‘ഓരോ തവണ പരിശോധനാഫലം വരുമ്പോഴും അവർ പ്രതീക്ഷയോടെ കാത്തിരിക്കും. നെഗറ്റീവായാൽ തന്റെ കുഞ്ഞിനെ കയ്യിലെടുക്കാമല്ലോ....ഒരു വിളിപ്പാടകലെ കുഞ്ഞിനെ ഒരുതവണ കയ്യിലെടുക്കാൻ പോലും ആകാതെ കിടക്കുന്ന ആ അമ്മയുടെ മുഖമാണ് കോവിഡ് കാലത്ത് ഏറ്റവും വേദനാജനകമായി തോന്നിയത്.’ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സബിതാ റാണി തന്റെ അനുഭവം പങ്കുവയ്ക്കുന്നു.

യാത്രയുടേതായ അവശതകളോടുകൂടിയാണ് വിദേശത്തുനിന്നെത്തിയ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നത്. കോവിഡ് ടെസ്റ്റിൽ യുവതി പോസിറ്റീവായതോടെ കാര്യങ്ങൾ സങ്കീർണമായി. കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുത്തു. എന്നാൽ കുഞ്ഞിനെ അമ്മയുടെ അരികിൽ ഏൽപ്പിക്കാൻ സാധിക്കുമായിരുന്നില്ല. അവന് അമ്മയുടെ സ്ഥാനത്തുനിന്ന് കരുതൽ നൽകാൻ ഭൂമിയിലെ ഈ മാലാഖമാർ മറന്നില്ല.

നാളുകളുടെ കാത്തിരിപ്പിനൊടുവിൽ അമ്മയുടെയും കുഞ്ഞിന്റെയും ഫലം നെഗറ്റീവായതോടെ അവർ പരസ്പരം കണ്ടു. അമ്മയുടെ നെഞ്ചിൽ ചേർന്ന് അവൻ ഉറങ്ങി. അവരുടെ സന്തോഷം നിറഞ്ഞ മുഖം ഇന്നും മനസ്സിലുണ്ടെന്ന് സബിത പറയുന്നു. പ്രതിസന്ധികൾക്കിടയിലെ സേവനത്തിന്റെ കഥകളാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ദീപയ്ക്ക് പറയാനുള്ളത്.

9 വർഷം മുൻപ് സ്ട്രോക്ക് വന്ന് ഒരു വശം തളർന്നതാണ്. പിന്നീട് അതിനെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്നു. 3 കോവിഡ് ഐസലേഷൻ വാർഡുകളിൽ ജോലി ചെയ്തതിന്റെ പോരാട്ടവീര്യമാണ് ദീപയുടെ കൈമുതൽ. ഭർത്താവ് അനിലും സ്റ്റാഫ് നഴ്സാണ്. കുടുംബമായി ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ.

‘കുടുംബത്തിൽ നിന്നു നല്ല പിന്തുണയാണ് ലഭിക്കുന്നത്. ആകെയുള്ള വിഷമം കുട്ടികളെ പിരിഞ്ഞ് നിൽക്കേണ്ടി വരുന്നതാണ്. 14 ദിവസം ജോലി ചെയ്യും. പിന്നീട് 14 ദിവസം ക്വാറന്റീനിൽ ആണ്. ജോലിക്കിടയിൽ മക്കളുടെ പഠനകാര്യത്തിൽ വേണ്ടവിധം ശ്രദ്ധിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഈ സമയവും കടന്നു പോകും എന്ന പ്രതീക്ഷയിലാണ്.’ ദീപ പറയുന്നു.

‘അമ്മയേക്കാൾ കരുതുന്ന അമ്മായിയമ്മ കൂടെയുള്ളപ്പോൾ എന്തിനാണ് ടെൻഷൻ. ഞാൻ ഡ്യൂട്ടിക്കു പോകുമ്പോഴും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി അമ്മ ചെയ്യും. 14 ദിവസം അടുപ്പിച്ച് വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ ഒരു ബുദ്ധിമുട്ടും അതുകൊണ്ടുതന്നെ ഇതുവരെ അറിയേണ്ടിവന്നിട്ടില്ല. കുട്ടികളുടെ കാര്യത്തിലും അമ്മയുടെ കരുതൽ എപ്പോഴുമുണ്ട്.’ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എ.കെ.അഞ്ജുമോൾ കോവിഡ് കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

മൂന്നും അഞ്ചും വയസ്സുള്ള കുട്ടികളാണുള്ളത്. കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ ഇറങ്ങുമ്പോൾ വീട്ടിലുള്ളവർക്ക് ആദ്യം ഭയമായിരുന്നു. പിന്നീട് അവർക്കും ഇതിന്റെ പ്രാധാന്യം മനസ്സിലായി. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ദൗത്യത്തിന്റെ ഭാഗമാകുന്നത്. അതിൽ സന്തോഷമുണ്ട്. കുടംബത്തിന്റെ പിന്തുണയാണ് ഈ കാലഘട്ടത്തെ നന്നായി അതിജീവിക്കാൻ സഹായിച്ചതെന്നും അഞ്ജു പറയുന്നു.