സെക്സ് കോമഡി ഞാൻ ചെയ്യില്ല; തപ്സി പന്നു
സെക്സ് കോമഡി സിനിമ ചെയ്യാന്‍ എളുപ്പമായിരിക്കും. ആളുകളെ ആകര്‍ഷിക്കുകയും ചെയ്യാം. പക്ഷേ, പണത്തിനോ പ്രശസ്തിക്കോ വേണ്ടി അത്തരമൊരു റോള്‍ ഏറ്റെടുക്കാന്‍ തയാറില്ലെന്നു പറയുന്നു ബോളിവുഡ് താരം തപ്സി പന്നു. അത്തരം സിനിമകള്‍ സ്ത്രീകളെക്കുറിച്ച് സമൂഹത്തില്‍ മോശമായ ധാരണ ഉണ്ടാക്കുന്നവയാണ്. സ്ത്രീകളെ പരിഹസിച്ചും അപമാനിച്ചും പണമോ പ്രശസ്തിയോ ഞാന്‍ ആഗ്രഹിക്കുന്നില്ല-തപ്സി വ്യക്തമാക്കുന്നു.
'ബി ഇറ്റ് പിങ്ക്, നാം ഷബാന, മള്‍ക്ക്, അടുത്തിടെ പുറത്തിറങ്ങിയ സാന്ദ് കി ആംഘ്' എന്നിവയെല്ലാം തപ്സിയുടെ ധൈര്യവും അഭിനയ ശേഷിയും പ്രകടമാക്കിയ ചിത്രങ്ങളാണ്. തമിഴില്‍ ഗ്ലാമര്‍ റോളുകളിലൂടെയായിരുന്നു തപ്സിയുടെ അരങ്ങേറ്റമെങ്കിലും ബോളിവുഡില്‍ അഭിനയിച്ച ഒരു ചിത്രത്തില്‍പ്പോലും പരിധി വിട്ട് ഗ്ലാമറിന്റെ പിന്നാലെ പോകാന്‍ തപ്സി തയാറായിട്ടില്ല. അത്തരം വേഷങ്ങള്‍ തനിക്ക് കിട്ടാത്തതുകൊണ്ടല്ല, മറിച്ച് താന്‍ അവസരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നു വ്യക്തമാക്കുകയാണ് താരം.
ഒരു പ്രശസ്ത ബോളിവുഡ് സിനിമയില്‍ ഐറ്റം സോങ് ചെയ്യാന്‍ എനിക്കു ക്ഷണം കിട്ടിയിരുന്നു. പക്ഷേ, ഓഫര്‍ ഞാന്‍ നിരസിച്ചു- തപ്സി പറയുന്നു. ഞാന്‍ നായികയാകുന്ന ചിത്രത്തില്‍ അത്തരമൊരു നൃത്തരംഗം അത്യാവശ്യമാണെങ്കില്‍ അതു ചെയ്യുന്നതിന് എനിക്കു മടിയില്ല. പക്ഷേ, നൃത്തത്തിനുവേണ്ടി മാത്രമായി ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ഒരുക്കമല്ല- തപ്സി പറയുന്നു.
ഭാവിയില്‍ എന്തൊക്കെ വിചിത്രമായ റോളുകളില്‍ അഭിനയിക്കേണ്ടിവന്നാലും സെക്സ് കോമഡിക്ക് താന്‍ ഇല്ലെന്നും തപ്സി പറയുന്നു. സ്ത്രീകളെ പരിഹസിക്കുന്നവയാണ് ഇതുവരെ ഞാന്‍ കണ്ട സെക്സ് കോമഡി ചിത്രങ്ങളെല്ലാം. ഒരു കാര്യം പറയുകയും മറ്റൊന്ന് ഉദ്ദേശിക്കുകയും സ്ത്രീകളെ പരിഹസിച്ചു ചിരിക്കുകയും ചെയ്യുന്ന വേഷങ്ങള്‍ എനിക്കൊരിക്കലും വേണ്ട. അവ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. പക്ഷേ, എനിക്കൊരിക്കലും അത്തരമൊരു റോളില്‍ തിളങ്ങാന്‍ ആഗ്രമഹമില്ല- തപ്സി പറയുന്നു.
ജാക്വലിന് ഫെര്‍ണാണ്ടസിനൊപ്പം മുന്‍പ് ഒരു സിനിമയില്‍ ബിക്കിനിയില്‍ തപ്സി അഭിനയിച്ചിരുന്നു. അതത്ര എളുപ്പമായിരുന്നില്ലെന്നാണ് നടിയുടെ നിലപാട്. ശരീരം സീറോ സൈസിലാക്കുകയും ബിക്കിനിയില്‍ സുന്ദരിയായിരിക്കുകയും ചെയ്യണമെങ്കില്‍ കടുത്ത അധ്വാനം വേണം. അത്തരമൊരു വേഷം ബോളിവുഡിലും താന്‍ ചെയ്യുന്നുണ്ടെന്നും അടുത്തുതന്നെ പ്രതീക്ഷിക്കാമെന്നും നടി പറഞ്ഞു.
ഒരു സിനിമയുടെ ഓഫര്‍ വരുമ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. കഷ്ടപ്പെട്ട് അധ്വാനിച്ച പണം ഈ സിനിമയ്ക്കു വേണ്ടി ചെലവഴിച്ചാല്‍ എനിക്കു മുതലാകുമോ ? എന്റെ വിലപ്പെട്ട സമയത്തില്‍ മൂന്നു മണിക്കൂര്‍ ചെവഴിക്കാനുള്ള മൂല്യം സിനിമയ്ക്കുണ്ടോ. ഈ രണ്ടു ചോദ്യത്തിനും ഒരു പ്രേക്ഷകയെന്ന നിലയില്‍ ഉത്തരം കിട്ടിയാല്‍ മാത്രമാണ് ഞാന്‍ അഭിനിയിക്കുന്നത്- തപ്സി നയം വ്യക്തമാക്കുന്നു.
English Summery: Taapsee Pannu would never do a sex comedy