Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിക്കുട്ടിയെ പാലൂട്ടുന്ന സിംഹിണി; അപൂർവങ്ങളിൽ അപൂർവം ഈ ചിത്രം; പക്ഷേ...

Lion seen nursing leopard cub

‘കീരിയും പാമ്പും പോലെ...’ ശത്രുതയുടെ കാര്യത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം ആഫ്രിക്കൻ സിംഹങ്ങളെയും പുള്ളിപ്പുലികളെയും. പരസ്പരം കണ്ടാൽ കടിച്ചു കീറി കൊല്ലുന്ന സ്വഭാവം. പക്ഷേ പ്രകൃതിയല്ലേ, ഏതു നിമിഷവും നിയമങ്ങൾ മാറിമറയാം. അത്തരമൊരു നിമിഷത്തെ സ്നേഹക്കാഴ്ചയാണ് ഇപ്പോൾ ജന്തുസ്നേഹികൾക്കിടയിലെ ചർച്ച. ടാൻസാനിയയിലെ ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നായിരുന്നു ഈ കാഴ്ച. അഞ്ചു വയസ്സ് പ്രായമുള്ള സിംഹിണി ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നു. ‘അദ്ഭുതക്കാഴ്ച’ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. കാരണം ഇത്തരമൊരു കാഴ്ച ഇന്നേവരെ ലോകത്തിനു മുന്നിലെത്തിയിട്ടില്ല. വന്യമൃഗസംരക്ഷണ കേന്ദ്രം സന്ദർശിച്ച ഒരു ഫൊട്ടോഗ്രാഫർ എടുത്ത ഫോട്ടോ അതിനാൽത്തന്നെയാണ് ലോകമാധ്യമങ്ങളിൽ തന്നെ പ്രാധാന്യമുള്ള വാർത്തയായതും. 

എന്നാൽ ഈ സ്നേഹബന്ധം എത്രനാൾ തുടരും എന്ന കാര്യത്തിൽ വിദഗ്ധർക്ക് സംശയമുണ്ട്. നോസികിടോക് എന്നു പേരിട്ടിരിക്കുന്ന സിംഹിണി ഒരു മാസം മുൻപാണ് ഏതാനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഫോട്ടോയിലില്ലെങ്കിലും ചെടിക്കൂട്ടങ്ങൾക്കിടയിൽ സുഖമായിരിപ്പുണ്ട് അവ. വേട്ടക്കാരുടെ ഭീഷണിയുള്ളതിനാൽ നോസികിടോക്കിനെ ഒരു ജിപിഎസ് റേഡിയോ കോളർ വഴി അധികൃതർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ പുലിക്കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. എപ്പോൾ മുതൽ ഈ പുലിക്കുട്ടി സിംഹിണിക്കൊപ്പമുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല. ആദ്യകാഴ്ചയിൽ ഏതാനും ആഴ്ചത്തെ പ്രായമേ തോന്നുകയുള്ളൂ പുലിക്കുഞ്ഞിന്. അതാണ് ജന്തുസ്നേഹികളെ ആശങ്കാകുലരാക്കുന്നതും. 

പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങൾ 12 മുതൽ 14 മാസം വരെ അമ്മയ്ക്കൊപ്പം നിൽക്കാറുണ്ട്. അതേസമയം ഒറ്റയ്ക്ക് ഏഴു മുതൽ എട്ടുമാസം വരെ അതിജീവനം നടത്തിയ കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സിംഹങ്ങളുടെ കാലത്ത് കാര്യങ്ങൾ അൽപം കൂടി നേരത്തേയാണ്. പ്രസവസമയത്ത് എല്ലാവരിൽ നിന്നും വിട്ടുമാറി നിൽക്കുന്നതാണ് സിംഹിണികളുടെ പതിവ്. കുഞ്ഞുങ്ങൾക്ക് ആറു മുതൽ എട്ടു വരെ ആഴ്ച പ്രായമാകുമ്പോഴേക്കും സിംഹിണി തിരികെ തന്റെ കൂട്ടത്തിലേക്കു പോകും. നിലവിൽ തന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്കായിരിക്കാം അമ്മസിംഹം പുള്ളിപ്പുലിക്കും കൊടുക്കുന്നത്. അവയുടെ അതേ പ്രായം തന്നെയാണല്ലോ പുള്ളിപ്പുലിക്കും. എന്നാൽ സിംഹങ്ങളുടെ കൂട്ടത്തിലേക്ക് ഇതെത്തിയാൽ ആദ്യകാഴ്ചയിൽ തന്നെ മറ്റുള്ളവ കടിച്ചുകീറുമെന്നത് ഉറപ്പ്. 

Lion seen nursing leopard cub

ഇനി അഥവാ സിംഹിണിയെ വിട്ട് പുള്ളിപ്പുലി പോയാലോ? അതിന് ഒന്നൊന്നര മാസമേ പ്രായം കാണുകയുള്ളൂ. ഒറ്റയ്ക്ക് ജീവിക്കുക ഏറെക്കുറെ അസാധ്യം. മറ്റൊരു പ്രശ്നം കൂടിയുണ്ട്. കഴുതപ്പുലികൾ, കാട്ടുതീ തുടങ്ങിയ ഭീഷണികൾ ടാൻസാനിയൻ വനത്തിലുണ്ട്. ഇവയുടെ ആക്രമണവും മറ്റും കാരണം ഓരോ വർഷവുമുണ്ടാകുന്ന സിംഹക്കുഞ്ഞുങ്ങളിൽ പകുതിയും ഒരു വർഷത്തിനപ്പുറം ജീവിക്കാറില്ല. അമ്മയുണ്ടായിരിക്കെത്തന്നെ സിംഹക്കുഞ്ഞുങ്ങൾക്ക് ഇങ്ങനെയാണെങ്കിൽ പുള്ളിപ്പുലിക്കുഞ്ഞിന്റെ കാര്യം പറയാനുണ്ടോ? 

സിംഹത്തിന്റെ പാലു കുടിച്ചു വളരുന്നതിൽ പുള്ളിപ്പുലിക്ക് പ്രശ്നമൊന്നുമില്ല. സിംഹവും പുലിയും ഒരേതരം പാലാണ് പുറപ്പെടുവിക്കുന്നത്. ഇരുവിഭാഗത്തിന്റെയും കുട്ടികളെ പരിചരിക്കുന്ന രീതിയും ഏകദേശം ഒരുപോലെയാണ്. അതേസമയം സിംഹക്കുഞ്ഞുങ്ങൾ പുള്ളിപ്പുലിയെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യവും സംശയമാണ്. ഒരുപക്ഷേ വിശന്നിരിക്കുന്ന അവ പുലിയെ ഭക്ഷണമാക്കാൻ വരെ സാധ്യതയുണ്ട്. സിംഹക്കുഞ്ഞുങ്ങൾക്കൊപ്പമുള്ള നിലവിലെ ജീവിതവും അത്ര എളുപ്പമാകില്ലെന്നർഥം! എന്തായാലും പുള്ളിപ്പുലിക്ക് വേണ്ട സംരക്ഷണമൊരുക്കാൻ തന്നെയാണ് ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ തീരുമാനം.