യാത്രാബാഗിന്റെ ഭാരം കുറയ്ക്കാൻ യുവതികൾ ചെയ്യുന്ന സൂത്രപ്പണികളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിലിടം പിടിക്കാറുണ്ട്. അഞ്ചും ആറും വസ്ത്രങ്ങളൊക്കെ ഒരുമിച്ച് ധരിച്ചുകൊണ്ട് പല പെൺകുട്ടികളും പരസ്യമായി യാത്ര ചെയ്യാറുണ്ട്. എന്നാൽ ട്രാവൽ ബ്ലോഗർ കൂടിയായ റെബേക്ക ആൻഡ്രൂസ് പിടിക്കപ്പെട്ടത് അതിബുദ്ധി വിനയായതോടെയാണ്.

60 ഡോളർ ഏകദേശം 4,242.57 രൂപ ലാഭിക്കുവാൻ വേണ്ടിയാണ് അവർ ഒരു കളവ് ചെയ്തത്. യാത്രയ്ക്ക് ഒപ്പം കൊണ്ടുപോകുന്ന പെട്ടിയിൽ വയ്ക്കാൻ കഴിയാത്ത സാധനങ്ങൾ ഒരു തുണിയിൽ ചുരുട്ടി വയറിന്റെ ഭാഗത്തുവച്ചു, ലാപ്ടോപ് പുറത്തും വച്ചുകെട്ടി.അതിനു ശേഷം ഒരു വലിയ ജാക്കറ്റ് ധരിച്ചു. ഗർഭിണിയാണെന്ന നാട്യത്തിൽ ലഗേജുമായി യാത്രചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി.

എന്നാൽ എയർപോർട്ടിലൂടെ നടക്കുമ്പോൾ യുവതി പുറകിലെ പോക്കറ്റിൽ നിന്ന് ടിക്കറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ലാപ്ടോപ് ഊർന്ന് നടുവിന്റെ ഭാഗത്തു തടഞ്ഞു നിന്നു. ഇതു ശ്രദ്ധിച്ച എയർപോർട്ട് അധികൃതർ യുവതിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടു വരുകയും അധികം കൊണ്ടുവന്ന വസ്തുക്കളുടെ പിഴ അടപ്പിക്കുകയും ചെയ്തു. ആസ്ട്രേലിയയിലെ ജെറ്റ്സ്റ്റാർ എയർലൈനിൽ യാത്ര ചെയ്യുന്നതിനു മുൻപായിരുന്നു യുവതിയുടെ വ്യാജഗർഭ നാടകം പൊളിഞ്ഞത്.

ട്രാവൽ ബ്ലോഗർ കൂടിയായ റെബേക്ക ആൻഡ്രൂസ് താൻ വ്യാജഗർഭമുണ്ടാക്കിയതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു.  ട്രാവൽ വെബ്സൈറ്റായ എസ്കേപ്പിനു വേണ്ടിയാണ് വ്യാജഗർഭമുണ്ടാക്കിയതിന്റെ വിവിധ ഘട്ടങ്ങൾ അവർ ചിത്രീകരിച്ചത്.

യുവതിയുടെ അതിബുദ്ധിയെ തങ്ങൾ അഭിനന്ദിക്കുന്നുവെന്നും, എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളൊക്കെ കൃത്യമായി കണ്ടുപിടിക്കാൻ തക്ക ബുദ്ധിയുള്ള ആളുകൾ തങ്ങളുടെ ടീമിലുണ്ടെന്നുമാണ് ഈ വിഷയത്തിൽ എയർപോർട്ട് അധികൃതർ പ്രതികരിച്ചത്. പിടിക്കപ്പെട്ടതിൽ ചമ്മലോ ലജ്ജയോ ഒന്നും തോന്നിന്നില്ലെന്നാണ് റെബേക്ക പറയുന്നത്.

English Summary :  Woman Caught With Fake Baby Bump