ബോളിവുഡിലെ സൂപ്പർ സിസ്റ്റേഴ്സിലൊരാളായ കരിഷ്മ കപൂർ അഭിനയ ജീവിതത്തെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളിൽ ഒപ്പം നിന്നവരെക്കുറിച്ചുമെഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ചർച്ചാ വിഷയം. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കരിഷ്മ ഭൂതകാലത്തിന്റെ നല്ലതും മോശവുമായ അനുഭവങ്ങളെ ഓർത്തെടുത്ത് കുറിപ്പെഴുതിയത്.

ജീവിതത്തിലെ ഓരോ നിർണ്ണായക നിമിഷത്തിലും തനിക്ക് കരുത്തും പിന്തുണയുമേകിയതും തനിക്ക് വഴികാട്ടിയായതും അമ്മ ബബിതയാണെന്നാണ് കരിഷ്മ പറയുന്നത്. അഭിനയത്തോട് ആകർഷണം തോന്നിയപ്പോഴും അഭിനയം കരിയാറായെടുക്കുന്നതിൽ നിന്ന് ആത്മവിശ്വാസമില്ലായ്മ തന്നെ പിന്നോട്ടു വലിച്ചിരുന്നെന്നും, ഒന്നു ശ്രമിച്ചു നോക്കൂ എന്നുള്ള അമ്മയുടെ ഉപദേശമാണ് തന്നെ സിനിമയിലെത്തിച്ചതെന്നും കരിഷ്മ പറയുന്നു.

ബോളിവുഡിലെ സൂപ്പർ സ്റ്റാറും തന്റെ മുത്തച്ഛനുമായ രാജ്കപൂർ നൽകിയ ഉപദേശത്തെക്കുറിച്ച് കരിഷ്മ കുറിക്കുന്നതിങ്ങനെ :-

'' ഇടയ്ക്കിടെ ഞാൻ മുത്തച്ഛനെ കാണാൻ പോകുമായിരുന്നു അദ്ദേഹത്തിന്റെ അഭിനയിക്കാനുള്ള കഴിവ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 'റാം തേരി ഗംഗാ മെയ്‌ലി' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്ന സമയത്ത് ഞാനവിടെയുണ്ടായിരുന്നു. ആ സെറ്റ് എനിക്കൊരുപാടിഷ്ടപ്പെട്ടു. ക്യാമറയും ലൈറ്റുകളുമെല്ലാം എന്നെ ആകർഷിച്ചു. എനിക്കും അഭിനേത്രിയാകണമെന്നും കുടുംബത്തിന്റെ പാരമ്പര്യം പിന്തുടരണമെന്നും ആഗ്രഹം തോന്നി. ഇതേക്കുറിച്ച് ഞാനെന്റെ മുത്തച്ഛനോട് പറഞ്ഞു.' ഇത് ഗ്ലാമറസാണ്, പക്ഷേ പനിനീർപ്പൂമെത്തയല്ല കാത്തിരിക്കുന്നത്. നീ നന്നായി കഠിനാധ്വാനം ചെയ്യണം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. എനിക്ക് അഭിനയിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്കതിനു കഴിയുമോ എന്ന് എന്റെയുള്ളിലിരുന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു.''

തനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ ആളെക്കുറിച്ച് കരിഷ്മ ഓർത്തെടുക്കുന്നതിങ്ങനെ : 

'' എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചത് അമ്മയാണ്. പ്രശസ്തമായ കുടുംബത്തിൽ ജനിച്ചിട്ടും വളരെ ലളിതമായാണ് എന്നെയും സഹോദരി കരീനയെയും അമ്മ വളർത്തിയത്. വിദ്യാഭ്യാസകാലത്ത് സ്കൂൾ ബസ്സിലും കോളജ് പഠനകാലത്ത് ലോക്കൽ ട്രെയിനിലുമായിരുന്നു ഞാനും സഹോദരിയും സ‍ഞ്ചരിച്ചിരുന്നത്. അമ്മയ്ക്ക് എന്റെ പാഷനെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എന്റെ മനസ്സിലുള്ള ആശയങ്കയെക്കുറിച്ചും അറിയാമായിരുന്നു. ഞാൻ ശ്രമിക്കുന്നതു വരെ എനിക്കതെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ റീമേക്കിലായിരുന്നു ആദ്യമായി അഭിനയിച്ചത്. എന്റെ ഏറ്റവും നല്ല പ്രകടനം തന്നെ ഞാൻ കാഴ്ചവച്ചു. ആ ചിത്രം വലിയൊരു വിജയമായിരുന്നു.''- കരിഷ്മ പറയുന്നു.

ഒരു ഗാനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും കരിഷ്മ പറയുന്നതിങ്ങനെ :- '' 1994 ലെ ഖുദർ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് വിമർശിക്കപ്പെട്ടത്. അന്ന് അമ്മ എന്നോടു പറഞ്ഞത്. നീ ഒരു അഭിനേത്രിയാണ്, ആളുകളെ രസിപ്പിക്കുക എന്നതാണ് നിന്റെ ജോലി എന്നാണ്. ഇത്തരം കാര്യങ്ങളൊന്നും അതിന് തടസ്സമാകരുതെന്നും പറഞ്ഞു. അമ്മയുടെ ആ പിന്തുണ കൊണ്ടാണ് മോശം സമയങ്ങളിലും എനിക്കെന്റെ തല ഉയർത്തിപ്പിടിച്ചു തന്നെ നടക്കാൻ സാധിച്ചത്.''

മാധുരി ദീക്ഷിതിനൊപ്പം ദിൽ തോ പാഗൽ ഹേ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ചും ദേശീയ അവാർഡ് സ്വന്തമാക്കിയതിനെക്കുറിച്ചും കരിഷ്മ കുറിച്ചതിങ്ങനെ :-

'' അന്നു തുടങ്ങി എന്റെ കഴിവുകളിൽ എനിക്ക് സംശയമില്ലാതെയായി. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ, സിംഗിൾ മോം ആയതിൽ, മറ്റുള്ളവരുമായി ബന്ധങ്ങൾ വളർത്തുന്നതിൽ ഒന്നും എനിക്ക് സംശയമില്ലാതായി. ഒരുപാട് തടസ്സങ്ങളും, നമ്മളെ തളർത്താൻ ശ്രമിക്കുന്നവരും ചില കാര്യങ്ങൾ നന്നായി നടക്കാത്തതുമൊക്കെ നമ്മളെ തളർത്തുമ്പോഴാണ് നമുക്കുള്ളിലെ യഥാർഥ കരുത്ത് നമ്മൾ തിരിച്ചറിയുന്നത്''.