ഇന്ത്യയുടെ അഭിമാനമായ യുവ അത്‌ലറ്റ് ഹിമാദാസ് അസമിൽ നിന്നുള്ള ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ട്രാഫിക് നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹിമ കുറിച്ചതിങ്ങനെ :-

'' ഈ പൊലീസ് ഉദ്യോഗസ്ഥയുടെ അർപ്പണ ബോധത്തിനു മുന്നിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു. എന്റെ ജന്മനാടായ നഗോൺ ജില്ലയിൽ പെരുമഴയെ വകവയ്ക്കാതെയാണ് ഈ ഉദ്യോഗസ്ഥ തന്റെ ജോലി തുടരുന്നത്''. വുമൺ എംപവർമെന്റ് എന്ന ഹാഷ്ടാഗോടുകൂടിയാണ് ഹിമാദാസ് കർമനിരതയായ പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ പങ്കുവച്ചത്.

സെപ്റ്റംബർ 10 ന് പങ്കുവച്ച പോസ്റ്റിന് നിരവധി ലൈക്കുകൾ ലഭിക്കുകയും ഒരുപാടുതവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. പ്രതിസന്ധികളെ അവഗണിച്ച് അർപ്പണ ബോധത്തോടെ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് അവരുടെ ചിത്രങ്ങൾ പങ്കുവച്ച ഹിമാദാസിനെ അഭിനന്ദിക്കാനും പലരും മറന്നില്ല. പൊലീസ് ഉദ്യോഗസ്ഥയും ഹിമാദാസും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ടെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

'' ഇതാണ് യഥാർഥ ശാക്തീകരണം, ഈ സ്ത്രീയെക്കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ട്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എത്ര ഉത്തരവാദിത്തമേറിയ ജോലിയാണ് ചെയ്യുന്നതെന്ന് ഈ ഉദ്യോഗസ്ഥ നമുക്ക് കാട്ടിത്തന്നു.സമൂഹത്തിനും അതിന്റെ സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന നായികമാരെ സല്യൂട്ട് ചെയ്യുന്നു''. ഇങ്ങനെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണങ്ങളെത്തിയത്.