അഭിനയം എന്നത് ഒരാസക്തിയായി ഉള്ളില്‍ പേറുന്നവരുണ്ട്. അതവരുടെ മോഹമാണ്. മോഹത്തേക്കാളുപരി ജന്‍മസാഫല്യം. അഭിനയമല്ലാതെ മറ്റൊരു ജോലിക്കും അനുയോജ്യരല്ലാത്തവര്‍. എന്നാല്‍ അവര്‍ക്കു മാത്രമേ അഭിനയം പറഞ്ഞിട്ടുള്ളൂ എന്നു കരുതരുത്. വഴിതെറ്റി എത്തിയവരുമുണ്ട് സിനിമാലോകത്ത്. കുട്ടിക്കാലം മുതലേ അഭിനയം ആവേശമായി കൊണ്ടുനടക്കുന്നവരുടെ ഒപ്പമോ അവരേക്കാള്‍ നന്നായോ സിനിമകളില്‍ തിളങ്ങുന്നവര്‍. അത്തരത്തില്‍ ഒരു നടിയാണ് കങ്കണ റനൗട്ട്. കുറഞ്ഞകാലം കൊണ്ട് വ്യത്യസ്തമായ റോളുകളിലൂടെയും മനസ്സിലുള്ളതു വെട്ടിത്തുറന്നുപറഞ്ഞും അഭിനയത്തിലും ജീവിതത്തിലും വ്യത്യസ്തയായ ബോളിവുഡ് നടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കങ്കണ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുള്ള റോളിലാണ് ഇപ്പോള്‍ അഭിനിയിക്കുന്നത്. തലൈവി എന്ന ത്രിഭാഷാ ചിത്രത്തില്‍ സാക്ഷാല്‍ ജയലളിതയായി. മുംബൈയിലും വിദേശ രാജ്യങ്ങളിലുമായാണു ബോളിവുഡ് താരങ്ങള്‍ കറങ്ങിനടക്കുന്നതെങ്കില്‍ തലൈവിക്കുവേണ്ടി കങ്കണ ചെന്നൈയിലുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അവര്‍ ജയലളിത എന്തായിരുന്നോ അതായിത്തീരാനുള്ള പരിശ്രമത്തിലാണ്.

സിനിമയുടെ ലോകത്തുനിന്നും അപ്രതീക്ഷിതമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുന്നതുവരെയുള്ള ജയയുടെ ജീവിതകാലമാണ് തലൈവിയുടെ പ്രമേയം. അവര്‍ ആദ്യം മുഖ്യമന്ത്രിയാകുന്നത് 43 -ാം വയസ്സില്‍. 1991ല്‍. കങ്കണയ്ക്കാകട്ടെ ഇപ്പോള്‍ 32 വയസ്സും. ജയലളിതയുടെ ആകാരം മെലിഞ്ഞ കങ്കണയ്ക്കു ചേരുമോ എന്നുള്ള ആരോപണങ്ങളെ ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് നടി എതിര്‍ക്കുന്നത്. ഒപ്പം തനിക്കും ജയയ്ക്കും തമ്മില്‍ ജീവിതത്തില്‍ ഒട്ടേറെ സമാനതകളുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. 

ഏതൊരു സ്ത്രീയേയും പോലെ ജയലളിതയും സ്വന്തമായി ഒരു കുടുംബം ആഗ്രഹിച്ചിരുന്നു. ഒരു കുട്ടി വേണമെന്നും. ഞാനും അക്കാലത്തിലൂടെ കടന്നുപോയിട്ടുണ്ട്. അന്നു ഞാനും ചൂഷണത്തിനു വിധേയയായി. വിവാഹിതരായ പുരുഷന്‍മാരാണ് എന്നെയും ചൂഷണം ചെയ്തത്. അവരുടെയൊന്നും പേരുകള്‍ ഞാനിപ്പോള്‍ പറയുന്നില്ല. തലൈവിയില്‍ ജയയുമായി അടുപ്പമുണ്ടാക്കുന്ന ഒരു നടന്‍ ഉള്‍പ്പെടുന്ന രംഗമുണ്ട്. വിവാഹം വാഗ്ദാനം ചെയ്ത് അടുത്തുകൂടി ജയയെ ചൂഷണം ചെയ്യുന്ന നടന്‍. പൊതുസമൂഹത്തില്‍ ഒട്ടേറേത്തവണ അപമാനം നേരിടേണ്ടി വന്ന നടി കൂടിയാണ് ജയ. യുവതികളായ നടിമാരില്‍ മിക്കവര്‍ക്കും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്നുണ്ട്. ആ അര്‍ഥത്തില്‍ ജയയുടെ ജീവിതവും എന്റെ അനുഭവങ്ങളും തമ്മില്‍ സമാനതകളുണ്ട്- കങ്കണ പറയുന്നു.

