Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് മയിൽ സംരക്ഷണ കേന്ദ്രത്തിൽ തിരക്കേറുന്നു; കാരണം ജഡ്ജിയുടെ 'ബ്രഹ്മചാരി' പരാമർശം

peacocks

മയിലുകൾ ഇണചേരില്ലെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ പരാമർശം ഏറ്റവും കൂടുതൽ ഗുണം ചെയ്തത് പാലക്കാട് ചൂളന്നൂരുള്ള മയിൽ സംരക്ഷണ കേന്ദ്രത്തിനാണ്. കാരണം ജഡ്ജിയുടെ ഈ പരാമർശത്തോടുകൂടി ഇവിടുത്തെ മയിലുകൾ താരമായി മാറി. ദിവസേന 10 പേർ പോലും എത്താതിരുന്ന ഈ മയിൽ സംരക്ഷണ കേന്ദ്രത്തിൽ ഇപ്പോൾ നൂറുകണക്കിനു സന്ദർശകരാണെത്തുന്നത്.

മയിലുകൾ ഇണചേരാറില്ലെന്ന രാജസ്ഥാൻ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയുടെ പരാമർശം വിവാദമായിരുന്നു. ട്രോളുകളുടെ പെരുമഴയാണ് ഇതിനെതിരെ ഇറങ്ങിയത്. ഇണകളെ ആകർഷിക്കാനായി മാത്രം പീലിവിരിച്ചാടുന്ന ആൺമയിലുകളെക്കുറിച്ചായിരുന്നു ജഡ്ജിയുടെ 'ബ്രഹ്മചാരി' പരാമർശമെന്നതാണ് ഏറെ രസകരമായ സംഗതി. ഇണ ചേരുന്ന കാലങ്ങളിൽ ഒന്നിലധികം പെൺമയിലുകളോടൊത്തു ഇണചേരുന്നവരാണ് ആൺമയിലുകൾ എന്നതാണ് വസ്തുത. 

ഏതായാലും പ്രസ്താവന വിവാദമായതോടെ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ഗൂഗിളിൽ പരതിയത് നിരവധിയാളുകളാണ്. ഈ സംഭവം വിവാദമായതോടെയാണ് മയിൽ സംരക്ഷണ കേന്ദ്രത്തിൽ തിരക്കു വർദ്ധിച്ചത്. ഇവിടെയെത്തുന്നവരോടു വിശദീകരിക്കാനായി മയിലുകൾ ഇണചേരുന്ന വിഡിയോ ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്നുണ്ട് . 2007ൽ പാലക്കാട് ചൂളന്നൂരിൽ ആരംഭിച്ച മയിൽ സംരക്ഷണ കേന്ദ്രത്തിൽ ഇന്ന് മുന്നൂറോളം മയിലുകളാണുള്ളത്. പ്രതിദിനം മുന്നൂറോളം ആളുകളാണ് ഇവിടെയിപ്പോൾ സന്ദർശനത്തിനെത്തുന്നത്.