രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും താരമാണു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. തന്റെ തന്നെ ചിത്രങ്ങളും വിവിധ പ്രശ്നങ്ങളോടുള്ള കമന്റുകളുമൊക്കെ സ്മൃതി സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്മൃതി പ്രത്യക്ഷപ്പെട്ടതു പുതിയൊരു മുഖവുമായാണ്. ഇതുവരെ അറിയപ്പെടാതിരുന്ന ഒരു മേഖലയില്‍ തന്റെ അഭിരുചിയും കഴിവും പ്രദര്‍ശിപ്പിച്ചുകൊണ്ട്. മന്ത്രി തന്നെ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ചിത്രം വരയില്‍ മുഴുകിയിരിക്കുന്ന സ്മൃതി ഇറാനിയെയാണു കാണുന്നത്. മനോഹരമായി ചിത്രം വരയ്ക്കുകയാണു സ്മൃതി.

അതേ, ചില സമയങ്ങളില്‍ ഞാന്‍ ചിത്രം വരയ്ക്കാനും സമയം കണ്ടെത്താറുണ്ട് എന്ന അടിക്കുറിപ്പും മന്ത്രി ചേര്‍ത്തിട്ടുണ്ട്. അഭിനയത്തില്‍ പ്രതിഭ തെളിയിച്ചാണു സ്മൃതി ആദ്യം ഇന്ത്യക്കാരുടെ മനസ്സില്‍ കുടിയേറുന്നത്. ജനപ്രിയ ടെലിവിഷന്‍ സീരിയലിലെ നടിയായി. അതിനുശേഷമാണു രാഷ്ട്രീയ പ്രവേശവും. അവിടെയും തന്റെ കഴിവു തെളിയിക്കാന്‍ കഴിഞ്ഞ സ്മൃതി ഇറാനി തീപ്പൊരി നേതാവായാണ് അറിയപ്പെടുന്നത്. വിവിധ പ്രശ്നങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി മറുപടി കൊടുത്തും രൂക്ഷമായി പ്രതികരിച്ചും സ്മൃതി ശ്രദ്ധ നേടാറുമുണ്ട്. എന്തായാലും ചിത്രം വരയ്ക്കുന്നതില്‍ കൂടി പ്രാഗല്‍ഭ്യം ഉണ്ടെന്നു തെളിയിച്ചതോടെ മന്ത്രിയുടെ ബഹുമുഖ പ്രതിഭയെ അംഗീകരിക്കുകയാണു ട്വിറ്റര്‍ ഉപയോക്താക്കള്‍. 

മനോഹരമായ ചിത്രം... എന്നാണു പലരുടെയും കമന്റ്. ആ ചിത്രം മുഴുമിപ്പിക്കൂ..അതു മനോഹരമാകും എന്നു മറ്റു ചിലര്‍ പറഞ്ഞപ്പോള്‍ വിവിധ മേഖലകളിലെ താങ്കളുടെ കഴിവില്‍ അഭിമാനിക്കുന്നു എന്നും അഭിനന്ദിക്കുന്നു എന്നുമാണു മറ്റു ചിലരുടെ കമന്റ്.

English Summary: Smriti Irani's Instagram Post Viral In Social Media