കോവിഡ്–19 രോഗമുക്തി നേടി വീട്ടിലെത്തിയ ഭാര്യക്ക് വൻസ്വീകരണമൊരുക്കി രജനികാന്ത് ആരാധകനായ ഭർത്താവ്. രജനിയുടെ സൂപ്പർഹിറ്റ് ചിത്രമായ കബാലി സ്റ്റൈലിലായിരുന്നു സ്വീകരണം. കർണാടകയിലാണ് സംഭവം. 

പരവതാനിയും, പൂമാലയും, ചെണ്ടും, മേളവുമായി നടത്തിയ സ്വീകരണം കണ്ട് നാട്ടുകാരും അമ്പരന്നു. ഇവന്റ് മാനേജരായ രാമചന്ദ്ര റാവു ഭാര്യ കലാവതിക്കാണ് സ്വീകരണം ഒരുക്കിയത്. കോവിഡ് വാർഡിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു കലാവതി. ഏതാനും ആഴ്ചകൾക്കു മുൻപ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചതോടെ അതുവരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന അയല്‍വാസികൾ പോലും അകന്നു നിന്നു. ഇതു മനസ്സിലാക്കിയ രാമചന്ദ്ര റാവു ആശുപത്രി വിട്ട ഭാര്യക്ക് വൻ സ്വീകരണം ഒരുക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

‘ഞാൻ രജനീകാന്തിന്റെ വലിയ ആരാധകനാണ്. ഭാര്യയുടെയും മകളുടെയും താത്പര്യങ്ങളാണ് എനിക്ക് പ്രധാനം. കാരണം അവരെയാണ് ജീവനു തുല്യം സ്നേഹിക്കുന്നത്. ഞങ്ങളുടെ വീട് പത്ത് ദിവസം സീൽ ചെയ്തു. അവൾ സുഖമായി തിരിച്ചു വരാൻ ഞാനും മകളും പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു.’– രാമചന്ദ്ര റാവു പറയുന്നു. ആശുപത്രിയിലെത്തി പ്രധാന സർജനായ ഡോ. ടി.എ. വീരഭദ്രയ്യക്കും മറ്റ് ആരോഗ്യ പ്രവർത്തകര്‍ക്കും ആശുപത്രി ജീവനക്കാർക്കും രാമചന്ദ്ര റാവു പഴങ്ങളും പൂമാലകളും നല്‍കി സന്തോഷം പ്രകടിപ്പിച്ചു. 

മൂന്ന് മാസം  കൊറോണ വാർഡിൽ സേവനം അനുഷ്ഠിച്ച തന്റെ അനുഭവങ്ങൾ കലാവതിയും പങ്കുവച്ചു. ‘ജോലിക്കിടയിൽ നിരവധി പേരുടെ രോഗം മാറിയതിന് ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട്. വളരെ പെട്ടന്നു തന്നെ എന്റെ രോഗവും ഭേദമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.’– കലാവതി പറഞ്ഞു. 

English Summary: Rajini fan in Karnataka welcomes his COVID warrior wife in 'Kabali' style on her recovery