ഫിറ്റ്നസ് സീക്രട്ടുകൾ മാത്രമല്ല കുടുംബജീവിതത്തിലെ സുന്ദര നിമിഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ബോളിവുഡ് താരം ശിൽപാ ഷെട്ടി. ഇക്കുറി ഒരു ഫിറ്റ്നസ് ചാറ്റ് ഷോയിലൂടെ താരം തുറന്നു പറഞ്ഞത് ബന്ധങ്ങളിലെ സമ്മർദ്ദങ്ങളെക്കുറിച്ചും ജീവിതത്തിലെ സങ്കീർണതകളെക്കുറിച്ചുമാണ്.

ബിസിനസ്സ്മാനായ രാജ് കുന്ദ്രയാണ് ശിൽപയുടെ ഭർത്താവ്. രാജ്കുന്ദ്ര–ശിൽപ ദമ്പതികൾക്ക് ഒരു മകനാണുള്ളത്. ഷോയിക്കിടയിൽ തൊണ്ണൂറുകളിലെ പ്രണയവും ജീവിതവും ചർച്ചയായപ്പോൾ തൊണ്ണൂറുകളിൽ പ്രണയവും ജീവിതവും വളരെ ലളിതമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ശിൽപ പറഞ്ഞതിങ്ങനെ:-

''ഞങ്ങൾക്ക് അന്ന് ഫോൺ ഇല്ലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലോ അല്ലെങ്കിൽ 90 നോ 96 നോ ഇടയ്ക്കാണ് മൊബൈൽ പ്രചാരത്തിലായത്. എനിക്ക് തെറ്റിയിട്ടില്ല എന്നാണ് വിശ്വാസം. ആ സമയത്ത് മൊബൈൽ സ്വന്തമാക്കുക എന്നത് സാധ്യമല്ലായിരുന്നു. എന്നെ വിശ്വസിക്കണം. കാരണം അന്നത്തെക്കാലത്ത് അത് വളരെ ചെലവേറിയ ഒന്നായിരുന്നു''.

90കളിലെ പ്രണയത്തിന്റെ ലാളിത്യത്തെക്കുറിച്ചും ശിൽപയ്ക്ക് ഏറെ പറയാനുണ്ട്:-

''അത് വളരെ ലളിതമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനെ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. ഇന്ന് ജീവിതം വളരെ സങ്കീർണ്ണമാണ്. നമ്മൾ തന്നെയാണ് അതിനെ ഇങ്ങനെ സങ്കീർണ്ണമാക്കിയത്. ഇന്ന് ബന്ധങ്ങളുടെ മേൽ ഒരുപാട് സമ്മർദ്ദങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് നിങ്ങൾ അതിന്റെ ഒഴുക്കിൽ സഞ്ചരിക്കുന്നതാണ് നല്ലതെന്നാണ്''.

English Summary : Shilpa Shetty says life has become very complicated today