കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനായി തലമൊട്ടയടിച്ച അപർണ ലവകുമാർ എന്ന കേരള പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് ബോളിവുഡ്താരം അനുഷ്ക ശർമ്മ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്ക അപർണയയെ അഭിനന്ദിച്ചത്.

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ അപർണ കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനാണ് തലമൊട്ടയടിച്ചത്. ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അപർണ ലവകുമാർ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക നിർവഹണത്തിനിടയിൽ തന്റെ കൈയിൽക്കിടന്ന മൂന്നു സ്വർണ വളകൾ ഊരി നൽകിയാണ് അപർണ അന്ന് മനുഷത്വം പ്രകടിപ്പിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരു കൊലപാതകക്കേസിൽ ഇൻക്വസ്റ്റ് നടത്താൻ പോയതായിരുന്നു അപർണ. 60,000 രൂപയുടെ ബിൽ അടച്ചാലെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ.

ഗാർഹിക പീഡനത്തെത്തുടർന്നായിരുന്നു ആ സ്ത്രീ മരിച്ചത്. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വഴികാണാതെ കണ്ണീരോടെ നിൽക്കുന്ന അവരുടെ മക്കളെ കണ്ട് മനസ്സലിഞ്ഞപ്പോഴാണ് അപർണ തന്റെ കൈയിലെ മൂന്നു സ്വർണവളകൾ അവർക്കൂരി നൽകിയത്. ആ സംഭവം നടന്ന് 11 വർഷങ്ങൾക്കിപ്പുറം അപർണ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാൻസർ ബാധിതർക്ക് മുടി ദാനം ചെയ്യാനായി തലമുണ്ഡനം ചെയ്തതോടെയാണ് അപർണ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിനിയാണ് അപർണ. വളരെ ചെറുപ്പത്തിലേ തന്നെ ഭർത്താവ് മരിച്ച അപർണ രണ്ട് പെൺകുഞ്ഞുങ്ങളെ ഒറ്റയ്ക്കാണ് വളർത്തിയത്. അടുത്തിടെയാണ് അപർണ പുനർവിവാഹിതയായത്. ട്രാഫിക് നിയമങ്ങളെപ്പറ്റിയും വ്യക്തി സുരക്ഷയെപ്പറ്റിയും സ്കൂളുകളിൽ ക്ലാസെടുക്കാറുണ്ട് അപർണ. സെപ്റ്റംബറിൽ അത്തരമൊരു ക്ലാസെടുക്കാൻ പോയപ്പോഴാണ് മുടിദാനം ചെയ്യാൻ തീരുമാനമെടുത്തതെന്ന് അപർണ പറയുന്നു.