കരിയറിൽ‌ ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സമയത്ത് സെക്സ് കോമഡികൾ മാത്രം ചെയ്യാനേ ആളുകൾ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് ബോളിവുഡ് നടി രാധിക ആപ്തേ. പ്രൊജക്റ്റുകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളെക്കുറിച്ച് സംസാരിക്കവേയായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഫിലിംമേക്കേഴ്സിന്റെ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും യോജിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ ആ പ്രൊജക്റ്റ് ഏറ്റെടുക്കില്ലെന്നു പറഞ്ഞപ്പോഴാണ് ഒരു കാലത്ത് തന്നെത്തേടി തുടർച്ചയായി സെക്സ് കോമഡി അവസരങ്ങൾ എത്തിയതിനെക്കുറിച്ച് താരം പരാമർശിച്ചത്.

'ബദലാപുർ' എന്ന ചിത്രത്തിലെ ഒരു സീനിൽ താൻ ചെയ്ത കഥാപാത്രത്തെ ഒരാൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബലമായി അയാൾ ഇരയെ വിവസ്ത്രയാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങൾ കണ്ടതിനു ശേഷമാണ് പലരും സെക്സ് കോമഡി പ്രൊജക്റ്റുകളുമായി തന്നെ സമീപിച്ചതെന്നും രാധിക പറയുന്നു.

''എനിക്കതിശയം തോന്നുന്നു. 'ബദലാപുർ' എന്ന ചിത്രത്തിൽ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യൻ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തതു കണ്ട് ആ കഥാപാത്രം ചെയ്ത സ്ത്രീക്ക് സെക്സ് കോമഡികളിലേക്ക് ക്ഷണം ലഭിക്കുക. ഒരു ഹ്രസ്വചിത്രത്തിലും വിവസ്ത്രയാകുന്ന രംഗമുണ്ട്. 'അഹല്യ' എന്ന ആ ഹ്രസ്വചിത്രവും ബദലാപുരും കണ്ട് ഞാൻ കാമാതുരയായ ഒരു സ്ത്രീയാണെന്ന് കരുതിയെന്നും അതുകൊണ്ടാണ് സെക്സ് കോമഡികൾക്ക് ക്ഷണിച്ചതെന്നുമായിരുന്നു പലരുടെയും വിശദീകരണം. കാമാതുരയായി എവിടെയാണ് അഭിനയിച്ചതെന്ന് ചോദിച്ചപ്പോഴായിരുന്നു ബദൽപൂരിലെയും അഹല്യയിലെയും ദൃശ്യങ്ങളെക്കുറിച്ച് അവർ പരാമർശിച്ചത്. അവിടെയാണ് നിങ്ങൾക്ക് തെറ്റിയതെന്നും ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും ഞാൻ അവരോടു പറഞ്ഞു''.

കരിയറിൽ ഗുണം ചെയ്യുമെന്ന് തീർത്തും ഉറപ്പില്ലാത്ത കുറേ പ്രൊജക്റ്റുകൾ വേണ്ടെന്നു വച്ചതിനെക്കുറിച്ച് രാധിക പറയുന്നതിങ്ങനെ :-

''പുരോഗമന വാദികൾ എന്നു പറഞ്ഞുകൊണ്ട് പലരും എഴുതാറുണ്ട്. പുരുഷന്മാരെ വെറുക്കുന്നതല്ല പുരോഗമനവാദം. ഒരു കഥ പറയുമ്പോൾ ഒരു സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിലൊക്കെ നമ്മൾ ചില ഇടപെടലുകളാണ് നടത്തുന്നത്. നിങ്ങളുടെ വ്യാഖ്യാനങ്ങളും കാഴ്ചപ്പാടുകളുമൊക്കെ അത്രത്തോളം തന്നെ പ്രധാനമാണ്. എനിക്ക് ഒരു മെയിൽഷോവനിസ്റ്റായി  അഭിനയിക്കാൻ സാധിക്കും. പക്ഷേ കാഴ്ചപ്പാടനുസരിച്ച് നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യമാണ് ഏറ്റവും പ്രധാനം. ഫിലിംമേക്കറുടെ കാഴ്ചപ്പാടിനോടോ, വ്യാഖ്യാനങ്ങളോടോ ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത ഒരു ചിത്രം ഞാനൊരിക്കലും ചെയ്യില്ല''.

'സ്ത്രീയുടെ പ്രതികാരത്തെക്കുറിച്ചുള്ള ഒരു കഥയുണ്ട്. ആ പ്രതികാരത്തെ ന്യായീകരിക്കുന്നതിന് മാനഭംഗം പോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. സ്ത്രീകളോടു മോശമായി പെരുമാറുന്നവരോട് അവർക്ക് തിരിച്ചും അതേ നാണയത്തിൽ പെരുമാറാൻ കഴിയണം. പക്ഷേ പുരുഷന്മാരെപ്പോലെ സ്ത്രീ പെരുമാറണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.  പക്ഷേ സ്ത്രീകൾ ഒരിക്കലും പുരുഷനെപ്പോലെയാകാൻ ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാടു ചിത്രങ്ങൾ എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചാണെന്ന് കേട്ടാൽ സമത്വത്തെക്കുറിച്ചാണ് സംസാരമെന്നൊക്കെയാണ് പലരുടെയും അഭിപ്രായം. ഒരുപാടു വേദികളിൽ ഇതു സംബന്ധിച്ച് എനിക്ക് ഭൂരിപക്ഷവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റോ, ശരിയോ, നല്ലതോ, ചീത്തയോ എന്നൊന്നും എനിക്കറിയില്ല''.

കാര്യങ്ങൾ തുറന്നു പറയുന്നതുകൊണ്ട് ഒറ്റപ്പെടൽ അനുഭവിക്കാറുണ്ടോയെന്നൊക്കെ പലരും ചോദിക്കും. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ പേരും പ്രശസ്തിയുമൊക്കെ ലഭിക്കും. പക്ഷേ ഇതൊരു വ്യക്തിപരമായ യാത്രയാണ്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്കിനിയും വളരണം. വെല്ലുവിളികൾ വന്നാലേ വളരാൻ കഴിയൂ. കോംപ്രമൈസ് ചെയ്യുന്ന തരത്തിൽ മാത്രം ചിത്രങ്ങൾ വന്നാൽ എങ്ങനെ വളർച്ചയുണ്ടാകാനാണ്. പരമ്പരാഗത സങ്കൽപ്പങ്ങളെ ലംഘിക്കുന്ന ചില സിനിമകളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

English Summary : People assumed that Radhika played a "seductress" in the movie