ഈ ലോകത്ത് തനിക്ക് ഏറെയിഷ്ടമുള്ള കാര്യത്തിനുവേണ്ടിയാണ് ജീവിതത്തോട് ചേർന്നിരുന്ന പലതിനെയും അവൾ ഉപേക്ഷിച്ചത്. ഒടുവിൽ അവൾക്ക് കൂട്ടായത് സ്വന്തം നായ മാത്രം. പ്രിയപ്പെട്ട ഓമനമൃഗത്തോടൊപ്പം തന്റെ വീടും വാഹനവുമായ വാനിൽ ലോകം ചുറ്റുകയാണ് സിഡ്നി ഫെർബ്രാകെ എന്ന യുവതി.

യാത്ര എന്ന ഇഷ്ടത്തിനുവേണ്ടി  ഇന്തൊനേഷ്യൻ സ്വദേശിനിയായ സിഡ്നി ചെയ്ത കാര്യങ്ങളെക്കുറിച്ച് കേട്ടാൽ ആരും മൂക്കത്ത് വിരൽവയ്ക്കും. എല്ലാ അർഥത്തിലും സ്വാതന്ത്ര്യം അനുഭവിക്കുന്ന അവളുടെ ജീവിതം കാണുമ്പോൾ ആർക്കും അസൂയ തോന്നും. 24 വയസ്സുകാരിയായ സിഡ്നിയുടെയും വളർത്തു നായ എല്ലയുടെയും താമസവും സഞ്ചാരവുമെല്ലാം ഒരു വാനിലാണ്. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിഡ്നി മനസ്സു പറയുന്ന വഴികളിൽക്കൂടി സഞ്ചരിച്ചു തുടങ്ങിയത്. ഒരു വീട്ടിലുള്ള സകല സൗകര്യങ്ങളും അവർ വാനിലൊരുക്കിയിട്ടുണ്ട്. ഏകദേശം 7,12,913.00 രൂപമുടക്കിയാണ് അവർ വാനിനെ ഈ വിധം പരിഷകരിച്ചത്.

2017ലാണ് സിഡ്നി യാത്രയെന്ന ഇഷ്ടത്തിനു പിന്നാലെ സ‍ഞ്ചരിച്ചു തുടങ്ങിയത്. 2018 ൽ ഉഭയസമ്മതപ്രകാരം പുരുഷ സുഹൃത്തുമായി പിരിഞ്ഞു. ഇരുവരും ചേർന്നു വാങ്ങിയ മേർസിഡസ് സ്പ്രിന്റർ വാൻ മുൻ കമിതാവിനു തന്നെ നൽകി. തനിച്ച് യാത്രചെയ്യുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നു പറയുന്നവരെക്കൊണ്ടു തന്നെ അത് മാറ്റിപ്പറയിച്ച ദിവസങ്ങളായിരുന്നു സിഡ്നിയുടെ ലൈഫിൽ പിന്നീട് ഉണ്ടായത്. വീടും വാഹനവുമായ വാൻ ലൈഫ് തനിക്ക് ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണെന്നാണ് സിഡ്നിയുടെ വിശ്വാസം. ഇതുവരെ 20 സ്ഥലങ്ങൾ സന്ദർശിച്ചു കഴിഞ്ഞു സിഡ്നി.

താനൊരു ദുർബലയോ സാമർഥ്യമില്ലാത്തവളോ അല്ലെന്നാണ് അഭിമുഖങ്ങളിൽ സിഡ്നി പറയുന്നത്. ബ്രേക്ക് അപിന് ശേഷമാണ് താൻ സ്വതന്ത്ര്യമെന്താണെന്ന് അറിഞ്ഞതെന്നും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ആശങ്കകൾ തെറ്റാണെന്ന് തനിക്ക് ജീവിതം കൊണ്ട് തെളിയിക്കാൻ സാധിച്ചതെന്നും സിഡ്നി പറയുന്നു. തന്റെ പുതിയ വാൻ വാങ്ങുന്നതിനുള്ള പണം സമ്പാദിക്കുന്നതിനായി താൻ മൂന്നോളം ജോലികൾ നോക്കിയിട്ടുണ്ടെന്നും. ഫ്രീലാൻസ് വെബ് ഡിസൈനിങ്ങിൽ തുടങ്ങി കുഞ്ഞുങ്ങളെ നോക്കുന്ന നാനിയുടെ ജോലിയുൾപ്പടെ ചെയ്തിട്ടുണ്ടെന്നും സിഡ്നി പറയുന്നു. ഇപ്പോൾ തന്റെ വാൻ ലൈഫിനെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് ഒരുക്കുകയാണ് കക്ഷി.

കിങ് സൈസ്ഡ് ബെഡ്, ഫ്രിഡ്ജ്, സ്റ്റൗവ്, സിങ്ക്, ശുചിമുറി തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാം ആ വാനിലുണ്ട്. ഷവർ മാത്രമില്ല. പ്രദേശത്തെ ജിമ്മിലെ കുളിമുറിയെയാണ് താൻ കുളിക്കാൻ ആശ്രയിക്കുന്നതെന്ന് സിഡ്നി പറയുന്നത്. തന്റെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രചോദനമാകാൻ വേണ്ടി 'സോളോ റോഡ്' എന്ന പേരിൽ പോഡ്കാസ്റ്റും ഒരുക്കിയിട്ടുണ്ട് കക്ഷി. സ്ത്രീകൾ ഒന്നിനെക്കുറിച്ചോർത്തും ആകുലരാകരുത് എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് തന്റെ ഈ പരിശ്രമങ്ങളെന്നുമാണ്  സിഡ്നിയുടെ പക്ഷം.

English Summary : Inspirational Life Story Of 24 Year Old Woman