ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയായി തെരുവിലിറങ്ങി ബോളിവുഡ് താരം ദീപിക പദുക്കോൺ. ആക്രമണത്തിന് ഇരയായവരോട് സമൂഹത്തിന്റെ മനോഭാവം അറിയാനായിരുന്നു ദീപികയുടെ ഉദ്യമം. തന്റെ പുതിയ ചിത്രമായ ചാപാക്കിലെ ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ രൂപത്തിൽ തന്നെയാണ് ദീപിക മുംബൈയിലെ തെരുവിലിറങ്ങിയത്.

ഒരിക്കലും തിരിച്ചറിയപ്പെടാനാകാത്ത രീതിയിലായിരുന്നു താരത്തിന്റെ വരവ്. മൊബൈൽ കടയിലും സൂപ്പർ മാർക്കറ്റിലും തുണിക്കടയിലുമെല്ലാം അതേവേഷത്തിൽ ദീപിക പദുക്കോൺ എത്തി. എന്നാൽ ആരും ദീപികയെ തിരിച്ചറിഞ്ഞില്ല. 

ആസിഡ് ആക്രമണത്തിനിരയായവരോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നു മനസിലാക്കുന്നതിനു വേണ്ടി ദീപിക സഞ്ചരിച്ച ഇടങ്ങളിലെല്ലാം തന്നെ രഹസ്യ ക്യാമറ സ്ഥാപിച്ചിരുന്നു. ചിലർ ശ്രദ്ധിക്കാതെയും മറ്റു ചിലർ ചെറുപുഞ്ചിരി സമ്മാനിച്ചും കടന്നുപോകുന്നത് വിഡിയോയിൽ ഉണ്ട്. ‘ചാപാക്ക്’ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ തയാറായതെന്ന കുറിപ്പോടെ ദീപിക പദുക്കോൺ തന്നെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

ദീപികയുടെ വാക്കുകളിലൂടെയാണ് വിഡിയോ അവസാനിക്കുന്നത്. ‘ഒരു മുഴുവൻ ദിവസവും ഇങ്ങനെ ചെലവഴിച്ചപ്പോൾ ചിലകാര്യങ്ങള്‍ മനസിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങളെല്ലാം വളരെ ശരിയാണ്. പലകാര്യങ്ങളോടുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.’– ദീപിക പറഞ്ഞു.

English Summary: What Happened When Deepika Padukone Stepped Out In Mumbai As Malti With Acid Attack Survivors