Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഹങ്ങളുടെ കൂട്ടമരണം തുടരുന്നു, രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 23 സിംഹങ്ങള്‍

Lions

ഗിര്‍ വനത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആശങ്ക സൃഷ്ടിച്ചു കൊണ്ട് സിംഹങ്ങള്‍ ചത്തു വീഴുന്നത്. ഇതുവരെ തിരിച്ചറിയാനാകാത്ത കാരണങ്ങളാല്‍ രണ്ടാഴ്ചയ്ക്കിടെ ചത്ത സിംഹങ്ങളുടെ എണ്ണം 23 ആയി. അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് പല സിംഹങ്ങളും ജീവൻ വെടിഞ്ഞത്. കൂടുതല്‍ സിംഹങ്ങളെ ഈ അജ്ഞാത രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണു വനം വകുപ്പിന്റെ കണക്കു കൂട്ടല്‍.

സിംഹങ്ങളുടെ മരണം തുടര്‍ക്കഥ ആയതോടെ വിഷയത്തില്‍ ഗുജറാത്ത് ഹൊക്കോടതിയും സുപ്രീംകോടതിയും ഇടപെട്ടു. സിംഹങ്ങളുടെ മരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി, അജ്ഞാത രോഗം കൂടുതല്‍ സിംഹങ്ങളിലേക്കു പകരാന്‍ ഇടയാക്കിയത് ഗുജറാത്ത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നും കുറ്റപ്പെടുത്തി. ഏഷ്യന്‍ സിംഹങ്ങള്‍ സ്വാഭാവികമായി ജീവിക്കുന്ന ഏക വനമേഖലയാണ് ഗുജറാത്തിലെ ഗിര്‍വനം. ഇവിടെ ഇത്തരമൊരു പകര്‍ച്ചവ്യാധി പടരുന്നത് ഏഷ്യന്‍ സിംഹങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായേക്കും.

നാലു ദിവസത്തിനിടെ ഒന്‍പത് സിംഹങ്ങള്‍ ചത്തതോടെയാണ് സിംഹങ്ങളുടെ കൂട്ടമരണം അധികൃതരുടെ ശ്രദ്ധയിലേക്കെത്തുന്നത്. സിംഹങ്ങള്‍ക്കിടയിലെ തമ്മിലടി മൂലമാണ് ഭൂരിഭാഗം മരണങ്ങളും ഉണ്ടായതെന്നാണു വനം വകുപ്പ് ആദ്യം വിശദീകരിച്ചത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ ഇതു  തെറ്റാണെന്നു തെളിഞ്ഞു. രണ്ടു സിംഹങ്ങള്‍ മാത്രമാണ് പരസ്പരം ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് ചത്തതെന്നും കണ്ടെത്തി. ഇതോടെയാണ വായുവിലൂടെ പകരുന്ന ഏതോ പകര്‍ച്ച വ്യാധിയാണ് സിംഹങ്ങളുടെ മരണത്തിനു പിന്നിലെന്ന് അധികൃതര്‍ വിലയിരുത്തിയത്. എന്നാല്‍ ഈ പകര്‍ച്ചവ്യാധി ഏതാണെന്നു കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വൈറസ് ബാധയ്ക്കുള്ള സാധ്യത

Lion

സിംഹങ്ങള്‍ക്ക് അനധികൃതമായി തീറ്റ കൊടുക്കാന്‍ സഞ്ചാരികളെ അനുവദിക്കുന്നതായി പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങനെ നല്‍കിയ കോഴി ഇറച്ചിയില്‍ നിന്നോ മറ്റോ വൈറസ് ബാധ സിംഹങ്ങളിലേക്കെത്തിയിട്ടുണ്ടാകാം എന്നാണു കണക്കു കൂട്ടല്‍. മരിച്ചവയില്‍ എട്ട് പെണ്‍ സിംഹങ്ങളും ആറ് സിംഹക്കുട്ടികളും ഉള്‍പ്പെടുന്നു. 23  സിംഹങ്ങളുടെ മരണത്തോടെ ഗിര്‍ വനമേഖലക്ക് രണ്ടാഴ്ചയ്ക്കിടെ നഷ്ടമായത് ആകെ സിംഹങ്ങളുടെ എണ്ണത്തിന്റെ 3 ശതമാനമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ പ്രതിസന്ധി അതീവ ഗൗരവതരവുമാണ്.

