ഓസ്ട്രിയയിലെ സാൽസ്ബർഗിൽ, ‘ഓര്‍ഫ്യൂസ് ഇൻ ദ് അണ്ടർവേൾഡ്’ എന്ന ഓപറയുടെ അരങ്ങിൽ അറിഞ്ഞഭിനയിക്കുകയായിരുന്നു അമേരിക്കന്‍ നടിയും ഗായികയുമായ കാതറിൻ ലെവക്. കാതറിന്റെ അഭിനയം നിരൂപക പ്രശംസയും സാധാരണക്കാരുടെ പുകഴ്ത്തലും നേടി. പക്ഷേ, പ്രശസ്തിയുടെയും പ്രശംസയുടെയും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാനായിരുന്നില്ല കാതറിന്റെ വിധി. അപമാനിക്കപ്പെടാനായിരുന്നു; അതും ശരീരത്തിന്റെ പേരില്‍. അഭിനയത്തെയും പാട്ടുകളെയും പ്രശംസിച്ച നിരൂപകര്‍ പോലും ഒരു വസ്തുത ചൂണ്ടിക്കാട്ടാതിരുന്നില്ല– കാതറിന്റെ വണ്ണം. ‘തടിച്ചുകുറുകിയ ആ നടിയെ കണ്ടോ, അവരെ ശ്രദ്ധിച്ചില്ലേ’ എന്നിങ്ങനെ പോയി ചില നിരൂപകരുടെ അഭിപ്രായങ്ങള്‍. 

അങ്ങേയറ്റം പരിഹാസ്യവും ഒഴിവാക്കേണ്ടതുമായിരുന്നു ആ വിമര്‍ശനങ്ങളെന്നാണ് കാതറിന്റെ നിലപാട്. തന്റെ ശരീരത്തെ അപമാനിക്കുകയും അതുവഴി തന്റെ വ്യക്തിത്വത്തെ ആക്ഷേപിക്കുകയുമാണ് ആ വിമര്‍ശകര്‍ ചെയ്തതെന്നും നടി പരാതിപ്പെടുന്നു. വിഷം പുരട്ടിയ അമ്പുകളെപ്പോലെയാണ് ആ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ തറച്ചതെന്നും കാതറിൻ വേദനയോടെ പറയുന്നു. 

ഓര്‍ഫ്യൂസിലെ അഭിനയത്തിന് കടുത്ത വിമർശനങ്ങൾ ഉണ്ടാകാമെന്നു കാതറിൻ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ചും ലൈംഗികച്ചുവയുള്ള അഭിനയത്തിന്റെ പേരില്‍. പക്ഷേ അതൊന്നും വിമര്‍ശിക്കപ്പെട്ടില്ല. കാതറിന്റെ അഭിനയം പ്രശംസിക്കപ്പെടുകയും ചെയ്തു.പക്ഷേ ചില വിമര്‍ശകര്‍ ശ്രദ്ധിച്ചതു നടിയുടെ ശരീരവും അതിന്റെ വണ്ണവുമായിരുന്നു. അതാണു കാതറിനെ വേദനിപ്പിച്ചതും. അടുത്തിടെയാണ് നടി ഒരു കുട്ടിക്കു ജന്‍മം നല്‍കിയത്. അതിനു തൊട്ടുപിന്നാലെയായിരുന്നു ഓപറയുടെ അവതരണം. 

ഇറുകിയ വസ്ത്രങ്ങളും ധരിച്ച് കുറച്ചു തടിച്ചിപ്പെണ്ണുങ്ങള്‍ ആഭാസകരമായി സഞ്ചരിക്കുന്നതായിരുന്നു ഓപറയെന്നാണ് ഒരു ജര്‍മന്‍ നിരൂപകന്‍ വിലയിരുത്തിയത്. കഥാപാത്രത്തെ ശ്രദ്ധിക്കാതെയുള്ള ഇത്തരം വിലകുറഞ്ഞ പ്രതികരണങ്ങളാണ് തന്നെ വേദനിപ്പിച്ചതെന്നു പറയുന്നു കാതറിന്‍ ലെവക്. ഇതേക്കുറിച്ച് അവര്‍ ഒരു വിശദീകരണം നല്‍കിയെങ്കിലും നിരൂപകന്‍ മറുപടിയായി, മെലിഞ്ഞ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള ഇറുക്കമുള്ള വസ്ത്രം ധരിച്ച് കാതറിന്‍ എന്തിനാണു സ്റ്റേജില്‍ വന്നതെന്നാണു ചോദിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതു വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിമരുന്നിട്ടിരിക്കുകയാണ്.

ആ നിരൂപണം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന്റെ എഡിറ്റര്‍ക്കും കാതറിന്‍ കത്തെഴുതി: ‘നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ കുറച്ചുകൂടി അന്തസ്സായി പെരുമാറുമെന്നാണു ഞാന്‍ പ്രതീക്ഷിച്ചത്. അവരുടെ തൊഴില്‍നിലവാരവും അന്തസ്സും ഇനിയും ഉയരേണ്ടിയിരിക്കുന്നു’- അവര്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി, വ്യക്തിപരമായ അധിക്ഷേപമല്ല പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യമെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനല്ല നിരൂപണം എഴുതിയതെന്നും എഡിറ്ററും വ്യക്തമാക്കി.

അമേരിക്കയിലെ കണക്ടിക്കട്ടില്‍ ജനിച്ചുവളര്‍ന്ന കാതറിന്‍ ലെവക് ഈ തലമുറയിലെ മികച്ച ഓപറ നടിമാരിലൊരാളായാണു വിശേഷിപ്പിക്കപ്പെടുന്നത്. മികച്ച ട്രൂപ്പുകള്‍ക്കൊപ്പം അവര്‍ പല സ്റ്റേജുകളിലു ഗംഭീര പ്രകടനവും നടത്തിയിട്ടുണ്ട്. വണ്ണം കൂടിയ ശരീരവുമായും മെലിഞ്ഞ അവസ്ഥയിലുമെല്ലാം വിവിധ ഓപറകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ശരീരത്തിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് കാതറിന്‍ പറയുന്നത്.

‘എന്റെ അതേ അനുഭവത്തിലൂടെ കടന്നുപോയ മറ്റു സ്ത്രീകളുമുണ്ട്. അവര്‍ അവരുടെ കഥകള്‍ എന്നോടു പറയുന്നു, പിന്തുണയ്ക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. അതൊരു വലിയ കാര്യമാണ്. വിമര്‍ശനങ്ങളും നിരൂപണങ്ങളും എന്തുതന്നെയായാലും ഞാന്‍ തളരാന്‍ പോകുന്നില്ല. മകളുടെ ജനനമാണ് എനിക്കു വണ്ണം സമ്മാനിച്ചത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയെങ്കിലും ദയവുചെയ്ത് എന്റെ അഭിനയം വിലയിരുത്തൂ...എന്റെ ശരീരത്തെ വെറുതെവിടൂ’ –കാതറിന്‍ അപേക്ഷിക്കുന്നു.