മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യം പോലും വെളിപ്പെടുത്താൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ഒരു മടിയും കാണിക്കാറില്ല. അങ്ങനെയാണ് ഒരു കാലത്ത് താൻ വിഷാദരോഗിയായിരുന്നുവെന്ന കാര്യം പോലും അവർ തുറന്നു പറഞ്ഞത്. ലോകം ആരാധിക്കുന്ന താരത്തെ തങ്ങൾ ബഹുമാനിക്കുന്നത് അവരുടെ ഈ തുറന്ന മനോഭാവം കൊണ്ടുകൂടിയാണന്ന് ആരാധകർ തുറന്നു സമ്മതിക്കുന്നതും അതുകൊണ്ടു കൂടിയാണ്.

ഏതൊരു രോഗത്തെയും പോലെ തന്നെയാണ് വിഷാദരോഗവും എന്നു പറഞ്ഞുകൊണ്ട് സ്വന്തം രോഗാവസ്ഥ വെളിപ്പെടുത്തി മറ്റുള്ളവർക്ക് പ്രചോദനമായ താരം ഇക്കുറിയും ഒരു ധീരമായ ചുവടിലൂടെയാണ് വാർത്തകളിലിടം പിടിക്കുന്നത്. ചുറ്റും സന്തോഷമുള്ളപ്പോഴും ഒരാൾ തീർത്തും ഒറ്റപ്പെടുന്നതെങ്ങനെയാണെന്നും മാനസിക സമ്മർദ്ദം അനുഭവിക്കുന്നതെങ്ങനെയാണെന്നും ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെയാണ് ദീപിക വ്യക്തമാക്കിയത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 300 ലോകമെമ്പാടുമുള്ള 300 മില്യണിലധികം ജനങ്ങൾ നിശ്ശബ്ദരായി, രോഗത്തെക്കുറിച്ച് തിരിച്ചറിയാൻ കഴിയാതെ ജീവിക്കുന്നുണ്ട്. ' അമ്മയെപ്പോലെ, നിങ്ങളോട് അടുത്തു നിൽക്കുന്ന ഒരാൾക്കു മാത്രമേ നിങ്ങളിലുള്ള മാറ്റങ്ങൾ തിരിച്ചറിയാനാകൂ' എന്നാണ് ദീപിക പറഞ്ഞത്.

വർഷങ്ങൾക്കു മുൻപ് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞപ്പോൾ അതിനെക്കുറിച്ച് ലോകത്തോടു തുറന്നു പറയുകയും സമാനപ്രശ്നം അനുഭവിക്കുന്നവർക്കുവേണ്ടി ലിവ് ലവ് ലാഫ് എന്ന ഫൗണ്ടേഷനൊരുക്കുകയുമാണ് ദീപിക ചെയ്തത്.

ഇന്ത്യയിൽ മാനസിക രോഗങ്ങളെക്കുറിച്ച് തുറന്നു പറയുന്നത് നാണക്കേടായാണ് പലരും കാണുന്നത്. ആ രോഗത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ ധാരണ മാറ്റാൻ വേണ്ടിയാണ് ദീപിക തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും സഹായമഭ്യർഥിക്കാൻ മടിക്കരുതെന്നും അവർ ഓർമ്മപ്പെടുത്തി. വിവിധ മാധ്യമങ്ങളിലൂടെ മാനസിക അസുഖങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയെന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ദീപികയെപ്പോലെ രാജ്യാന്തര നിലയിൽ പ്രശസ്തിയുള്ള ഒരു താരം ഈ വിഷയത്തെ അഭിസംബോധന ചെയ്തു സംസാരിക്കാൻ തയാറാകുമ്പോൾ തീർച്ചയായും ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.

English Summary : Deepika Padukone Again Made Bold Move