സിഡിവി, പിപിആര്‍വി എന്നീ വൈറസുകളാണ് പ്രധാനമായും സിംഹങ്ങളെ ബാധിക്കുന്നത്. ഇവയില്‍ സിഡിവി ചത്ത സിംഹങ്ങളില്‍ ചിലതിന്റെ ശരീരത്തില്‍ നിന്നെടുത്ത സാംപിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു മരണകാരണമാണോ എന്നു വ്യക്തമല്ല. 1990 കളില്‍ ആഫ്രിക്കയില സിംഹങ്ങളുടെ എണ്ണത്തിന്റെ മൂന്നില്‍ ഒന്ന് ശതമാനത്തെ കൊന്നൊടുക്കിയത് പിപിആര്‍വി എന്ന വൈറസാണ്. ആടുകളില്‍ നിന്നാണ് ഈ വൈറസ് മാംസം ഭക്ഷിക്കുന്നതിലൂടെ സിംഹത്തിന്റെ ശരീരത്തിലേക്കെത്തിയത്.

ഗിര്‍വനത്തിലേത് പിപിആര്‍വി ബാധയാണോ എന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സഞ്ചാരികള്‍ ആടിന്റെ മാസം സിംഹങ്ങള്‍ക്കു നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമല്ല. പിപിആര്‍വി ബാധയാണ് സിംഹങ്ങള്‍ക്കുണ്ടായിരിക്കുന്നത് എങ്കില്‍ ഗിര്‍ വനത്തിലെ നാല്‍പ്പതു ശതമാനം സിംഹങ്ങളെ വരെ നഷ്ടപ്പെട്ടേക്കാമെന്നാണ് ബ്രിട്ടനിലെ റോയല്‍ വെറ്ററിനറി കോളജ് പ്രഫസറായ റിച്ചാര്‍ഡ് കുക്ക് മുന്നറിയിപ്പു നല്‍കുന്നത്. വൈറസ് ബാധയുണ്ടായ മേഖലയില്‍ നിന്ന് 31 സിംഹങ്ങളെ പിടികൂടി വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഇവയ്ക്ക് ആരോഗ്യപ്രശനങ്ങള്‍ ഇല്ലെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. 

ഏഷ്യാറ്റിക് സിംഹങ്ങള്‍ക്ക് മറ്റൊരു സ്വാഭാവിക വാസസ്ഥലം

Lions

അജ്ഞാത രോഗം ഗിര്‍വനത്തിലെ സിംഹങ്ങളെ ബാധിച്ചതോടെ ഇവയ്ക്കായി ഗിര്‍ വനത്തിനു പുറമെ മറ്റൊരു പ്രദേശത്തു കൂടി സ്വാഭാവിക വാസസ്ഥലം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മധ്യപ്രദേശ് ഇതിനു തയാറായി വര്‍ഷങ്ങള്‍ക്കു മുന്‍പേ രംഗത്തു വന്നെങ്കിലും ഗുജറാത്തിന്റെ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധി. മധ്യപ്രദേശിലെ പെന്ന വനമേഖലയില്‍ സിംഹങ്ങള്‍ക്ക് അനുയോജ്യമായ വാസസ്ഥലമാണുള്ളത്. ഇവിടേക്ക് സിംഹങ്ങളെ എത്തിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ ഗുജറാത്തിന്റെ ടൂറിസം സാധ്യതകളെ ബാധിക്കും എന്ന കാരണത്താല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഈ പദ്ധതിയെ തള്ളിക്കളയുകയായിരുന്നു.

related stories