Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

240 രൂപ ഫീസിൽ എംബിബിഎസ് പഠിക്കാം

Medical-Student

ഈ വർഷത്തെ എംബിബിഎസ് പ്രവേശനം ഏതു സ്ഥാപനത്തിലായാലും നീറ്റ്‌ സ്കോർ അടിസ്ഥാനമായിട്ടാണ്. കേരളത്തിലെ സ്വാശ്രയ കോളജുകളിലെയും കൽപിത സർവകലാശാലകളിലെയും 85% എംബിബിഎസ് സീറ്റുകളിലെ വാർഷിക‌ ട്യൂഷൻ ഫീസ് അഞ്ചര ലക്ഷം രൂപയായി തീരുമാനിച്ചതു പ്രവേശനം തേടുന്നവർക്കു പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. നീറ്റിൽ മികച്ച റാങ്കുള്ളവർക്ക് 240 രൂപ ഫീസിൽപോലും പഠിക്കാനുള്ള സൗകര്യം ദേശീയതലത്തിലുണ്ട്. കുറഞ്ഞ ഫീസുള്ള മൂന്നു കോളജുകളിങ്ങനെ:

∙ മൗലാനാ ആസാദ് മെഡിക്കൽ കോളജ്, ന്യൂ‍ഡൽഹി: 240 രൂപ
∙ ദിസ്പുർ മെഡിക്കൽ കോളജ്: 1200 രൂപ
∙ ലേഡി ഹാർഡിഞ്ജ് മെഡിക്കൽ കോളജ്, ന്യൂ‍ഡൽഹി: 1355 രൂപ

വാർഷിക ട്യൂഷൻ ഫീ 5000 രൂപ പോലുമില്ലാത്ത വേറെയും മെഡിക്കൽ കോളജുകളുണ്ട്. ചിലപ്പോൾ നേരിയ വർധന വന്നേക്കാം. ഇവയെ സംബന്ധിച്ച വിവരങ്ങൾക്ക് www.mcc.nic.in എന്ന സൈറ്റിലെ Participating Institutions – View ലിങ്കുകൾവഴി പോകുക. 15% അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള വെബ്സൈറ്റാണിത്. ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മുകശ്‌മീർ എന്നിവയൊഴികെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള സർക്കാർ മെഡിക്കൽ – ഡെന്റൽ കോളജുകളിലെ 15% എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്കു കുട്ടികളെ അലോട്ട് ചെയ്യുന്നതിനുള്ള റജിസ്‌ട്രേഷൻ ജൂലൈ മൂന്നിനു തുടങ്ങും. 

ചോയ്സ് ഫില്ലിങ് അഞ്ചുമുതൽ. നീറ്റ് റാങ്ക് ആധാരമാക്കിയാണു കേന്ദ്ര ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് www.mcc.nic.in എന്ന സൈറ്റിൽ ചോയ്സുകൾ സ്വീകരിച്ച് അലോട്‌മെന്റ് നടത്തുന്നത്. നേരിട്ട് ഏതെങ്കിലും കേന്ദ്രത്തിൽ പോകേണ്ട. താഴെപ്പറയുന്ന സമയക്രമം പാലിക്കും.

റജിസ്‌ട്രേഷൻ: ജൂലൈ മൂന്നുമുതൽ 11നു വൈകിട്ട് അഞ്ചുവരെ
ചോയ്സ് ഫില്ലിങ്: ജൂലൈ അഞ്ചുമുതൽ
ചോയ്സ് സമർപ്പണവും ലോക്കിങ്ങും: ജൂലൈ 12ന് അഞ്ചുമണിവരെ
ഒന്നാം റൗണ്ട് അലോട്‌മെന്റിനുള്ള റിസൽട്ട്: 15
ഒന്നാം റൗണ്ട് പ്രവേശനം: 22ന് അഞ്ചുവരെ

തുടർന്നു രണ്ടാമത്തെ അലോട്‌മെന്റും പ്രവേശനവും നിർദിഷ്‌ട തീയതികളിൽ നടത്തി, ഓഗസ്‌റ്റ് 16ന് എംബിബിഎസ് / ബിഡിഎസ് ക്ലാസുകൾ തുടങ്ങും.

