ഭീതിയുളവാക്കിയ ദുരനുഭവത്തെക്കുറിച്ചും ഒരു കൂട്ടം കൗമാരക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തി യുവതിയുടെ കുറിപ്പ്. വിൽഷെയറിലെ ബെക്സ് സാൻഡെർസ്ലിയുൽ എന്ന 21 വയസ്സുകാരിയാണ് തന്നെ പരിഹസിച്ച കൗമാരക്കാരുടെ മാതാപിതാക്കളെ അഭിസംബോധചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്.

വീടിനു സമീപത്തുള്ള കടയിൽപ്പോയി മടങ്ങും വഴിയാണ് ബെക്സിനെ ഒരു കൂട്ടം കൗമാരക്കാർ ചേർന്ന് പരിഹസിച്ചത്. പോർക്കി ( തടിച്ച ശരീരപ്രകൃതമുള്ള എന്നർഥം വരുന്ന വാക്ക്) എന്നു വിളിച്ചാണ് അവർ ബെക്സിനെ അപമാനിച്ചത്. പാർക്കിലിരുന്നാണ് ഒരു കൂട്ടം ആൺകുട്ടികൾ തന്നെ അപഹസിച്ചതെന്നും 15 നും 18 നും ഇടയിൽ പ്രായമുള്ളവരായിരുന്നു അവരെന്നുമാണ് ബെക്സ് പറയുന്നത്. പോർക്കി എന്ന് ഉറക്കെ വിളിച്ചു കൂവിയാണ് അവർ എന്നെ അപമാനിച്ചത്. എന്റെ ഹെഡ്ഫോൺ ചെവിയിൽ നിന്ന് ഊരണമെന്നു പോലും എനിക്കപ്പോൾ തോന്നിയില്ല. തീർച്ചയായും എല്ലാ മാതാപിതാക്കളും കുട്ടികൾക്ക് ഒരു കാര്യം പറഞ്ഞു കൊടുക്കണം. ബോഡി ഷെയിമിങ്ങും പരിഹാസവും മറ്റുള്ളരെ എത്രമാത്രം വേദനിപ്പിക്കുമെന്ന്.''- ബെക്സ് പറയുന്നു. 

സംഭവത്തെക്കുറിച്ച് ബെക്സ് കുറിച്ചതിങ്ങനെ :-

'' ഈ കുട്ടികൾ നിങ്ങളുടേതാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്കവരെ അറിയുമെങ്കിൽ ദയവായി അവരോട് ബോഡിഷെയിമിങ്ങിനെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറയണം. ഞാൻ വലിയ ശരീരമുള്ള ഒരു പെൺകുട്ടിയാണെന്ന് എനിക്ക് തീർച്ചയായും അറിയാം. എന്റെ പരിഗണന ദുർബലരായ മനുഷ്യരോടാണ്. ഇത്തരമൊരു അവഹേളനം സഹിക്കേണ്ടി വന്നാൽ അവർ തകർന്നു പോകും. അതുകൂടാതെ ഒരു കൂട്ടം മുതിർന്ന ആൺകുട്ടികളുടെ പരസ്യമായ അവഹേളനത്തിന് ഇരയാകേണ്ടി വരുന്നത് തീർത്തും ഭീകരമായ ഒരു അനുഭവമാണ്. അവർക്ക് നിങ്ങളെ പിന്തുടരാൻ പദ്ധതിയുണ്ടോ?, അവർ നിങ്ങളെ ഉപദ്രവിക്കുമോ എന്നൊന്നും നിങ്ങൾക്ക് ഒരു ധാരണയുമില്ലാത്ത അവസ്ഥയിൽ പ്രത്യേകിച്ചും.''

ജീവിതത്തിൽ ഒരുപാടു തവണ ബോഡിഷെയിമിങ്ങിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബെക്സ് പറഞ്ഞതിങ്ങനെ :-

'' വൈകാരികമായി അരക്ഷിതത്വം തോന്നിയ സമയത്തൊക്കെ ഞാൻ ധാരാളം ഭക്ഷണം കഴിക്കുമായിരുന്നു. അങ്ങനെ എന്റെ ഭാരം ക്രമാതീതമായി കൂടാൻ തുടങ്ങി. ആരെങ്കിലും എന്നെ കളിയാക്കുമോ എന്നു പേടിച്ചാണ് സ്കൂളിലൊക്കെ പൊയ്ക്കൊണ്ടിരുന്നത്.''

ബോഡിഷെയിമിങ്ങിന്റെ പേരിൽ ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ബെക്സിനു പറയാനുണ്ട് :-

'' ശരീരത്തെ പരിഹസിച്ചുകൊണ്ട് മറ്റുള്ളവർ സംസാരിക്കുന്നതു കൊണ്ടുള്ള വിഷമം കൊണ്ട് എന്റെയൊരു സുഹൃത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. ബോഡിഷെയിമിങ്ങും മറ്റു തരത്തിലുള്ള പരിഹാസവും കൊണ്ട് ഇനി മറ്റൊരാൾ കൂടി മരിക്കാൻ പാടില്ല. കളിയാക്കിപ്പേരുകളും പരിഹാസങ്ങളും മറ്റുള്ളവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കി അങ്ങനെയുള്ള പേരുകൾ കൊണ്ട് വണ്ണമുള്ളവരെ സംബോധന ചെയ്യരുതെന്ന് നിങ്ങൾ തീരുമാനിക്കണം''. അമിത വണ്ണമുള്ളവരോടും ചില കാര്യങ്ങൾ ബെക്സിന് പറയാനുണ്ട്. ' അപരിചിതമോ, അസാധാരണമോ ആയ എന്തെങ്കിലും കേട്ടാൽ നിങ്ങൾ അത് ആഘോഷിക്കണം. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നു കരുതി നിങ്ങൾ നിങ്ങളല്ലാതാവരുത്. നിങ്ങളുടെ ശ്രദ്ധ നിങ്ങളെക്കുറിച്ചു മാത്രമാകണം'.