ഒന്‍പതു വര്‍ഷം മുന്‍പ്, ഇമാന്‍ എല്‍മാന്‍ എന്ന യുവതി സോമാലിയയുടെ ദേശീയ സൈന്യത്തില്‍ ചേരുമ്പോള്‍ യൂണിഫോം വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയത് ഒരു ഷര്‍ട്ടും രണ്ടു ജോഡി പാന്റ്സും. രണ്ടാമത്തെ ഷര്‍ട്ട് എവിടെ എന്ന് ചോദിച്ച ഇമാനോട് ഓഫിസര്‍ പറ‍ഞ്ഞത് പാന്റസ് ആവശ്യത്തിനനുസരിച്ച് ഷര്ട്ടായി തയ്ച്ച് ഉപയോഗിക്കാന്‍ ! 

സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ സമാധാന പ്രവര്‍ത്തകരുടെ കുടുംബത്തിലാണ് ഇമാന്‍ ജനിച്ചത്. എന്നാല്‍ വളര്‍ന്നതു കാനഡയില്‍. 19-ാം മത്തെ വയസ്സില്‍ തന്നെ ഇമാന്‍ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ പോരാടുന്ന രാജ്യത്തിന്റെ അഭിമാനമായ ദേശീയ സൈന്യത്തില്‍. അന്ന് രണ്ടാമതൊരു ഷര്‍ട്ട് നിഷേധിക്കപ്പെട്ടപ്പോള്‍ ഇമാന്‍ അധികമായി ലഭിച്ച പാന്റ്സ് മടക്കിക്കൊടുത്തിട്ട് അതു തനിക്ക് ഷര്‍ട്ടായി തയ്ക്കാന്‍ കഴിയില്ലെന്നു തുറന്നുപറഞ്ഞു. അതൊരു തിരിച്ചറിവായിരുന്നു. സൈന്യത്തിലെ ജീവിതത്തില്‍ അനുഭവിക്കാന്‍ കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച്. പാരമ്പര്യത്തിലധിഷ്ഠിതമായ, പുരുഷകേന്ദ്രീകൃതമായ സൈന്യത്തിലെ ഒരു യുവതിയുടെ ജീവിതത്തിന്റെ ആദ്യത്തെ വെല്ലുവിളി. 

ഇമാന്‍ സൈന്യത്തില്‍ ചേര്‍ന്നിട്ട് ഒരു ദശകം തികയാന്‍ പോകുന്നു. ഇന്നവര്‍ ലഫ്റ്റനന്റ് കേണലാണ്. സാധാരണ സൈനികോദ്യോഗസ്ഥ എന്ന നിലയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് അവിടെനിന്ന് സൈന്യത്തിന്റെ തന്ത്രങ്ങളും പദ്ധതികളും നടപ്പാക്കുന്ന വിഭാഗത്തിന്റെ മേധാവിയാണവര്‍. സോമാലിയ ദേശീയ സൈന്യത്തില്‍ ഒരു വിഭാഗത്തിന്റെ മേധാവി സ്ഥാനം വഹിക്കുന്ന ഏക വനിത. 

25,000 പേരുള്ള സൈന്യത്തില്‍ 900 പേരാണ് വനിതകള്‍. ആഫ്രിക്കയിലെ തന്നെ ഏറ്റവും കൊടുംഭീകരരോടാണ് അവര്‍ ഏറ്റുമുട്ടുന്നത്. സോമാലിയയില്‍ ഇന്നും സ്ത്രീകളുടെ ജീവിതം ദയനീയമാണ്. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായുമെല്ലാം പിന്നാക്കാവസ്ഥയിലാണവര്‍. രാജ്യമാകട്ടെ വര്‍ഷങ്ങളായി നിരന്തരമായ ആഭ്യന്തര പോരാട്ടങ്ങളിലും. കാലാകാലങ്ങളില്‍ അധികാരത്തിലേറിയ ദേശീയ സര്‍ക്കാരുകള്‍ ലഹള അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 

ഇമാന്‍ സൈന്യത്തില്‍ ചേരാന്‍ തയാറായപ്പോള്‍ മിക്കവരും അവരെ നിരുത്സാഹസപ്പെടുത്തുകയാണു ചെയ്തത്. സൈന്യത്തിലുള്ളവര്‍ പോലും പറഞ്ഞത് ഇമാനിന് സൈന്യത്തില്‍ പാചകക്കാരിയുടെ ജോലി മാത്രമായിരിക്കും ലഭിക്കുന്നതെന്ന്. അല്ലെങ്കില്‍ ശുചീകരണത്തൊഴിലാളിയുടെ. സഹായിക്കാനും പിന്തുണയ്ക്കാനും ആരും ഇല്ലാതെവന്നപ്പോള്‍ അതായിരുന്നു ഇമാന്റെ ഏറ്റവും വലിയ പ്രേരണയും പ്രചോദനവും. 

1991 ഡിസംബര്‍10 നാണ് ഇമാന്‍ ജനിക്കുന്നത്. കുടുംബത്തില്‍ മുത്തവര്‍ രണ്ടു പെണ്‍കുട്ടികള്‍ കൂടിയുണ്ടായിരുന്നു. സോമാലിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലമായിരുന്നു അത്. അച്ഛനമ്മമാര്‍ക്ക് വേര്‍പിരിഞ്ഞു മക്കളുമായി ജീവിക്കേണ്ടിവന്നു. സമാധാന പ്രവര്‍ത്തകനായ പിതാവിന് മാരകമായി വെടിയേറ്റ അനുഭവവുമുണ്ട് ഇമാനിന്. പിതാവ് സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച വീട്ടില്‍ നിന്നുള്ള മകള്‍ സൈന്യത്തില്‍ ചേര്‍ന്നതിനെ പരിഹസിച്ചവരുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കുംവേണ്ടിയാണ് താന്‍ തോക്ക് എടുത്തതെന്നാണ് അവരോട് ഇമാന്‍ പറ‍ഞ്ഞത്. സഹോദരി ഇല്‍വാദ് 2009- ല്‍ സമാധാന നൊബേല്‍ സമ്മാനത്തിനുവേണ്ടി പരിഗണിക്കപ്പെട്ട വ്യക്തി കൂടിയാണ്. 

രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നതിനൊപ്പം സൈന്യത്തില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം ഉറപ്പാക്കാനും ഇമാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കുടുംബാംഗങ്ങളെ തന്നെ നഷ്ടപ്പെട്ടിട്ടും ഇന്നും പതറുന്നില്ല ഇമാന്‍. രാജ്യത്തിന്റെ നല്ല നാളെകളാണ് മനസ്സില്‍. അതിനുവേണ്ടിയുള്ള നിസ്വാര്‍ഥമായ പ്രവര്‍ത്തനം മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം.

English Summary: Somalia’s Army Told Her to Sew a Skirt. Now She’s One of Its Top Officers.