Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്‍പതിനായിരം വര്‍ഷം പഴക്കമുള്ള സിംഹക്കുട്ടിയുടെ ജഡം മഞ്ഞുപാളികൾക്കിടയിൽ

Extinct cave lion

റഷ്യയിലെ പെര്‍മാഫ്രോസ്റ്റ് മേഖലയില്‍ നിന്നാണ് അന്‍പതിനായിരം വര്‍ഷം പഴക്കമുള്ള സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഗുഹാ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന ഇവ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പ് വംശനാശം സംഭവിച്ച ജീവിവര്‍ഗ്ഗത്തില്‍ പെട്ടതാണ്.സിംഹക്കുട്ടിയുടെ ശരീരത്തിനുള്ളിലെ കോശങ്ങള്‍ക്കുള്‍പ്പെടെ കാര്യമായ കേടു സംഭവിക്കാത്തതിനാല്‍ സിംഹത്തില്‍ നിന്നു ക്ലോണ്‍ ചെയ്ത് വംശനാശം സംഭവിച്ച ഗുഹാസിംഹങ്ങളെ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍. 

യാകുതിയ പ്രദേശത്തുള്ള തിർഖിത് നദിക്കു സമീപമാണ് ഈ സിംഹക്കുട്ടിയുടെ ജഢം കണ്ടെത്തിയത്ത്. കൈകളിലൊന്നില്‍ തല വച്ച് ഉറങ്ങാന്‍ കിടക്കുന്ന രീതിയിലാരുന്നു ജഢം കാണപ്പെട്ടത്. സമീപവാസികളാണ് മഞ്ഞുപാളികള്‍ക്കിടയിലൂടെ ഈ കാഴ്ച ആദ്യം കണ്ടത്. തുടര്‍ന്ന് ഗവേഷകരെത്തി പരിശോധിച്ചതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരികയായിരുന്നു.

ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ പ്രായമുണ്ടായിരുന്നുവെന്നു കണക്കാക്കുന്ന സിംഹക്കുട്ടി ആണോ പെണ്ണോ എന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഈ സിംഹക്കുട്ടിയുടെ വലിപ്പം ഇപ്പോഴത്തെ സിംഹക്കുട്ടികളേക്കാള്‍ ചെറുതായിരുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 

പ്രാദേശിക സയന്‍സ് അക്കാദമിയിലെ ബയോളജി ഗവേഷകനായ ഡോ. ആല്‍ബര്‍ട്ട് പ്രോട്ടോപോപോവ് ആണ് ഗവേഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പുറമേ നിന്നുള്ള കാഴ്ചയില്‍ പരിക്കുകള്‍ കാണാത്തിനാല്‍ അസുഖം മൂലമോ പട്ടിണി മൂലമോ ആകാം സിംഹക്കുട്ടി മരിച്ചിരിക്കുകയെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. സിംഹക്കുട്ടിയെക്കുറിച്ചുള്ള പൂർണ വിവരങ്ങള്‍ മനസിലാക്കാനും ക്ലോണിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സാധ്യമാകുമോയെന്നറിയാനും ചുരുങ്ങിയത്  3 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.

ഇതാദ്യമായല്ല ഈ പ്രദേശത്തു നിന്ന് ഗുഹാസിംഹങ്ങളുടെ ജീർണിക്കാത്ത ജഢങ്ങള്‍ കിട്ടുന്നത്. അതേസമയം കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച രീതിയില്‍ സൂക്ഷിക്കപ്പെട്ട ജഢമായിരുന്നു ഇപ്പോള്‍ കണ്ടെത്തിയ സിംഹക്കുട്ടിയുടേത്. ഇതിനു മുന്‍പ് കണ്ടെത്തിയ സിംഹങ്ങളുടെ ജഡങ്ങള്‍ ക്ലോണിങിനുതകുന്നവയായിരുന്നില്ല. 

related stories