ഇന്ത്യയിലും പുതിയ തംരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന സ്റ്റാന്‍ഡ് അപ് കോമഡിയില്‍ കൈവച്ച് ബോളിവുഡ് താരങ്ങളും. ആമസോണിന്റെ ഉടന്‍തന്നെ വരുന്ന പരമ്പരയുടെ പ്രചാരണാര്‍ഥമാണ് ബോളിവുഡ് താരങ്ങള്‍ സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിക്കുന്ന രംഗങ്ങളുടെ ടീസറുകള്‍ പുറത്തിറക്കിയത്. ഒരു സദസ്സിനു മുന്നില്‍ ഏകയായി നിന്ന് തമാശ പറയാന്‍ തങ്ങളാരും മോശമല്ലെന്നു തെളിയിച്ചിരിക്കുകയാണ് മിക്ക താരങ്ങളും. നടിമാരായ റിച്ച ഛദ്ദ, തപ്സി പന്നു, ഗായകന്‍ വിശാല്‍ ദാദ്‍ലാനി എന്നവര്‍ സ്റ്റാന്‍ഡ് അപ് കോമഡിയില്‍ കൈവയ്ക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന റിച്ച ഛദ്ദയുടെ കോമഡി സീനില്‍ വിവാഹത്തെക്കുറിച്ചാണ് നടി പറയുന്നത്. പ്രശസ്തയായ നടിയാണെങ്കിലും കാനിലേക്കു വരെ തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിലെ നായികയായെങ്കിലും തന്റെ ഒരു അമ്മായി ഇപ്പോഴും വേവലാതിപ്പെടുന്നത് തന്റെ വിവാഹത്തെക്കുറിച്ചാണെന്നു പറയുന്നു റിച്ച. പതിവായി പിതാവിനെ വിളിക്കുന്ന അമ്മായിക്ക് എന്നും ചോദിക്കാനുള്ളത് ഒരേ ചോദ്യമാണ്- എന്താണ് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയയ്ക്കാത്തത് ?

ഒടുവില്‍ റിച്ച, അലി ഫസലുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ഇതേ അമ്മായി കാലുമാറി. 

ജോലി ചെയ്യുമ്പോള്‍ അതു മാത്രമേ ശ്രദ്ധിക്കാവൂ. ജോലിക്കിടെ പ്രണയിക്കാന്‍ പോയാല്‍ എല്ലാം തകിടം മറിയും. ജോലി പ്രാര്‍ഥന പോലെയാണ്. ഏകാഗ്രത വേണം. ആ പെണ്‍കുട്ടിയെ സൂക്ഷിക്കണേ... ഇതായിരുന്നത്രേ അമ്മായിയുടെ കമന്റ്. അലി ഫസല്‍ കൂടി സദസ്യര്‍ക്കൊപ്പം ഇരുന്ന വേദിയിലാണ് റിച്ച ഇതു പറഞ്ഞത്. അലിയുള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചുപോയി. 

റിച്ച ഛദ്ദ

ഒരിക്കല്‍ ഒരു അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ കഥയാണ് തപ്സി പന്നു സ്റ്റാന്‍ഡ് അപ് കോമഡിയായി അവതരിപ്പിച്ചത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും തനിക്ക് മൂന്നു വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് നടി പറയുന്നു. മനോഹരം, ചൂടന്‍ ചിത്രം എന്നൊക്കെ ഫെയ്സ്ബുക്കില്‍ കമന്റുകള്‍ ലഭിച്ചു. 

ട്വിറ്ററില്‍ പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ ഡല്‍ഹിയിൽ നിന്നാണെന്ന് അവര്‍ക്കറിയില്ലേ... എന്നായിരുന്നു തപ്സിയുടെ തമാശ. അശ്ലീല കമന്റുകള്‍ എഴുതിയവരോട് നടി ഒരു കാര്യം കൂടി പറഞ്ഞു. കുറച്ച് ഡീസന്റായി എഴുതിക്കൂടേ... എനിക്ക് പ്രശ്നമുള്ളതുകൊണ്ടല്ല, നിങ്ങളുടെ അച്ഛനമ്മമാരും ഇതു കാണുന്നുണ്ടാകും എന്നതുകൊണ്ടാണ്. 

പ്രണയത്തിലായ ചില പുരുഷന്‍മാര്‍ തങ്ങളുടെ കാമുകിമാരെക്കുറിച്ച് ‘ അവള്‍ക്ക് വട്ടാണ്’  എന്ന് പറയുന്നതിനെക്കുറിച്ചായിരുന്നു ഗായകന്‍ വിശാല്‍ ദാദ്‍ലാനിയുടെ തമാശ. ഇങ്ങനെ പറയുന്ന കാമുകന്‍മാര്‍ക്കാണ് ശരിക്കും മാനസിക പ്രശ്നമെന്നും പെണ്‍കുട്ടികള്‍ക്ക് പ്രശ്നമൊന്നും കാണില്ലെന്നും കൂടി അദ്ദേഹം പറഞ്ഞു. 

English Summary : Richa Chadha And Tapsee Pannu Talks About Wedding And Trolls