പത്തു ദിവസമായി സവിത ഗാർജെയുടെ മൊബൈൽ ഫോണിനു വിശ്രമമില്ല. ഓരോ വിളിയും അഭിനന്ദന സന്ദേശമാണ്. സ്നേഹം. പ്രാർഥന. സൗഹൃദം. ആശംസ. പൊലീസിൽ ഡപ്യൂട്ടി സൂപ്രണ്ട് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ യുവതിയാണ് 26 വയസ്സുള്ള സവിത. മഹാരാഷ്ട്ര പബ്ലിക് സർവീസ് പരീക്ഷയിൽ.

മൂന്നു മക്കളുള്ള കുടുംബത്തിലെ മൂത്ത മകളാണ് സവിത. അച്ഛൻ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) കമ്പനിയിൽ ഉദ്യോഗസ്ഥൻ. പഠിക്കാൻ വേണ്ടി വ്യത്യസ്ത ജോലികൾ ചെയ്യേണ്ടിവന്നിട്ടുണ്ട് സവിതയ്ക്ക്. വായനശാലകൾ മാറി മാറി സന്ദർശിക്കേണ്ടിവന്നിട്ടുണ്ട്. ഒന്നും ആരോടും പറഞ്ഞില്ല. മാതാപിതാക്കളോടു പോലും. എല്ലാം സഹിക്കുകയായിരുന്നു. ഈ നിമിഷത്തിനുവേണ്ടി. വിജയത്തിനുവേണ്ടി. അവസാനം ആ നിമിഷം വന്നപ്പോൾ അഭിനന്ദനങ്ങൾക്കു മറുപടി പറയുന്ന തിരക്കിലാണ് സവിത. 

മഹാരാഷ്ട്ര പൊലീസിൽ സ്ത്രീകൾക്ക് 18 ശതമാനം സംവരണമുണ്ട്. പക്ഷേ, 10 ശതമാനം പേർ മാത്രമേ ജോലിക്കായി അപേക്ഷിക്കാറുള്ളൂ. അങ്ങനെയാണ് സവിതയും പൊലീസിലെ ഒരു ഉദ്യോഗത്തിനുവേണ്ടി അപേക്ഷ സമർപ്പിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീകൾക്കു സംവരണമുണ്ട്. എന്നാലും പല ജോലികൾക്കും വേണ്ടി വിളിക്കുമ്പോൾ സ്ത്രീകൾ പിന്നോട്ടു മാറുകയാണ് ചെയ്യുന്നത്. തങ്ങൾക്ക് അതിനുള്ള അർഹത ഇല്ല എന്നു ചൂണ്ടിക്കാട്ടിയും സ്വയം പിൻമാറിയും. പൊലീസിൽ ചേരുന്ന സ്ത്രീകൾ‌ക്ക് അനുയോജ്യരായ വരൻമാരെ കിട്ടില്ല എന്നും കേട്ടിട്ടുണ്ട്. ആ സമ്പ്രദായത്തിന് ഒരു മാറ്റം വരുത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് മഹാരാഷ്ട്ര പബ്ലിക് സർവീസ് പരീക്ഷ എഴുതുന്നത്– സവിത പറയുന്നു.

പുണെയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് നേരിട്ട അനുഭവങ്ങളാണ് സവിതയെ പൊലീസ് ഓഫിസറാകാൻ പ്രേരിപ്പിച്ചത്. പ്രശ്നങ്ങളെക്കുറിച്ച് പരാതി പറയുമ്പോൾ ഞാൻ ഒരു നോട്ടപ്പുള്ളിയായി മാറി. ഒന്നും മിണ്ടാതെ സഹിച്ചിരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ശബ്ദമുയർത്തി; പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കാതെ– അങ്ങനെ പരീക്ഷകൾ ഒന്നൊന്നായി വിജയിച്ച് സവിത പൊലീസ് പരീക്ഷയ്ക്കു വേണ്ടി ഒരുങ്ങി. 

2017–ൽ പുണെയിലേക്കു പോകുമ്പോൾ സവിതയുടെ ലക്ഷ്യം യൂണിയൻ പബ്ലിക് സർവീസ് പരീക്ഷ. എന്നാൽ പുണെയിൽ വാടകയ്ക്കു മാത്രം മാസം 12,000 രൂപ വേണ്ടിവന്നു. അച്ഛനു മാത്രമാണു വീട്ടിൽ വരുമാനം ഉണ്ടായിരുന്നത്. മുംബൈയിൽ ഇലക്ട്രിസിറ്റി വിഭാഗത്തിൽ ഒരു സാധാരണ ക്ലർക്ക് ആയാണ് അദ്ദേഹത്തിന്റെ തുടക്കം. ഡിപാർട്മെന്റൽ പരീക്ഷ എഴുതി വിജയിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തുന്നത്. ഒരു സാധാരണ ക്ലർക്കിന്റെ മകളായ സവിതയ്ക്ക് അധികമൊന്നുമില്ല പ്രതീക്ഷിക്കാൻ എന്നതായിരുന്നു ധാരണ. സങ്കൽപം. അവയെയൊക്കെ പൊളിച്ചെഴുതിയാണ് ഇന്നത്തെ നിലയിൽ സവിത എത്തുന്നത്. 

എന്റെ മക്കളുടെ ഭാവിയെക്കുറിച്ച് എന്നുമെനിക്ക് ആശങ്കയുണ്ടായിരുന്നു. അവർ ഉയർന്ന നിലയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനുവേണ്ടി എന്തു ത്യാഗവും അനുഷ്ഠിക്കാൻ തയാറായിരുന്നു. അതുകൊണ്ടാണ് സവിതയെ പഠിപ്പിച്ചതും അവൾക്കൊരു നല്ല ജോലി കിട്ടണമെന്ന് ആഗ്രഹിച്ചതും– സവിതയുടെ പിതാവ് മാരുതി ഗാർജെ പറയുന്നു. 

ആഴ്ചയിൽ മൂന്നു ദിവസവും കുട്ടികൾക്ക് ട്യൂഷൻ എടുത്ത് സവിത പണമുണ്ടാക്കി. സമ്പാദിച്ച കുറച്ചു പണം കൊണ്ട് ഒരു ലാപ്ടോപ്പും വാങ്ങി. പഠനം തുടങ്ങി, സംസ്ഥാന സർവീസ് കടന്നുകൂടി എന്നതുകൊണ്ടു മാത്രം സവിതയുടെ മോഹങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ ഉയർന്ന ഉദ്യോഗമാണ് ലക്ഷ്യം,. അതുവരെ വിശ്രമമില്ല. സമൂഹത്തിൽ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വരുത്തണമെന്നും സവിത ആഗ്രഹിക്കുന്നു. അങ്ങനെ കൂടുതൽ സ്ത്രീകൾക്ക് ഇന്ത്യൻ ഭരണയന്ത്രത്തിന്റെ തലപ്പത്ത് എത്താൻ കഴിയണം– സവിത ശുഭപ്രതീക്ഷയോടെ മോഹിക്കുന്നു.