സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരു വിസിറ്റിങ് കാർഡ് തംരംഗമായി. അതിന്റെ ഉടമസ്ഥയെ തേടിയുള്ള പരക്കം പാച്ചിലിലായിരുന്നു മാധ്യമപ്രവർത്തകരുൾപ്പടെയുള്ളവർ. അവരുടെ ആ തിരച്ചിൽ അവസാനിച്ചത് ഗീത മൗഷി എന്ന വീട്ടുജോലിക്കാരിയുടെ മുന്നിലാണ്. 

ഹൃദയത്തിൽ തട്ടുന്നൊരു കഥ പറയാനുണ്ട് ആ വിസിറ്റിങ് കാർഡിന്. പൂനെയിലെ പല സ്ഥലങ്ങളിലെ വീട്ടുജോലി ചെയ്തു വരുകയായിരുന്നു ഗീത. അവർ വീട്ടുജോലിക്കു പോയിരുന്ന ഒരു വീട്ടിലെ ഉടമസ്ഥയായ ധനശ്രീ ഷിൻഡെ ജോലി കഴിഞ്ഞു തിരികെയെത്തിയപ്പോൾ സങ്കടപ്പെട്ടിരിക്കുന്ന ഗീതയെയാണ് കണ്ടത്. കാരണം തിരക്കിയപ്പോൾ തന്റെ ജോലി പോയെന്നും മാസം 4000 രൂപയുടെ കുറവു വരുമെന്നും അവർ സങ്കടത്തോടെ പറഞ്ഞു.

വീട്ടുജോലിക്കാരിയുടെ സങ്കടങ്ങളെ ഒരു ചെവിയിൽക്കൂടി കേട്ടു മറു ചെവിയിൽക്കൂടി ഇറക്കിവിടാൻ ധനശ്രീ ഒരുക്കമല്ലായിരുന്നു. ഒരു നല്ല കാര്യത്തിനു വേണ്ടി തന്റെ ബ്രാൻഡിങ് സ്കിൽ ഉപയോഗിക്കാൻ അവർ തീരുമാനിച്ചു. 24 മണിക്കൂർകൊണ്ട് അതിമനോഹരമായ ഒരു വിസിറ്റിങ് കാർഡ് ഗീതയ്ക്കായി ഒരുക്കുകയും അതിന്റെ 100 പ്രിന്റെടുത്ത് സൊസൈറ്റി വാച്ച്മാന്റെ സഹായത്തോടെ വിതരണം ചെയ്യുകയും ചെയ്തു. അയൽപക്കക്കാരുടെ ഇടയിൽ മാത്രമല്ല ഒറ്റരാത്രികൊണ്ട് അത് വെർച്വൽ ലോകത്തും തരംഗമായി. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് അതിന് ലഭിച്ചത്. വിസിറ്റിങ് കാർഡ് തരംഗമായതോടെ ഗീതയുടെ ഫോണിന് വിശ്രമമില്ലാതായി.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഗീതയ്ക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. ഒരു കുഞ്ഞു മനസ്സിൽ തോന്നിയ ചെറിയ നന്മയിൽ നിന്നാണ് ഒരാളുടെ ജീവിതം മാറിമറിയാൻ പോന്ന അവസരങ്ങൾ ലഭിച്ചത്. അസ്മിത ജാവേദ്കർ എന്ന യുവതിയാണ് ചെറിയ, വലിയ നന്മയുടെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 1200 ൽ അധികം ലൈക്കുകളും 300 ൽ അധികം ഷെയറുകളുമായി രണ്ടു പെണ്ണുങ്ങളുടെ നന്മയുടെ കഥ വെർച്വൽ ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുകയാണ്.

English Summary : Pune maid's viral visiting card