ജൂൺ 26ലെ അറിയിപ്പു പ്രകാരം നീറ്റിൽ യോഗ്യത നേടിയവർക്കെല്ലാം അഖിലേന്ത്യാ ക്വോട്ടയ്ക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. യോഗ്യത നേടിയവരിൽ മികവേറിയ ഏതാനുംപേരെ മാത്രം പരിഗണിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്. അഖിലേന്ത്യാ ക്വോട്ട വഴി കേരളത്തിലെ കുട്ടികൾക്കു മിതമായ ഫീസ് മാത്രം നൽകി ഇന്ത്യയിലെ ഏതു ഭാഗത്തും പഠിക്കാം. കേരളത്തിലെ സ‌ർക്കാർ കോളജുകളിലും പ്രവേശനം കിട്ടാം. സംവരണം ദേശീയമാനദണ്ഡങ്ങൾ പ്രകാരമാണ്. പട്ടികജാതി 15%, പട്ടികവർഗം ഏഴര ശതമാനം, കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ക്രീമിലെയറിൽപ്പെടാത്ത ഒബിസി 27%, അംഗപരിമിതർ ഓരോ വിഭാഗത്തിലും 3% എന്ന ക്രമം. അംഗപരിമിതർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കിട്ടുന്നതിനു ചെന്നൈ, മുംബൈ,‌ ഡൽഹി, കൊൽക്കത്ത എന്നീ സ്ഥലങ്ങളിലൊന്നിലെ നിർദിഷ്ട‌ കേന്ദ്രത്തിൽ പോകണം.

എനിക്കു കിട്ടുമോ?
ആർക്കും ക‍ൃത്യമായി ഉത്തരം പറയാനാവാത്ത ഈ ചോദ്യം കുട്ടികൾ നിരന്തരം ചോദിക്കുന്നു. കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരിൽ അവസാന റാങ്കുകാരെ മനസ്സിൽവച്ചു നടത്താവുന്ന ഏകദേശ പ്രവചനമനുസരിച്ച് താഴെ സൂചിപ്പിക്കുന്ന റാങ്കുകാർക്കുവരെ അഖിലേന്ത്യാ ക്വോട്ട‌യിൽ കിട്ടിയേക്കാം.

1. എംബിബിഎസ്: ജനറൽ – 5800, ഒ‌ബിസി – 5900, പട്ടികജാതി – 37,000, പട്ടികവർഗം – 64,000, അംഗപരിമിതർ – 2,06,700 (ജാതിസംവരണ വിഭാഗക്കാരിലെ അംഗപരിമിതർക്കു കുറെക്കൂടി കുറഞ്ഞ റാങ്കിലും കിട്ടാം)

2. ബിഡിഎസ്: ജനറൽ – 8400, ഒ‌ബിസി – 8400, പട്ടികജാതി – 42,000, പട്ടികവർഗം – 68,700, അംഗപരിമിതർ – 1,36,000 (ജാതിസംവരണ വിഭാഗക്കാരിലെ അംഗപരിമിതർക്കു  കുറഞ്ഞ റാങ്കിലും കിട്ടാം)

കേരളത്തിലെ കോളജുകളിൽ എംബിബിഎസ് മെറിറ്റ് സീറ്റിന് 2300, ബിഡിഎസ് മെറിറ്റ് സീറ്റിന് 7000 ക്രമത്തിലെങ്കിലും റാങ്ക് വേണ്ടിവരാനാണു സാധ്യത. സംവരണ വിഭാഗക്കാർക്കു കുറച്ചുകൂടി കുറഞ്ഞ റാങ്കുകളായാലും മതി. വിവിധ കൽപിത സർവകലാശാലകളും വന്നിട്ടുള്ളതിനാൽ ഈ വർഷം മേൽസൂചിപ്പിച്ചവയെക്കാൾ താഴെയുള്ള റാങ്കുകാർക്കും സില‌ക്‌ഷൻ കിട്ടാം. ദേശീയതലത്തിൽ കോഴ്സും കോളജും കാറ്റഗറിയും തിരിച്ചുള്ള സമ്പൂർണ ലിസ്റ്റിന് All India Quota Under Graduate Allotment - 2017 എന്ന വെബ്സൈറ്റിൽ സെർച്ച് ചെയ്യുക. സംശയപരിഹാരത്തിന് ഇ–മെയിൽ: adgme@nic.in

ഫോൺ: 011 23062493

Read More: Top Courses