കൂട്ടയോട്ടം നടക്കുന്നതിനിടെ ലൈവ് ടെലികാസ്റ്റ് നൽകുകയായിരുന്ന വനിതാ റിപോർട്ടറുടെ പിൻഭാഗത്ത് അടിച്ച യുവാവ് അറസ്റ്റിൽ. ലൈംഗിക പീഡനത്തിന്റെ പരിധിയിൽ പെടുത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റാരോപണവും യുവാവിൽ ചുമത്തിയിട്ടുണ്ട്. ജോർജിയയിൽ നിന്നുള്ള യുവാവാണ് അപൂർവായ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു പാലത്തിലൂടെ ഓട്ടം പുരോഗമിക്കവെ റോഡിന്റെ ഒരു വശത്ത് നിന്ന് ലൈവ് കമന്ററി നൽകിക്കൊണ്ടിരുന്ന വനിതാ റിപ്പോർട്ടർക്കാണ് ദുരനുഭവം ഉണ്ടായത്. അതും ആയിരക്കണക്കിനു പ്രേക്ഷകർ ടെലിവിഷനില്‍ തത്സമയം കണ്ടുകൊണ്ടിരിക്കുമ്പോൾ. അലക്സ ബൊസാർജിയൻ എന്ന റിപ്പോർട്ടർ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുക്കുകയും ജോലി തുടരുകയും ചെയ്തു. 

ശനിയാഴ്ച ജോര്‍ജിയയില്‍ നടന്ന ആഘോഷ ഓട്ടത്തിനിടിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആക്രമണം ഗൗരവമായി എടുത്ത ടിവി ചാനൽ ഒരിക്കലും ഇത്തരത്തിൽ അപമാനകരമായ പ്രവൃത്തി ഉണ്ടാകാൻ പാടില്ലെന്നും ജീവനക്കാരുടെ സുരക്ഷിതത്വത്തിൽ തങ്ങൾക്ക് അങ്ങേയറ്റം ഉത്തരവാദിത്വമുണ്ടെന്നും വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് സ്ത്രീത്വത്തെ അപമാനിച്ച സംഭവം ആവർത്തിച്ചു കണ്ടത്.

നിങ്ങൾ എന്നെ അപമാനിച്ചു. എന്റെ സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തി. ജോലിക്കിടെ എനിക്ക് അങ്ങേയറ്റത്തെ അസ്വസ്ഥതയുണ്ടാക്കി. ലോകത്ത് ഒരിടത്തും ഒരിക്കലും ജോലിക്കിടെ ഒരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകാതിരിക്കട്ടെ. ഇനിയെങ്കിലും നന്നായി പെരുമാറാൻ പഠിക്കൂ... അലെക്സ ട്വിറ്ററിൽ രോഷം പ്രകടിപ്പിച്ചു. തന്റെ പിൻഭാഗത്ത് അടിക്കുക മാത്രമല്ല, പ്രതി അമർത്തിപ്പിടിക്കുകയും ചെയ്തെന്ന് അലെക്സ പൊലീസിനു മൊഴി നൽകുകയും ചെയ്തു. 

സംഭവം വിവാദമായതിനെതുടർന്ന് പ്രതി തോമസ് കാലവേ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് പരസ്യമായി മാപ്പു പറഞ്ഞു.ഭീകരമായ പ്രവൃത്തിയായിപ്പോയി എന്റേത്. വലിയ തെറ്റ്– തോമസ് പറഞ്ഞു. കമന്ററി നൽകുന്ന വനിതാ റിപ്പോർട്ടറെ അഭിനന്ദിക്കാൻ അവരുടെ തോളിൽ തട്ടാനാണ് താൻ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. വിഡിയോ കണ്ടപ്പോഴാണ് താൻ റിപ്പോർട്ടറുടെ പിൻഭാഗത്താണ് സ്പർശിച്ചതെന്ന് മനസ്സിലായതെന്നും വിശദീകരിച്ചു.

ലൈംഗിക പീഡനക്കേസുകളിൽ കർശനമായ ശിക്ഷ നൽ‌കുന്ന രാജ്യങ്ങളിലൊന്നാണ് ജോർജിയ. ചെറിയ കുറ്റങ്ങൾക്കുപോലും ഒരു വർഷത്തെ ജയിൽശിക്ഷ വിധിക്കുന്ന രാജ്യം. ഏതെങ്കിലും വ്യക്തിയുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചാൽ ഒരു വർഷത്തെ ശിക്ഷ എന്നതാണ് നിയമം.  തോമസിനെ കാത്തിരിക്കുന്നതും ഇതേ വിധി തന്നെ.

English Summary: Man who slapped female reporter's bottom on live TV arrested