ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സിനിമയെ ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ സമൂഹം അവരെ ഉള്‍ക്കൊള്ളാന്‍ മടിക്കുമെന്ന അഭിപ്രായവുമായി ഒരു ബോളിവുഡ് നടി. നടി സരീൻ ഖാനാണ്  ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു വേണ്ടി സംസാരിക്കുന്നത്. 'ഹം ഭി അകേലേ തും ഭി അകേലേ' എന്ന വരാനിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറിന്റെ വേഷത്തിലാണ് സറീന അഭിനയിക്കുന്നത്.

‘സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അത് സമൂഹത്തിനു നല്‍കുന്ന സന്ദേശത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ഈ കഥ തീര്‍ച്ചയായും സിനിമയാകണമെന്നും. സ്വവര്‍ഗ്ഗ സ്നേഹത്തെ നിയമവിരുദ്ധമായി കാണുന്ന നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞെങ്കിലും മുതിര്‍ന്ന തലമുറ ഇപ്പോഴും ട്രാന്‍സ്ഡെന്‍ഡറുകളെ ഉള്‍ക്കൊള്ളാനും അവരെ മനസ്സിലാക്കാനും തയാറായിട്ടില്ല. അവരും മനുഷ്യരാണ്, നമ്മള്‍ ഓരോരുത്തരെയും പോലെ. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തമാണെന്നതുകൊണ്ടുമാത്രം അവരെ വെറുക്കുന്നത് നന്നല്ല. പുതിയ തലമുറ ട്രാന്‍സ്ജെന്‍ഡറുകളെ കുറെയൊക്കെ ഉള്‍ക്കൊണ്ടു കഴിഞ്ഞു. സമൂഹം പിന്തുണച്ചില്ലെങ്കില്‍ അവര്‍ എങ്ങനെയാണ് സ്വതന്ത്രമായി ജീവിക്കുന്നത്, ചിന്തിക്കുന്നത് ? -സറീന്‍ ഖാന്‍ ചോദിക്കുന്നു. 

ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രശ്നങ്ങള്‍ താന്‍ ജീവിതത്തില്‍ നേരിട്ടു മനസ്സിലാക്കിയിട്ടുണ്ടെന്നും സരീന്‍ ഖാന്‍ പറയുന്നു.

‘ എനിക്കൊരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുണ്ടായിരുന്നു. അയാളുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തിരക്കിട്ട് ആലോചിക്കുന്നു. അനുയോജ്യയായ പെണ്‍കുട്ടിയെ അവര്‍ തേടുകയാണ്. പക്ഷേ, തനിക്ക് പെണ്‍കുട്ടികളോട് താല്‍പര്യമില്ലെന്നു പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. വീട്ടുകാര്‍ യാഥാസ്ഥിതികമായി ചിന്തിക്കുന്നവരാണ്. ട്രാന്‍ജെന്‍ഡര്‍ സമൂഹം നേരിടുന്ന യഥാര്‍ഥ പ്രശ്നം ഇതുതന്നെയാണ്. നമുക്കു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. സിനിമ പോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമങ്ങളിലൂടെ ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുക. സമൂഹത്തില്‍ അവര്‍ക്കും സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തുക'- സരീന്‍ ഖാന്‍ പറയുന്നു. 

'ഹം ഭി അകേലേ തും ഭി അകേലേ' എന്ന ചിത്രം പറയുന്നത് ‍ട്രാന്‍സ്ജെന്‍ഡറുകളായ രണ്ടുപേരുടെ കഥയാണ്. സരീന്‍ ഖാനും അനുഷുമാന്‍ ഝായുമാണ് രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം ഹരീഷ് വ്യാസ്. നിര്‍മാണവും അന്‍ഷുമാന്‍ ഝാ തന്നെ. മാന്‍ഹാട്ടനില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. 

ഗ്ലാമര്‍ റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള എനിക്ക് ഇത്തരമൊരു വേഷം ഇണങ്ങുമോ എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടായിരുന്നു. ഓഡിഷന്‍ നടത്തിയാണ് എന്നെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തോടും കഥാപാത്രത്തോടും എനിക്ക് ഇഷ്ടം കൂടുതലാണ്- സരീന്‍ ഖാന്‍ പറയുന്നു. 

English Summary : Homosexuality should be addressed in cinema Says Zareen Khan