34–ാം വയസ്സിൽ ഫിൻലൻഡിന്റെ പ്രധാനമന്ത്രിയായ സന മരിനെപ്പറ്റി വായിച്ച് അദ്ഭുതപ്പെട്ടവർക്കായി ഇനിയും വിസ്മയങ്ങൾ കാത്തുവച്ചിട്ടുണ്ട് ഫിൻലൻഡ് മന്ത്രിസഭ. ഫിൻലൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ സനയുടെ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയിലെ നാലു സഖ്യകക്ഷികളെയും നയിക്കുന്നത് വനിതകളാണ്. മന്ത്രിസഭയിൽ അംഗങ്ങളുമാണ് അവർ. അതിൽ മൂന്നുപേർ മുപ്പത്തഞ്ചിൽ താഴെ പ്രായമുള്ളവരാണ് – സെന്റർ പാർട്ടി നേതാവും ധനമന്ത്രിയുമായ കത്രി കൽമുനി (32), ഗ്രീൻ പാർട്ടി നേതാവും ആഭ്യന്തര മന്ത്രിയുമായ മരിയ ഒഹിസാലോ (34), ഇടതു മുന്നണി അധ്യക്ഷയും വിദ്യാഭ്യാസ മന്ത്രിയുമായ ലി ആൻഡേഴ്സൻ (32. മന്ത്രിസഭയിലെ നാലാമത്തെ വനിത സ്വീഡിഷ് പീപ്പിൾസ് പാർട്ടി നേതാവും നീതിന്യായ വകുപ്പ് മന്ത്രിയുമായ അന്ന മജ ഹെൻറിക്സൻ (55) ആണ്.

ഫിൻലൻഡിന്റെ പുരോഗമനപരമായ ചുവടുവയ്പുകളെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ഫിന്നിഷ് രാഷ്ട്രീയ നേതാവായ അലക്സാണ്ടർ സ്റ്റബ് അഭിമാനത്തോടെയാണ് രാജ്യത്തെ വനിതാമുന്നേറ്റത്തെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചിരിക്കുന്നത്.– ‘എന്റെ പാർട്ടി ഈ സർക്കാരിന്റെ ഭാഗമല്ല. പക്ഷേ ഒരു കാര്യത്തിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്. ഈ ഗവൺമെന്റിന്റെ ഭാഗമായ അഞ്ചു പാർട്ടികളുടെ നേതാക്കളും സ്ത്രീകളാണ്. സർക്കാർ രൂപീകരണത്തിൽ ലിംഗവ്യത്യാസം ഒരു വിഷയമല്ലാതാകുന്ന കാലം വരും’.

സന മരിൻ

34–ാം വയസ്സിൽ പ്രധാനമന്ത്രിപദത്തിലെത്തിയ സന മരിന് ഈ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ട്രീയത്തിൽ വിശാലമായ അനുഭവപരിചയമുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടാംപെറിൽനിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. 2010 മുതൽ 2012 വരെ സോഷ്യൽ ഡെമോക്രാറ്റിക് യൂത്തിന്റെ ഉപാധ്യക്ഷയായ സന 2012 ൽ ടാംപെറിലെ സിറ്റി കൗൺസിലായി തിരഞ്ഞെടുക്കപ്പെട്ടു. 2015 ൽ ഫിൻലൻഡ് പാർലമെന്റംഗമായ സന 2019 ജൂണിലാണ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്റി റിന്നേ നേതൃത്വം നൽകിയിരുന്ന സർക്കാരിൽ ഗതാഗത, വാർത്താ വിനിമയ മന്ത്രിയായത്. ഭരണമുന്നണിയിലെ പ്രശ്നങ്ങൾ കാരണം റിന്നേ രാജി വച്ചതിനെത്തുടർന്നാണ് സന പ്രധാനമന്ത്രിപദത്തിലെത്തിയത്. 

ഇതിനെക്കാളെല്ലാം വലിയ പ്രത്യേകത, സന ഒരു മഴവിൽ കുടുംബത്തിന്റെ മകളാണ് എന്നതാണ്. സനയുടെ അമ്മയുടെ ജീവിതപങ്കാളിയും ഒരു സ്ത്രീയാണ്. കുടുംബത്തിൽ‍ ആദ്യമായി സർവകലാശാലാ വിദ്യാഭ്യാസം നേടിയതും സനയാണ്. മാർക്കസ് റൈക്കണനാണ് സനയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട് – എമ്മ അമേലിയ മരിൻ.

