Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ്: ഓൾ ഇന്ത്യാ കൗൺസലിങ്ങിനു തയാറെടുക്കാം

537551924

നീറ്റ് റിസൽട്ടു വന്നു. ഉന്നതവിജയം നേടിയവർക്കിനി എംബിബിഎസ് അഡ്മിഷനെക്കുറിച്ചു ചിന്തിക്കാം.അല്ലാത്തവർക്കു വീണ്ടും ശ്രമിക്കാം.. അടുത്ത നീറ്റ് വരെ.ഏകീകൃതമായ ഒരു മെഡിക്കൽ എൻട്രൻ‌സ് പരീക്ഷ അതിന്റെ പൂർണാർഥത്തിൽ രാജ്യത്തു നടപ്പാക്കുന്നത് ഇതാദ്യമായിട്ടാണ്. കഴിഞ്ഞ തവണ നീറ്റ് നടപ്പാക്കിയെങ്കിലും പ്രവേശന നടപടികളിൽ അടിക്കടി വന്ന മാറ്റങ്ങളും കോടതിവിധികളും വിദ്യാർഥികൾക്കിടയിൽ നിരന്തരം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ മെഡിക്കൽ പ്രവേശനം അത്തരം തട്ടും തടകളുമൊന്നുമില്ലാതെയാകും നടക്കാൻ സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധൻമാർ അഭിപ്രായപ്പെടുന്നുണ്ട്. 

കൗൺസലിങ് ജൂലൈ മൂന്നിനു
www.mcc.nic.in എന്ന വെബ്സൈറ്റിലാണു കൗൺസലിങ് തുടങ്ങുന്നത്. റജിസ്ട്രേഷൻ, ഓപ്ഷൻ സമർപ്പിക്കൽ എന്നിവ 3 മുതൽ 11 വരെ നടത്താം. 11നു അഞ്ചിനു റജിസ്ട്രേഷൻ ചെയ്യാനുള്ള പോർട്ടൽ അവസാനിക്കും. പലർക്കും അറിയാവുന്നതു പോലെ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജ് സീറ്റുകളിൽ 15 ശതമാനം ഓൾ ഇന്ത്യാ ക്വോട്ടയിലാണ്. ഈ ക്വോട്ട നികത്താനുള്ള കൗൺസലിങ്ങാണ് ഇപ്പോൾ നടത്തുന്നത്.കേന്ദ്ര സ്ഥാപനമായ മെഡിക്കൽ കൗൺസലിങ് സെന്ററാണ് (എംസിസി) ആൾ ഇന്ത്യാ ക്വോട്ട കൗൺസിലിങ് നടത്തുന്നത്.85 ശതമാനമുള്ള സംസ്ഥാന ക്വോട്ടയിലെ പ്രവേശനം തീരുമാനിക്കുക സംസ്ഥാനസർക്കാരാണ്.

ശ്രദ്ധിക്കേണ്ട കാര്യം– നീറ്റിൽ നല്ല റാങ്ക് നേടിയവർ വരെ അലസതയുടെ പേരിൽ റജിസ്ട്രേഷൻ വച്ചു താമസിപ്പിച്ച് ഒടുവിൽ പണി കിട്ടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  അവസാന ദിവസങ്ങളിൽ റഷ് മൂലം വെബ്സൈറ്റുകൾ ഹാങ്ങാവാൻ ചാൻസുണ്ട്.മാത്രവുമല്ല, എന്തെങ്കിലും തെറ്റ്പറ്റിയാൽഅതു തിരുത്താനോ അധികൃതരെ ബന്ധപ്പെടാനോ ഉള്ള അവസരവും ഇല്ലാതാകും .അതിനാൽ എത്രയും വേഗം റജിസ്ട്രേഷൻ, ഓപ്ഷൻ കൊടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്.. നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യ ക്വോട്ടാ സീറ്റുകൾക്കു യോഗ്യത നേടിയവരാണു കൗൺസിലിങ്ങിൽ  പങ്കെടുക്കേണ്ടത്.

ഏതെല്ലാം റാങ്കുകൾ?
നീറ്റിന്റെ റാങ്കിങ്ങിനെ സംബന്ധിച്ചു ചില വിദ്യാർഥികൾക്കെങ്കിലും ഇത്തവണ സംശയം തോന്നാനിടയുണ്ട്്. ഓൾ ഇന്ത്യാ റാങ്ക്, ഓൾ ഇന്ത്യാ ക്വോട്ടാ റാങ്ക് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയാം.പരീക്ഷയിൽ നിങ്ങൾക്കു ലഭിച്ച റാങ്കാണ് ആൾ ഇന്ത്യാറാങ്ക്. ഇന്ത്യയിലാകമാനമുള്ള  വിദ്യാർഥികളുടെ  അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള കൗൺ‌സിലിങ്ങിനായി രൂപീകരിച്ചതാണു ഓൾ ഇന്ത്യാ ക്വോട്ടാ റാങ്ക്. ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾ ഇതിൽ ഉൾ‌പ്പെടുന്നില്ല.

