അലീസിയ കൊസാക് കൊസാക്കെവിസ്ക് എന്ന യുവതിക്ക് ഇന്ന് 31 വയസ്സ്. അമേരിക്കയില്‍ ഇപ്പോൾ അറിയപ്പെടുന്ന വ്യക്തിയാണവർ. 13-ാം വയസ്സിൽ ക്രൂരമായ ഒരനുഭവം അവർക്കുണ്ടായി. ആ സംഭവം അവരുടെ ജീവിതം മാറ്റിമറിച്ചു. ഇന്ന് ലോകത്ത് മറ്റാര്‍ക്കും തനിക്കുണ്ടായ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പോരാടുന്ന വ്യക്തിയാണ് അലീസിയ. 

പീറ്റേഴ്സ്ബര്‍ഗ് എന്ന സ്ഥലത്തായിരുന്നു അലീസിയയുടെ വീട്. 13 വയസ്സുള്ളപ്പോള്‍ ഒരു ദിവസം ആ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകപ്പെട്ടു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഒരാളായിരുന്നു അക്രമി. ആകാശയാത്ര ഉപേക്ഷിച്ച് കാറിലായണ് അലീസിയയുമായി അക്രമി കടന്നത്. ആ യാത്ര അലീസിയയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കാര്‍ ഒരു ടോള്‍ ബൂത്തിനെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് പ്രതീക്ഷയായി. ടോള്‍ പിരിക്കാന്‍ നില്‍ക്കുന്നവര്‍ കാറിലേക്കു നോക്കുമെന്നും കരഞ്ഞുകൊണ്ടിരിക്കുന്ന അലീസിയയെ കാണുമ്പോള്‍ കാര്യം അന്വേഷിക്കുമെന്നും പ്രതീക്ഷിച്ചു. എല്ലാ ധൈര്യവും സംഭരിച്ച് എന്നെ തട്ടിക്കൊണ്ടുപോകുകയാണ് എന്ന് അവരോട് പറയുമെന്നും അങ്ങനെ രക്ഷപ്പെടാമെന്നുമായിരുന്നു പ്രതീക്ഷ. 

പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. അസ്വാഭാവികമായി പെരുമാറരുതെന്ന് അക്രമി നേരത്തെതന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. ടോള്‍ ബൂത്തിലെ കാവല്‍ക്കാരന്‍ കാറിലേക്ക് ഒന്ന് നോക്കിയതുപോലുമില്ല. പണം കൊടുത്ത് കാര്‍ മുന്നോട്ടുനീങ്ങി. വീണ്ടും പല പല ടോള്‍ ബൂത്തുകള്‍. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കാര്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. കാവല്‍ക്കാരെ അലീസിയ കുറ്റപ്പെടുത്തുന്നില്ല. അവര്‍ക്ക് അങ്ങനെയുള്ള പരിശീലനം കിട്ടിയിട്ടില്ല എന്നു കരുതാനേ കഴിയൂ. ദിവസങ്ങളോളം അക്രമിയുടെ തടവിലായിരുന്നു അലീസിയ. അയാള്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചു. മറ്റു പല തരത്തിലും പീഡനം ആവര്‍ത്തിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനിലൂടെ ലൈവ് സ്ട്രീമിങ്ങും നടത്തി. ദൃശ്യം കണ്ട ഒരാള്‍ അലീസിയയെ തിരിച്ചറിയുകയും അയാള്‍ നല്‍കിയ നിര്‍ദേശ പ്രകാരം അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം അലീസിയയെ രക്ഷപ്പെടുത്തുകയുമായിരുന്നു. നാലു ദിവസം ആ പെണ്‍കുട്ടി കടന്നുപോയത് വിവരിക്കാനാവാത്ത ക്രൂരതകളിലൂടെ. 

രക്ഷപ്പെട്ടതിനുശേഷം ദിവസങ്ങളോളം കൗണ്‍സലങ്ങിനു വിധേയമാകേണ്ടിവന്നു അലീസിയയ്ക്ക്. 14-ാം വയസ്സു മുതല്‍ സ്കൂളുകളിലും കോളജുകളിലും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുകയാണ് അലീസിയ. എയര്‍ലൈന്‍സ് അംബാസഡേഴ്സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് നിലവില്‍.  ചിക്കാഗോയിലെ കോളജില്‍നിന്ന് ഫൊറന്‍സിക് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അലീസിയ നേടിയിട്ടുണ്ട്. മുന്‍ വിമാനജീവനക്കാരിയായിരുന്ന നാന്‍സി റിവാര്‍ഡ് എന്ന യുവതിയാണ് എയര്‍ലൈന്‍സ് അംബാസഡേഴ്സ് ഇന്റര്‍നാഷണല്‍ എന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടന സ്ഥാപിച്ചത്. 

വിമാനത്തില്‍ ചെക് ഇന്‍ ചെയ്യുമ്പോഴും കാത്തിരിക്കുമ്പോഴുമെല്ലാം പങ്കെടുക്കാന്‍ പോകുന്ന മീറ്റിങ്ങിനെക്കുറിച്ചും യാത്രയെക്കുറിച്ചുമുള്ള ആശങ്കകളിലായിരിക്കും യാത്രക്കാര്‍. പലപ്പോഴും സഹയാത്രികരെപ്പോലും ശ്രദ്ധിക്കാന്‍ മെനക്കെടാറില്ല. ഇത് പല സംഭവങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമാകുന്നു. ഒരു നോട്ടം കൊണ്ടുപോലും സംശയകരമായ സാഹചര്യം മനസ്സിലാക്കാന്‍ സാധിക്കും. ചിലപ്പോള്‍ ആ നോട്ടത്തിന് തട്ടിക്കൊണ്ടുപോകപ്പെടുന്ന ഒരു കുട്ടിയെ രക്ഷിക്കുന്നതിലേക്കു നയിക്കാനുമാകും. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നുതുമെല്ലാം തടയാനുള്ള നടപടികളിലേക്കും ഇതു നയിച്ചേക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് വിമാന യാത്രക്കാരെയും ജീവനക്കാരെയും ബോധവത്കരിക്കാനാണ് എയര്‍ലൈന്‍സ് അംബാസഡേഴ്സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന ശ്രമിക്കുന്നത്. സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ബോധവത്കരണം നടത്തുകയാണ് അലീസിയ. ഒരിക്കല്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുള്ളതിനാല്‍ അവരുടെ വാക്കുകളില്‍ സത്യസന്ധതയുണ്ട്. നേരനുഭവത്തിന്റെ ചൂടും ചൂരുമുണ്ട്.