അമ്മയാകുന്നതോടെ പല സ്ത്രീകളും  കരിയറിൽ നിന്നും പിൻമാറുന്നത് പതിവാണ്. എന്നാൽ മാതൃത്വം ഒന്നിനും വിലങ്ങല്ലെന്ന് തെളിയിച്ച് സമൂഹത്തിനു തന്നെ മാതൃകയാകുന്ന ചില സ്ത്രീകളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ടെന്നീസ് താരം സാനിയ മിർസ. അമ്മയായ ശേഷമുള്ള ആദ്യ ടൂർണമെന്റിൽ സാനിയ കിരീടം ചൂടിയപ്പോൾ അഭിമാനിച്ചത് ടെന്നീസ് പ്രേമികൾ മാത്രമല്ല, ഇന്ത്യൻ പെണ്‍ സമൂഹം കൂടിയാണ്.

നിങ്ങളുടെ സ്വപ്നമാണ് നിങ്ങളുടെ കയ്യൊപ്പെന്ന് ഓരോ സ്ത്രീയെയും ഓർമിപ്പിക്കുകയാണ് സാനിയ. പരുക്കും പ്രസവവുമെല്ലാമായി 2017ൽ ടെന്നീസ് കോർട്ടിനോട് താത്കാലികമായി വിടപറഞ്ഞതാണ് സാനിയ. പക്ഷേ, തിരിച്ചു വരവ് ഇത്രയും ഗംഭീരമായിരിക്കുമെന്ന് ആരാധകർ പോലും പ്രതീക്ഷിച്ചില്ല. ഓസ്ട്രിയയിലെ ഹൊബർട് കപ്പ് ടെന്നീസ് ടൂർണമെന്റ് വനിത ഡബിൾസിലാണ് സാനിയ കിരീടം ചൂടിയത്. 

സാനിയയുടെ ആത്മവിശ്വാസവും കഠിന പ്രയത്നവും തന്നെയാണ് വിജയത്തിനു പിന്നില്‍. 2010ലായിരുന്നു പാക് മുൻക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായി സാനിയയുടെ വിവാഹം. 2016ൽ ടൈംമാഗസിന്റ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായിരുന്നു സാനിയ മിര്‍സ. 2018ൽ ഇഷാൻ മിർസ മാലിക്കിനു ജൻമം നൽകി സാനിയ. ഗർഭിണിയായിരുന്നപ്പോള്‍ 23 കിലോ ശരീരഭാരം കൂടിയ സാനിയ നാലുമാസത്തിനകം 6 കിലോ കുറച്ചത് മാധ്യമ ശ്രദ്ധനേടിയിരുന്നു.

മിസോറാമിലെ വനിതാ വോളിബോൾ താരം മത്സരത്തിനിടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകുന്ന ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സ്വന്തം കരിയറിനോടുള്ള അവരുടെ ആത്മസമര്‍പ്പണവും കുഞ്ഞിനോടുള്ള പരിഗണനയും ഏറെ അഭിനന്ദനം അർഹിക്കുന്നു എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. അമ്മയാകുന്നതോടെ സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മനഃപുർവം മറന്നുപോകുന്ന സ്ത്രീകൾക്ക് പ്രചോദനമാകുകയാണ് ഈ അമ്മമാർ.