കൗൺസിലിങ്  രീതി
റജിസ്ട്രേഷൻ കഴിഞ്ഞാൽ താൽപര്യമുള്ള ഓപ്ഷനുകൾ നൽകാം.അടുത്തതായി സീറ്റ് അലോട്ട്മെന്റ്. ഇതിന്റെ ഫലം വെബ്സൈറ്റിൽ താമസിയാതെ വരും. അലോട്ട്മെന്റ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും. അതിനു ശേഷം അലോട്ട്മെന്റ് നടക്കാത്ത സീറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.തുടർന്നു രണ്ടാംഘട്ട അലോട്ട്മെന്റ് .രണ്ടാംഘട്ടത്തിലേക്കു പുതിയതായി ഓപ്ഷനുകൾ നൽകാനുള്ള അവസരം വീണ്ടും ലഭിക്കും. ഇതിൽ അലോട്ട്മെന്റ് ലഭിച്ചവരും തങ്ങളുടെ കോളജുകളിൽ റിപ്പോർ്ട്ട് ചെയ്യേണ്ടതാണ്.

റജിസ്ട്രേഷൻ രഹസ്യമാക്കണേ
മെഡിക്കൽ കൗൺസലിങ് സെന്ററിന്റെ വെബ്സൈറ്റിൽ‌ വളരെ കാതലായ ഒരു ഉപദേശം വിദ്യാർഥികൾക്കായി നൽകിയിട്ടുണ്ട്. തങ്ങളുടെ യൂസർനെയിം പാസ്‌വേർഡ് തുടങ്ങിയ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്നതാണ് ഇത്. മറ്റൊരാൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ കയറാൻ സാധിക്കുന്ന അവസ്ഥ ചിലപ്പോൾ നിങ്ങളുടെ അലോട്മെന്റിനെ തന്നെ തകർക്കുന്ന നിലയിലേക്കെത്താം. ഇതു സംഭവിക്കാതിരിക്കാൻ യൂസർനെയിമും പാസ്‌വേർഡും അതീവരഹസ്യമാക്കി സൂക്ഷിക്കാം. ഇന്റർനെറ്റ് കഫേകളിൽ ഓപ്ഷൻ റജിസ്റ്റർ ചെയ്യുന്നവർ കൃത്യമായും ലോഗോഫ് ചെയ്യാൻ ഓർക്കണം.

സർട്ടിഫിക്കറ്റുകൾ വളരെ പ്രധാനം
സെന്ററുകളിൽ അഡ്മിഷനെടുക്കാനായി പോകുമ്പോൾ സർട്ടിഫിക്കറ്റുകളുടെ കാര്യം  പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമുള്ള ഓരോ സർട്ടഫിക്കറ്റും ഉറപ്പുവരുത്തുക. ഒബിസി, എസ്‌സി/എസ്ടി തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള സർ‌ട്ടിഫിക്കറ്റുകളും  ശരിയായ ഫോർമാറ്റിൽ തന്നെയാണെന്ന് ഉറപ്പു വരുത്തുക. ഇതെല്ലാം ഏതു ഫോർമാറ്റിലാണു  വേണ്ടെതെന്നു എംസിസിയുടെ  വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്. അതു പാലിക്കാൻ ശ്രമിക്കുക. സർട്ടിഫിക്കറ്റിൽ ഏതെങ്കിലുമൊന്നിൽ‌ പേരിന്റെ അക്ഷരങ്ങൾ തെറ്റിക്കിടന്നാൽ ഇതു വിശദീകരിക്കുന്ന ഔദ്യോഗിക രേഖകൾ വാങ്ങേണ്ടതാണ്. അല്ലാത്തപക്ഷം അഡ്മിഷനെ ഇതു ബാധിക്കും.

ശാരീരിക വൈകല്യങ്ങളുള്ളവർ ഇതു തെളിയിക്കുന്നതനായി എംസിസി നിർദേശിച്ചിരിക്കുന്ന  നാലു സെന്ററുകളിൽ നിന്നു സർട്ടിഫിക്കറ്റുകൾ  വാങ്ങേണ്ടതാണ്.മുംബൈ, ചെന്നൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Read More: Career Guidance