നടിയായിരുന്നപ്പോള്‍ തന്നെ അധികമൊന്നും സന്തോഷം അനുഭവിക്കാത്ത വ്യക്തി കൂടിയായിരുന്നു ജയ. ഒരു പക്ഷേ എന്നെപ്പോലെ. ഒരു ബിംബമായി ആരാധിക്കപ്പെടാന്‍ നിന്നുകൊടുക്കാത്ത വ്യക്തിത്വം. സിനിമയ്ക്കപ്പുറം മറ്റൊരു ലോകമുണ്ടെന്നും തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വിശ്വസിച്ച വ്യക്തി. ഇതേ സമീപനം ഞാനും പങ്കുവയ്ക്കുന്നു. ജയ ഒടുവില്‍ സിനിമയോടു വിടപറഞ്ഞ് രാഷ്ട്രീയക്കാരിയായി. തമിഴ് മക്കളുടെ പുരട്ചി തലൈവിയായി. ഒന്നിലധികം തവണ കരുത്തരായ എതിരാളികളെ നിഷ്പ്രഭരാക്കി മുഖ്യമന്ത്രിക്കസേരയില്‍ എത്തി. എന്റെ മനസ്സിലുമുണ്ട് ആഗ്രഹങ്ങള്‍. കേവലം അഭിനയത്തിനപ്പുറമുള്ള മോഹങ്ങള്‍. അവിടെയും ഞ‍ങ്ങള്‍ രണ്ടുപേരും തമ്മില്‍ വിയോജിപ്പുകളേക്കാള്‍ യോജിപ്പാണുള്ളത്- കങ്കണയ്ക്ക് ആത്മവിശ്വാസം. 

അപമാനത്തിന്റെ കൊടും വിഷാദത്തില്‍നിന്നാണ് ജയലളിതയുടെ ഉയര്‍ച്ച തുടങ്ങുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും മുമ്പില്‍ അവര്‍ അപമാനിക്കപ്പെട്ടു. അതും യൗവ്വനത്തില്‍. സംസ്ഥാന നിയമസഭയില്‍ പോലും അവര്‍ രൂക്ഷമായ ആക്രമണങ്ങള്‍ നേരിട്ടു. അപ്പോള്‍ അവര്‍ക്ക് ഒരു വാക്കേ ഉണ്ടായിരുന്നുള്ളൂ: ഞാന്‍ തിരിച്ചുവരും. എന്നെ അപമാനിച്ചവരുടെ മുമ്പില്‍ മുഖ്യമന്ത്രിയായി ഞാന്‍ തിരിച്ചുവരും. അതായിരുന്നു ജയയുടെ ജീവിതത്തിലെ വഴിത്തിരിവ്. അതുവരെ എംജിആറിന്റെ നിഴലിലായിരുന്നു ജയ. സ്വന്തമായി രാഷ്ട്രീയ മോഹവുമില്ലാത്ത വ്യക്തി. പക്ഷേ, അപമാനം അവരുടെ ഉള്ളിലെ അഗ്നി ആളിക്കത്തിച്ചു. പ്രതികാരത്തിന്റെ അഗ്നി. പുരുഷന്‍മാര്‍ ആധിപത്യമുറപ്പിച്ച  ലോകത്തില്‍ സ്വന്തം കഴിവുകൊണ്ടുമാത്രം അവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടി കെട്ടിപ്പടുത്തു. പട നയിച്ചു. വിജയശ്രീലാളിതയായി പ്രതിജ്ഞ നിറവേറ്റി. ഏതൊരു സ്ത്രീയുടെയും ആത്മവിശ്വാസം തകര്‍ന്ന് ജീവിതം തന്നെ അവസാനിപ്പിച്ചേക്കാവുന്ന അവസ്ഥയില്‍ നിന്നായിരുന്നു ജയയുടെ ഉയര്‍ച്ച. അതാണവരുടെ ജീവിതം ലോകത്തോടു പറയുന്നത്. എല്ലാ സ്ത്രീകളോടും പറയുന്നത്. അതാണ് എന്നെ ഈ സിനമയിലേക്ക് ആകര്‍ഷിച്ചത്- കങ്കണ പറയുന്നു. 

തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ മുന്നു ഭാഷകളിലായി ചിത്രീകരിക്കുന്ന തലൈവി സംവിധാനം ചെയ്യുന്നത് എ.എല്‍.വിജയ്. ഈ വര്‍ഷം ജൂണ്‍ 20 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും തമിഴ്നാട്ടില്‍ ഒരു വികാരമായി നിറഞ്ഞുനില്‍ക്കുന്ന ജയയെക്കുറിച്ചുള്ള സിനിമ എങ്ങനെയാകുമെന്നറിയാനുള്ള ആകാംക്ഷയിലാണു തമിഴ് ലോകം. ഒപ്പം ബോളിവുഡിലും കങ്കണയുടെ സാന്നിധ്യം മൂലം തലൈവി തരംഗങ്ങളുയര്‍ത്തിയേക്കാം.