Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറൽ നഴ്‌സിങ്: കുറഞ്ഞ ചെലവിൽ പഠനം

nurse

ആതുരസേവനരംഗത്തെ കാരുണ്യത്തിന്റെ മുഖമാണു നഴ്‌സിങ്. ഇന്ത്യയിലും വിദേശത്തും നല്ല പ്രഫഷനൽ സാധ്യതയുള്ള പഠനമാർഗമാണു നഴ്‌സിങ്ങിന്റേത്. ഈ രംഗത്തു കടക്കാൻ വേണ്ട അവശ്യയോഗ്യത നാലു വർഷത്തെ നഴ്‌സിങ് ബിഎസ്‌സി അഥവാ മൂന്നു വർഷത്തെ ജനറൽ നഴ്‌സിങ് ആൻഡ് മി‍‍‍ഡ്‌വൈഫറി ഡിപ്ലോമയാണ്. സ്വകാര്യ നഴ്‌സിങ് കോളജുകളുടെ സംഖ്യ അടുത്തകാലത്തു കേരളത്തിൽ വർധിച്ചിട്ടുണ്ടെങ്കിലും ഉയർന്ന ഫീസ് നിലവാരം പലരെയും ഈ മാർഗത്തിൽനിന്നു പിൻതിരിപ്പിക്കുന്നു.

പറയത്തക്ക ഫീസൊന്നും കൂടാതെയെന്നല്ല, പ്രതിമാസം 700 രൂപ സ്‌റ്റൈപൻഡും വാങ്ങി, ജനറൽ നഴ്‌സിങ് ഡിപ്ലോമയ്‌ക്കു പഠിക്കാനുള്ള അവസരമാണ് കേരളത്തിലെ സർക്കാർ നഴ്‌സിങ് സ്‌കൂളുകൾ ഒരുക്കുന്നത്. പതിനാലു ജില്ലകളിലും ഓരോ സ്‌കൂൾ ഉള്ളതിനു പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്. ആകെ സീറ്റുകളുടെ 20% ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു. പുരുഷ നഴ്‌സുമാർക്കും വിദേശരാജ്യങ്ങളിലടക്കം പ്രിയമേറെയാണ്.

ഡിപ്ലോമ നേടിയശേഷം സർക്കാർ ആവശ്യപ്പെടുന്നപക്ഷം നിർദിഷ്‌ട വേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും. സംസ്‌ഥാന ആരോഗ്യവകുപ്പു ഡയറക്‌ടറുടെ www.dhs.kerala.gov.in എന്ന വെബ്സൈറ്റിലെ Downloads – Notification ലിങ്കുകൾവഴി പോയാൽ അറിയിപ്പും പ്രോസ്പെക്ടസും അപേക്ഷാ ഫോമും കിട്ടും. നിർദേശങ്ങൾ പാലിച്ചു ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് അപേക്ഷകയുടെ ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ ജൂലൈ 20ന് അകം എത്തിക്കണം.

അപേക്ഷാ ഫീയായി 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ. ആകെയുള്ള 365 സീറ്റ് ഓരോ റവന്യു ജില്ലയ്ക്കും ഇത്രയെന്ന ക്രമത്തിൽ വകയിരുത്തിയിരിക്കുന്നു. ഇവയിൽ 64% മെറിറ്റിനും ശേഷിച്ച 36% സാമുദായിക സംവരണത്തിനുമായി വിഭജിച്ചിട്ടുമുണ്ട്.

ചുരുക്കം ചില സീറ്റുകൾ സ്‌പോർട്‌സ്, സൈനികരുടെ ആശ്രിതർ, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ മുതലായ വിഭാഗങ്ങൾക്കു സംവരണം ചെയ്‌തിരിക്കുന്നു. അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്‌എസ്‌എൽസി ബുക്കിൽ കാണുന്നതിൽനിന്നു വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ അഞ്ചു വർഷമെങ്കിലും പുതിയ ജില്ലയിൽ സ്‌ഥിരമായി പാർത്തുവരുന്നുവെന്നതിന് വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള കൊല്ലത്തെ സ്‌കൂളിലെ പ്രവേശനത്തിനു സംസ്‌ഥാനത്ത് എവിടെയുമുള്ളവർക്ക് അവിടുത്തേക്കു നേരിട്ട് അപേക്ഷിക്കാം. ആകെയുള്ള ഇരുപതു സീറ്റിൽ നാലെണ്ണം ആൺകുട്ടികൾക്ക്.

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ ടു പരീക്ഷ 40% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്കു പാസ് മാർക്ക് മതി. ഈ വിഷയങ്ങൾ പഠിച്ചു ജയിച്ചവർ വേണ്ടത്രയില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും. 2017 ‍ഡിസംബർ 31നു പ്രായം 17 - 27 വയസ്സ്. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 32 / 30 വയസ്സുവരെയാകാം. മികച്ച ആരോഗ്യം നിർബന്ധം. വികലാംഗരെ പരിഗണിക്കില്ല. ഇടയ്‌ക്കുവച്ചു കോഴ്‌സ് വിട്ടുപോകാൻ ശ്രമിക്കുന്നപക്ഷം സർക്കാർ നിശ്‌ചയിക്കുന്ന നഷ്‌ടപരിഹാരത്തുക നൽകേണ്ടിവരും. പെൺകുട്ടികൾക്കു ഹോസ്‌റ്റൽ സൗകര്യമുണ്ട്.

അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ വളരെ ഉയർന്ന വേതനത്തോടെ പതിനായിരക്കണക്കിനു നഴ്‌സുമാരെ ആവശ്യമുണ്ട്. ഇതിന് അർഹത നേടണമെങ്കിൽ നഴ്‌സിങ് യോഗ്യതയോടൊപ്പം സിജിഎഫ്‌എൻഎസ്, എൻസിലെക്‌സ് ആർഎൻ പരീക്ഷകളും ജയിക്കണം. ഈ പരീക്ഷകൾ ഇപ്പോൾ ഇന്ത്യയിൽ എഴുതാം. ഇക്കാര്യത്തിൽ താൽപര്യമുള്ളവർ ഇംഗ്ലിഷ് മാതൃഭാഷയായവരെപ്പോലെ ആ ഭാഷ കൈകാര്യം ചെയ്യാൻ ശേഷി ആർജിക്കേണ്ടതുണ്ട്.

ടോഫൽ, ഐഇഎൽടിഎസ് മുതലായ ഏതെങ്കിലും നിർദിഷ്‌ട പരീക്ഷയിൽ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടിവരും. വിദേശത്തെ നഴ്‌സിങ് ജോലിയിൽ കണ്ണുള്ളവർ ഇതിനുള്ള ശ്രമം കാലേകൂട്ടി തുടങ്ങുന്നതു നന്ന്. കോഴ്‌സ് ഒക്‌ടോബറിൽ തുടങ്ങും. സംശയപരിഹാരത്തിന് ഏതെങ്കിലും നഴ്‌സിങ് സ്‌കൂളുമായി ബന്ധപ്പെടാം. ഫോൺ: എറണാകുളം – 0484 2351314; തിരുവനന്തപുരം – 0471 2306395; കോഴിക്കോട് – 0495 2365977.