Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഹക്കൂട്ടിൽ കയറി സിംഹങ്ങളെ വെല്ലുവിളിച്ച യുവാവ്; കാരണം വിചിത്രം!

Lion

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മൃഗശാലയിലാണ് 38  കാരനായ യുവാവ് സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറിയത്. സിംഹങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു വലിയ മതില്‍ ചാടിക്കടന്ന് ഇയാള്‍ സിംഹക്കൂട്ടിലേക്കെത്തിയത്. കൈലാഷ് വര്‍മ എന്ന ഇയാള്‍ പിന്നീട് ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വന്നെങ്കിലും പൊലീസ് കസ്റ്റഡിയിലായി. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ മൃഗശാലയിലേക്കെത്തിയത്. ആരുടേയും ശ്രദ്ധയില്‍ പെടാതെ സിംഹക്കൂട്ടിലേക്കുള്ള ചെറിയ മതില്‍ ഇയാള്‍ ആദ്യം ചാടിക്കടന്നു. പിന്നീട് 18 അടിയോളം ഉയരത്തിലുള്ള കമ്പിവേലിയിലൂടെ ഇയാള്‍ പിടിച്ചു കയറുകയായിരുന്നു. സിംഹക്കൂട്ടിലേക്ക് ഇയാൾ കയറുന്നതു കണ്ട സന്ദര്‍ശകര്‍ ബഹളമുണ്ടാക്കി. ഇതുകേട്ടാണ് മൃഗശാല ജീവനക്കാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.

Man climbs into lions' den Kailash Verma

എത്ര നിര്‍ബന്ധിച്ചിട്ടും തിരിച്ചിറങ്ങാൻ കൈലാഷ് തയ്യാറായില്ല. സിംഹക്കൂട്ടിലേക്കിറങ്ങിയ ഇയാള്‍ സിംഹങ്ങളെ വെല്ലു വിളിക്കുകയും ചെയ്തു. കയ്യില്‍ കരുതിയിരുന്ന സ്നാക്സും കൂട്ടിലിരുന്നു കഴിക്കാന്‍ തുടങ്ങി. മേഘ ,ബിജ്‌ലി എന്നീ പെണ്‍ സിംഹങ്ങളും ഇവരുടെ നാലു കുട്ടികളുമാണ് കൂട്ടിലുണ്ടായിരുന്നത്. പുറമേ നിന്നൊരാൾ കൂട്ടിലേക്കെത്തിയതോടെ സിംഹങ്ങളും പരിഭ്രമിച്ചു. എന്നാല്‍ മുതിര്‍ന്ന സിംഹങ്ങള്‍ കുട്ടികളെ സംരക്ഷിക്കാനായി അവയുടെ സമീപത്തു തന്നെ നിന്നതിനാല്‍ കൈലാഷിനെ ആക്രമിക്കാന്‍ തുനിഞ്ഞില്ല.

ഇതിനിടെയിൽ സുരക്ഷാജീവനക്കാരെത്തി സിംഹങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. തുടര്‍ന്ന് കൈലാഷിനെ ബലമായി പിടിച്ചു പുറത്തിറക്കുകയും ചെയ്തു. സിംഹം ഗ്രാമവാസികളെ ആക്രമിക്കുന്നതായി താന്‍ സ്വപ്നം കണ്ടുവെന്നും ദൈവത്തിന്റെ നിർദേശമനുസരിച്ച് സിംഹങ്ങളെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ കൂട്ടില്‍ കയറിയതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ വിചിത്ര വാദം കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസുകാർ. വന്യജീവി സംരക്ഷണ നിയപ്രകാരം കൈലാഷിനെതിരെ കേസെടുത്തു.

related stories