തപ്സി പന്നു തയാറെടുപ്പിലാണ്. തന്റെ ഏറ്റവും മികച്ച അഭിനയത്തിനും ചിത്രത്തിനും വേണ്ടി. അടുത്ത വേനല്‍ക്കാലത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് തപ്സിയുടെ പ്രതീക്ഷകള്‍. റോണി സ്ക്രീവാലയുടെ രശ്മി റോക്കറ്റ് ആണ് തപ്സിയുടെ സ്വപ്നചിത്രം. ഒരു കായികതാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഥയ്ക്കുവേണ്ടിയും കഥാപാത്രത്തിനുവേണ്ടിയും ഒരുങ്ങുകയാണ് തപ്സി. പ്രധാനമായും ശരീരത്തെ ഒരു കായികതാരത്തിന് അനുയോജ്യമാക്കി മാറ്റുകയാണ് തപ്സിയുടെ പ്രധാന ലക്ഷ്യം. 

അടുത്ത വര്‍ഷം ഫെബ്രുവരി അവസാനം ചിത്രീകരണം തുടങ്ങാനാണ് ഇപ്പോഴത്തെ പദ്ധതി. മഴക്കാലത്തും തണുപ്പുകാലത്തും ചിത്രീകരിക്കാന്‍ പറ്റാത്തതാണ് ചിത്രത്തിലെ പല സീനുകളും. വേനല്‍ക്കാലത്ത് ചിത്രീകരണം നടത്തി റിലീസിന് ഒരുക്കുകയാണ് പദ്ധതി. കായികതാരത്തിന്റെ കഥാപാത്രത്തിനു വേണ്ടി മനസ്സും ശരീരവും ഒരുക്കുമ്പോള്‍, അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും താരം ശ്രദ്ധിക്കുന്നുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തപ്സിയുടെ 'സാന്ദ് കി ആംഖ്' എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത്. നടി ഏറെ പ്രതീക്ഷ പുലര്‍ത്തിയ ചിത്രമായിരുന്നു ഇത്. സാധാരണ പ്രേക്ഷകരും നിരൂപകരും മികച്ച അഭിപ്രായമാണ് സാന്ദിനു നല്‍കുന്നത്. തിയറ്ററുകളില്‍ നിറ‍ഞ്ഞോടുന്നതിനൊപ്പം നല്ല റിവ്യൂകളും ലഭിക്കുന്നുണ്ട്. 

'വലിയ ചിത്രങ്ങളുടെ ബഹളവുമായി മത്സരിക്കാന്‍ ഞങ്ങളില്ല. ഞങ്ങളുടേത് ഒരു ചെറിയ ചിത്രമാണ്. ഗ്ലാമറിന്റെ അതിപ്രസരമില്ലാത്ത സാധാരണക്കാരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രം. ആരവവും ആര്‍ഭാടവുമില്ലെ ങ്കിലും മികച്ച പ്രേക്ഷകര്‍ ഞങ്ങളുടെ കൊച്ചുചിത്രത്തെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ'- തപ്സി പറഞ്ഞു. ഭൂമി പട്നേക്കറാണ് ചിത്രത്തില്‍ തപ്സിക്കൊപ്പം അഭിനയിക്കുന്നത്. പ്രകാശ് ഝാ, വിനീത് കുമാര്‍ സിങ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഹൗസ്ഫുള്‍, മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ വലിയ ചിത്രങ്ങളുമായാണ് സാന്ദ് മത്സരിക്കുന്നത്. 

'സാന്ദ് കി ആങ്ക് തപ്സിയുടെ മാതാപിതാക്കളെയും കാണിച്ചു. അവര്‍ക്കുവേണ്ടി പ്രത്യേക പ്രദര്‍ശനം നടത്തുകയായിരുന്നു. അച്ഛനും അമ്മയും ചിത്രം കണ്ടിട്ട് വലിയ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല. അവസാനം ഞാന്‍ അഭിനയിക്കാന്‍ പഠിച്ചു എന്ന് അമ്മ പറഞ്ഞു. ചിത്രം കണ്ടപ്പോള്‍ അമ്മ കരയുകയും ചെയ്തു. അച്ഛന്‍ ഒന്നും പറയാതെ വാ തുറന്ന് ചിരിക്കുകയാണ് ചെയ്തത്. രണ്ടുപേര്‍ക്കും ചിത്രം ഇഷ്ടമായെന്നാണ് പ്രതികരണത്തില്‍നിന്നു ബോധ്യമായത്'- തപ്സി പറഞ്ഞു. 

English Summary : Taapsee Pannu, Saand Ki Aankh, Mothers Reaction