ചൈനയുടെ മുസ്ലിം സമീപനത്തിനെതിരെ ടിക് ടോക്  വിഡിയോകളിലൂടെ പ്രചാരണം നടത്തി ശ്രദ്ധേയയായ മേക് അപ് ആര്‍ട്ടിസ്റ്റ് പുതിയ വിഡിയോയുമായി രംഗത്ത്. ഫെറോസ അസീസ് എന്ന അമേരിക്കന്‍ കൗമാരക്കാരിയാണ് ബ്യൂട്ടി ടിപ്സിനിടെ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയതും രാജ്യാന്തര വിഷയത്തെ മേക് അപ് റൂമിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിച്ചതും. 

പുതിയ വിഡിയോയില്‍ കണ്‍തടങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് പരിശീലിപ്പിക്കുന്നതിനിടെ ഫെറോസ പുതിയ വിഷയമായി അവതരിപ്പിക്കുന്നത് ഇതിനോടകം വിവാദമായിക്കഴിഞ്ഞ ഇന്ത്യന്‍ പൗരത്വ നിയമം. പാര്‍ലമെന്റില്‍ പാസ്സാക്കി നിയമമായ പൗരത്വ പ്രശ്നത്തെ രൂക്ഷമായി വിമര്‍ശിച്ചതോടെ ഫെറോസയുടെ വിഡിയോ തരംഗമായിക്കഴിഞ്ഞു. 

സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോയ്ക്ക് ആരാധകരേറെയാണ്; ഏതാനും വിമര്‍ശകരും. തണുപ്പുകാലത്ത് ചര്‍മം എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഫെറോസയുടെ വിഷയം. 17 വയസ്സുകാരിയുടെ വിഡിയോയുടെ ദൈര്‍ഘ്യം 44 മിനിറ്റ് മാത്രമാണ്. തൊലി വിണ്ടുകീറുന്നത് തടയാന്‍ പുതിയൊരു വിദ്യ പഠിപ്പിച്ചുതരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. പക്ഷേ, വിഷയം ഉടന്‍തന്നെ ഇന്ത്യന്‍ പൗരത്വ നിയമത്തിലേക്കു വഴിമാറുന്നു. 

''ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമം മുസ്ലിംങ്ങളെ രാജ്യത്തുനിന്ന് ഒഴിവാക്കാനുള്ളതാണ്. ഏതെങ്കിലും മുസ്ലിമിന് ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടിവരും. ഇത് തെറ്റാണ്. അധാര്‍മ്മികമാണ്. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വേര്‍തിരിക്കുന്നതും അതിര്‍ത്തി കടത്തുന്നതും ഒരിക്കലും അംഗീകരിക്കാനുമാകില്ല. നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ പാഴ്സിയോ ജൈനനോ ആകട്ടെ. ഏതുമതത്തിലാണ് നിങ്ങള്‍ വിശ്വസിക്കുന്നതെന്നത് പൗരത്വവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഏതു മതക്കാരനാണെങ്കിലും അത് ഇന്ത്യന്‍ പൗരന്‍ ആകാന്‍ തടസ്സവുമല്ല''- ഫെറോസ പറയുന്നു.

ഇത്രയും പറഞ്ഞതിനുശേഷം ഫെറോസ വീണ്ടും ചര്‍മം വിണ്ടുകീറാതിരിക്കാനുള്ള വിദ്യ പഠിപ്പിക്കുന്നതിലേക്കു തിരിയുന്നു. വിഡിയോ പുറത്തുവന്നയുടന്‍ തന്നെ വിമര്‍ശനവും പുകഴ്ത്തലും തുടങ്ങിക്കഴിഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെറോസയുടെ വിമര്‍ശനമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ മേക് അപ് ടെക്നിക്കിനിടെ വളരെ പ്രധാനപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്തതിനെ പ്രശംസിക്കുകയാണ് മറ്റൊരു കൂട്ടര്‍. ഇന്ത്യയില്‍ ഇപ്പോള്‍ കത്തിനില്‍ക്കുന്ന വിഷയമാണ് പൗരത്വമെന്നും അതിന്റെ പേരില്‍ വിമര്‍ശനമുന്നയിക്കുന്നതു ശരിയല്ലെന്നും വാദിക്കുന്നവരുമുണ്ട്. എന്തായലും ഫെറോസയുടെ വിഡിയോ തരംഗമായിക്കഴിഞ്ഞു. ഇതിനോടകം ലക്ഷക്കണക്കിനുപേരാണ് വിഡിയോ കണ്ടതും ഇഷ്ടപ്പെട്ടതും. 

English Summary: US Teen criticises CAA in new viral skincare video