സൈസ് സീറോ ഫിഗർ കൊണ്ടോ, അതിഗംഭീര കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ തിളങ്ങിയതുകൊണ്ടോ അല്ല, കരീന കപൂർ ബോളിവുഡിലെ മികച്ച അഭിനേത്രികളുടെ പട്ടികയിൽ ഇടം പിടിച്ചത്. മറിച്ച് തന്റെ താരപ്രഭയെക്കുറിച്ചും, ഇൻഡസ്ട്രിയെക്കുറിച്ചും, സമൂഹമാധ്യമങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യത്തോടെ പെരുമാറുന്ന സ്വഭാവം കൊണ്ടുകൂടിയാണ്.

സമൂഹമാധ്യമങ്ങളാണ് എല്ലാം എന്നു ചിന്തിക്കുന്ന ആളുകളോടും മറ്റുള്ളവർ എന്തു പറയും എന്ന ചിന്തകൊണ്ട് സ്വയം അളക്കുന്നവരോടും കരീനയ്ക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഒരാൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനെ ഭ്രാന്ത് എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്ന് അവർ പറയുന്നു. അതു തന്നെയാണ് ഏറ്റവും ദുഃഖകരമായ സംഗതിയും. ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യങ്ങളിൽ നോക്കിയിരുന്ന് വെറുതെ സമയംകൊല്ലുകയാണ് ആളുകൾ. ജീവിക്കാൻ മറന്നുകൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഒഴിവു സമയം കിട്ടുമ്പോൾ സമൂഹമാധ്യമങ്ങളിൽ നോക്കിയിരിക്കാതെ ഒരു പുസ്തകം വായിക്കാനാണ് ഞാൻ ശ്രമിക്കുക.

സമൂഹമാധ്യമങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇതാദ്യമായല്ല കരീന തുറന്നു പറയുന്നത്. ഇത്തരം തുറന്നു പറച്ചിലിലൂടെ എന്തുകൊണ്ടാണ് താൻ സമൂഹമാധ്യമങ്ങളിൽ ഇല്ലാത്തത് എന്നതു കൂടി വ്യക്തമാക്കുകയാണ് താരം. കരിയറിന്റെ കാര്യമെടുക്കുകയാണെങ്കിൽ  അക്ഷയ് കുമാറിനൊപ്പമുള്ള ഗുഡ് ന്യൂസ് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

English Summary: Kareena Kapoor thinks because of social media, people 'cannot love themselves'