ലി ആൻഡേഴ്സൺ

1987 ൽ ജനിച്ച ലി ആൻഡേഴ്സൺ ഇടതുമുന്നണി അംഗമാണ്. 2019 ൽ ആന്റി റിന്നേ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സന മരിൻ സർക്കാരിലും ആൻഡേഴ്സൺ വിദ്യാഭ്യാസ മന്ത്രിയായി തുടരുമെന്നാണ് ഫിന്നിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. 2011 മുതൽ 2015 വരെ ഫിൻലൻഡിലെ ലെഫ്റ്റ് യൂത്തിനെ നയിച്ചിരുന്നത് ആൻഡേഴ്സനാണ്. 2016 മുതൽ ഇടതുമുന്നണി അധ്യക്ഷയുമാണ്. സാമൂഹിക ശാസ്ത്രത്തിൽ ബിരുദമുള്ള ആൻഡേഴ്സൺ തന്റെ വെബ്സൈറ്റ് ബയോയിൽ പറയുന്നതിങ്ങനെ- ‘അബോ അക്കാഡമി യൂണിവേഴ്സിറ്റിയിൽനിന്ന് ഇന്റർനാഷനൽ ലോ പഠിച്ചു. ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ് ലോ, റെഫ്യൂജി ലോ എന്നിവയിൽ സ്പെഷലൈസ് ചെയ്തു’

മരിയ ഒഹിസാലോ

ആന്റി റിന്നേ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഗ്രീൻ ലീഗ് പാർട്ടി നേതാവ് മരിയ ഒഹിസാലോ. പുതിയ മന്ത്രിസഭയിലും ആ വകുപ്പ് തന്നെയാകും അവർ കൈകാര്യം ചെയ്യുക എന്ന് സൂചനയുണ്ട്. സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും സോഷ്യോളജിയിൽ ഡോക്ടറേറ്റുമുണ്ട്. 2008 ൽ ഗ്രീൻ ലീഗ് പാർട്ടിയിൽ ചേർന്ന മരിയ 2019 ലാണ് പാർട്ടിയുടെ നേതൃനിരയിലെത്തിയത്.

കത്രി കൽമുനി

ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സെന്റർ പാർട്ടിയുടെ നേതാവാണ് 32 കാരി കത്രി കൽമുനി. കഴിഞ്ഞ സർക്കാരിൽ, 2019 ജൂണിൽ ധനമന്ത്രിയായി ചുമതലയേറ്റ കൽമുനി സെപ്റ്റംബറിൽ ഉപപ്രധാനമന്ത്രിയുമായി. യൂണിവേഴ്സിറ്റി ഓഫ് ലാപ്‌ലാൻഡിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടിയ കത്രി 2015 മുതൽ ഫിൻലൻഡ് പാർലമെന്റംഗമാണ്. പുതിയ മന്ത്രിസഭയിലും ധനവകുപ്പു തന്നെയാകും കത്രിക്കെന്നാണ് വിവരം.

അന്ന മജ ഹെൻറിക്സൻ

സന മരിൻ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന വനിതയാണ് 55 കാരി അന്ന മജ ഹെൻറിക്സൻ. സ്വീഡിഷ് പീപ്പിൾസ് പാർട്ടി നേതാവായ അന്നയ്ക്കു ലഭിക്കുക നീതിന്യായ വകുപ്പായിരിക്കുമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. 1996 ലാണ് സ്വീഡിഷ് പീപ്പിൾസ് പാർട്ടി അംഗമായി അന്ന മജ ഹെൻറിക്സൻ രാഷ്ട്രീയ ജീവിതമാരംഭിച്ചത്. 2016 ൽ‍ പാർട്ടി അധ്യക്ഷയായി. സ്വീഡിഷ് പീപ്പിൾസ് പാർട്ടിയുടെ ആദ്യ വനിതാ അധ്യക്ഷയാണ് അന്ന. 2007 മുതൽ ഫിൻലൻഡ് പാർലമെന്റംഗമാണ്. മുൻപു മൂന്നു തവണ ഫിൻലൻഡ് മന്ത്രിസഭയിൽ നീതിന്യായവകുപ്പ് മന്ത്രിയായിരുന്നു. ഫിൻലൻഡിലെ ജാക്കൊബ്സ്റ്റഡ് സ്വദേശിനിയായ അന്നയ്ക്ക് ഫു‍‍ട്ബോളും ഐസ് ഹോക്കിയും വളരെയിഷ്ടമാണ്. ജെയ്ൻ ഹെൻറിക്സനാണ് ഭർത്താവ്. 1991 ൽ വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.

‘മഴവിൽ കുടുംബത്തിലെ പെൺകുട്ടി’ നയിക്കുന്ന, വനിതകൾ തലയെടുപ്പോടെ നിൽക്കുന്ന ഭരണകൂടം ഫിൻലൻഡിന്റെ ചരിത്രത്തിലെ അപൂർവ നിമിഷമാണ്. ഒരു രാഷ്ട്രീയ സംഭവം എന്നതിനപ്പുറം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും ചലനങ്ങളുണ്ടാക്കിയേക്കാം അത്. ലോകമെങ്ങും പെൺശാക്തീകരണത്തിനായി ഉയരുന്ന ശബ്ദങ്ങൾക്ക് അതു പ്രചോദനവും കരുത്തുമാകുമെന്നു പ്രതീക്ഷിക്കാം.

English Summery : Sanna Marin will run a coalition cabinet which is led by women