ഡോള്‍ ഇനി എണ്ണമറ്റ തലമുറകള്‍ക്കും പ്രചോദനമേകും. കളിയിലും ചിരിയിലും ഒപ്പംകൂടി, സന്തോഷത്തിലും സങ്കടത്തിലും ഒപ്പംനിന്ന് കുട്ടികള്‍ക്കൊപ്പം ഒരുമിച്ച് ഉണ്ടും ഉറങ്ങിയും. 

അമേരിക്കയിലെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാണ് സാല്ലി റൈഡ്. ബഹിരാകാശത്തു സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. ഇന്നും ആരും തകര്‍ത്തിട്ടില്ലാത്ത റെക്കോര്‍ഡിന്റെ ഉടമ. സ്ത്രീകളുടെ ശാക്തീകരണത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പായിരിക്കും ഇരുവരുടെയും പേരിലുള്ള ബാര്‍ഡി ഡോളുകളുടെ രൂപകല്‍പന എന്നാണ് കളിപ്പാട്ട നിര്‍മാണ രംഗത്തെ മാറ്റല്‍ പറയുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ എത്ര പ്രധാനപ്പെട്ടവരാണെന്നും അവര്‍ക്ക് എത്രമാത്രം വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്ന് ഓര്‍മിപ്പിക്കാനും ഇനി ഇവര്‍ക്കു കഴിയും.