സ്ട്രച്ച് മാർക്കുകൾ പുറത്തു കാണുംവിധമുള്ള ചിത്രം പങ്കുവച്ചതിന്റെ പേരിൽ ബോളിവുഡ് താരം സരീൻഖാൻ അടുത്തിടെ ബോഡിഷെയിമിങ്ങിന് ഇരയായിരുന്നു. അതിനു പിന്നാലെയാണ് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയും വിമർശകരുടെ പരിഹാസത്തിനിരയായത്.

തെന്നിന്ത്യൻ താരങ്ങളായ പ്രഭാസവും അനുഷ്കയും തമ്മിൽ പ്രണയത്തിലാണ്, ഉടൻ തന്നെ വിവാഹിതരാകും എന്നൊക്കെയുള്ള റൂമറുകളിലൂടെ വാർത്തകളിൽ നിറഞ്ഞ താരമിപ്പോൾ വാർത്തകളിൽ നിറയുന്നത് ബോഡിഷെയിമിങ്ങിന്റെ പേരിലാണ്.

അടുത്തിടെ പുറത്തു വന്ന ചിത്രങ്ങളിൽ അനുഷ്കയ്ക്ക് തടി തോന്നിക്കുന്നുണ്ട്. ഒരു യാത്രക്കിടെ ആരോ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് താരത്തിന് തടിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നത്.

''തടിച്ച് ചീർത്ത വലിയ ശരീരവും ഇരട്ടത്താടിയുമുള്ള'' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ ചിത്രങ്ങൾ പ്രചരിക്കപ്പെട്ടത്. അനുഷ്കയെ അപഹസിച്ചുകൊണ്ട് ഒരു വെബ്സൈറ്റിൽ വന്ന വാർത്തയിങ്ങനെ :- 

'' അനുഷ്കയുടെ എയർപോർട്ട് ലുക്ക് കണ്ട് ആരാധകർ നടുങ്ങിയിരിക്കുകയാണ്. ശരീരഭാരം നിയന്ത്രിക്കാൻ പറ്റുന്നതിലും അധികമായിട്ടുണ്ടെന്നും, അനുഷ്കയ്ക്ക് ഇപ്പോഴുള്ളത്വലിയ ചീർത്ത ശരീരവും ഇരട്ടത്താടിയുമൊക്കെയാണെന്നുമായിരുന്നു അവരുടെ പരിഹാസം.''

പ്രിയതാരത്തെ അപമാനിക്കുന്ന തരത്തിലുള്ള വാർത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരെ അനുഷ്കാ ആരാധകർ തിരിഞ്ഞു. ശരീര ഭാരത്തിന്റെ കാര്യത്തിൽ ഒരിക്കലും അനുഷ്കയെപ്പോലെയുള്ള ഒരാളെ വിമർശിക്കരുതെന്നും ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം ക്രമാതീതമായി കൂട്ടിയ താരം പിന്നീട് ബാഹുബലി എന്ന ചിത്രത്തിനു വേണ്ടി വളരെ വേഗം ഭാരം കുറച്ചതൊക്കെ ആളുകൾ നന്നായിത്തന്നെ ഓർക്കുന്നുണ്ടെന്നുമായിരുന്നു ആരാധകർ വിമർശകർക്കു നൽകിയ മറുപടി.