ഒരു ഭാഗ്യശാലിയായ റിപ്പോർട്ടറിന്റെ ആഹ്ലാദപ്രകടനങ്ങളാണ് നിറചിരിയോടെ വെർച്വൽ ലോകം പ്രചരിപ്പിക്കുന്നത്. ഭാഗ്യം തേടിയെത്തിയത് ലൈവ് റിപ്പോർട്ടിങ്ങിനിടയിലും. സ്പാനിഷ് ടെലിവിഷൻ റിപ്പോർട്ടറായ നതാലിയ എസ്ക്യൂഡെറോയെത്തേടിയാണ് ക്രിസ്മസ് ഭാഗ്യമെത്തിയത്. സ്പാനിഷ് ക്രിസ്മസ് ലോട്ടറിയുടെ ലൈവ് ഫലപ്രഖ്യാപനത്തിനിടയിലാണ് 10–ാം സമ്മാനം തനിക്കാണെന്ന് നതാലിയ തിരിച്ചറിഞ്ഞത്.

മനസ്സിലുള്ള ആഹ്ലാദം മറച്ചുവയ്ക്കാനാകാതെ, ലൈവ് പോകുകയാണെന്നോർക്കാതെ നതാലിയ പ്രഖ്യാപിച്ചതിങ്ങനെ ' ഞാൻ നാളെ ജോലിക്കു വരുന്നില്ല'. സ്പാനിഷ് ക്രിസ്മസ് ലോട്ടറിയുടെ 10–ാം സമ്മാനമായ 5,000 യൂറോ (3,94,000 രൂപ) ആണ് നതാലിയയ്ക്ക് ലഭിച്ചത്. ഡിസംബർ 22 ന് നറുക്കെടുപ്പ് നടത്തിയ സ്പാനിഷ് ലോട്ടറി റിസൽട്ടിനെക്കുറിച്ചുള്ള തൽസമയ സംപ്രേഷണത്തിലാണ് നതാലിയ താനും വിജയികളിലൊരാളാണെന്ന് തിരിച്ചറിഞ്ഞത്.

'' ഹേയ്, എനിക്ക് 10–ാം സമ്മാനമുണ്ട്. ഇത് തമാശയല്ല. ഞാൻ ഒരുപാട് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇവിടെ വന്നപ്പോഴാണ് ഒരു ടിക്കറ്റ് വാങ്ങിയത്. ഞാൻ നാളെ പോകില്ല, ഞാൻ നാളെ ജോലിക്കു പോകില്ല''. റിസൽട്ട് അറിഞ്ഞ ആവേശത്തിൽ നതാലിയ ക്യാമറ നോക്കി പറഞ്ഞതിങ്ങനെ.

തുടർന്ന് സമീപത്തുണ്ടായിരുന്ന അപരിചിതരായ ആളുകളുമൊത്ത് നതാലിയ ആഘോഷം തുടങ്ങി. ലൈവ് ആയി നതാലിയയുടെ സന്തോഷപ്രകടനങ്ങൾ കണ്ട ആളുകളിൽ പലരും വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. ' വളരെ സാധാരണക്കാരിയായ, കഠിനാധ്വാനം ചെയ്യുന്ന, സ്വന്തം കഴിവുകൊണ്ട് ജീവിച്ചു പോന്ന ഒരു വ്യക്തിയാണ് റിപ്പോർട്ടർ. അവളുടെ ആഹ്ലാദ പ്രകടനം കണ്ട് അവർ ഒരിക്കലും പ്രൊഫഷണൽ അല്ലെന്ന് ചിന്തിക്കരുത്. അത് വികാരത്തിരത്തള്ളലിൽ സംഭവിച്ചതാണ്''. എന്നായിരുന്നു ഒരാൾ കുറിച്ചത്.

'' എന്തു മനോഹരമായ ഒരു നിമിഷമാണിത്. ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ആവശ്യമുള്ള ആളുകളിലേക്ക് ഇത്തരം സന്തോഷങ്ങൾ എത്തട്ടെയെന്ന് ആഗ്രഹിക്കുന്നു''. ഇങ്ങനെവേണം ലോകത്തോട് നിങ്ങളുടെ സന്തോഷത്തെക്കുറിച്ച് പറയാൻ എന്നാണ് മറ്റൊരാൾ കുറിച്ചത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും താൻ പ്രൊഫഷണൽ അല്ല എന്ന് വിമർശിച്ചവർക്കുള്ള മറുപടിയും തന്റെ അമിത വികാര പ്രകടത്തിന് ക്ഷമാപണം നൽകിയുമാണ് നതാലിയ ഒടുവിൽ പ്രതികരിച്ചത്. കഴിഞ്ഞ 25 വർഷമായി താൻ ജേണലിസ്റ്റ് ആയി ജോലിചെയ്യുകയാണെന്നും ഒരു നല്ല ജേണലിസ്റ്റ് എങ്ങനെയാണെന്ന് തെളിയിക്കുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങൾ തന്റെ കരിയറിൽ ഉണ്ടായിട്ടുണ്ടെന്നും അവർ മറുപടി പറഞ്ഞു.

English Summary : Reporter winning a lottery ticket live on air