Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾക്കുവേണ്ടി എന്നും ഒരു പൊതിച്ചോറ്!

പ്രളയത്തിൽ അഭയം നൽകിയശേഷവും ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡ് അവളെ കൈവിട്ടില്ല. ജീവനക്കാർ ഊണുകഴിക്കുമെങ്കിൽ അവൾക്കും കിട്ടും അന്നം. സ്നേഹം തോന്നുന്നവർ പഫ്സും ബിസ്കറ്റുമൊക്കെ വാങ്ങി നൽകും. വിളിക്കാൻ പേരുപോലുമില്ലെങ്കിലും ജീവനക്കാർക്കു കൂട്ടാണ് ഈ പോമറേനിയൻ പട്ടി. നല്ല ഇണക്കവും പരിശീലനവും തോന്നിക്കുന്ന പട്ടി രണ്ടുമാസത്തോളമായി ഇവിടെയുണ്ട്. ആരെയും കടിക്കാൻ ശ്രമിക്കാറില്ല. ഇഷ്ടം തോന്നിയാൽ വാലാട്ടി നിൽക്കുമെന്നു ജീവനക്കാർ പറയുന്നു.

ഡിപ്പോയിലെ ജനറേറ്റർറൂമിൽ കിടന്നു കറുത്ത പുക കാരണം നിറം മാറിപ്പോയി. ഇപ്പോൾ പോമറേനിയൻ ഇനമാണെന്നു പറഞ്ഞാൽ ആരും അംഗീകരിച്ചേക്കില്ല. കുട്ടനാട്ടി‍ലെ ഏതോ കുടുംബത്തിനൊപ്പം 2 മാസം മുൻപ് ഇവിടേക്കു വന്നതാ. അവർ തിരികെ പോയപ്പോ ഇവളെ മറന്നുപോയതാകണം. എന്തായാലും എല്ലാവർക്കും വളരെ ഇഷ്ടമാ– കണ്ടക്ടർ വടക്കനാര്യാട് തമ്പകച്ചുവട് സ്വദേശി എൻ.രാജേഷ് പറഞ്ഞു. വാത്സല്യത്തോടെ അടുത്ത് ഇടപഴകുന്നതുകൊണ്ടാകാം വനിതാ കണ്ടക്ടർ പാതിരപ്പള്ളി സ്വദേശിനി മഞ്ജുഷയോടാണു കൂടുതൽ ഇഷ്ടം. മഞ്ജുഷയുടെ ബാഗിൽ നിത്യവുമുണ്ടാകും ഇവൾക്കുവേണ്ടി ഒരു പൊതിച്ചോറ്.

അവധി ദിവസങ്ങളിൽ ഭക്ഷണം സഹപ്രവർത്തകരെയോ അടുത്ത കടക്കാരെയോ ചുമതലപ്പെടുത്തും. സ്റ്റാൻഡിലെ തിരക്കൊഴിഞ്ഞ തെക്കേ ഇടനാഴിക്കടുത്ത് ഇവൾ ഊണുകഴിച്ചു നിൽക്കുമ്പോൾ മഞ്ജുഷ ഡ്യൂട്ടിക്കു പോയാൽ ഭക്ഷണം മതിയാക്കി അവളും പിന്നാലെ പോകും. ഉച്ചയ്ക്ക് പുളിങ്കുന്നു റൂട്ടിലേക്കു പോകാനുള്ള തിരക്കിലാകും മഞ്ജുഷ. കാണാതെ പോയില്ലെങ്കിൽ ബസിൽ ചാടി കയറാനും ശ്രമിക്കും. അവകാശികളായി ആരും എത്താത്തതിനാൽ വീട്ടിൽകൊണ്ടുപോയി വളർത്താൻ താൽപര്യമുണ്ടെന്നും മഞ്ജുഷ പറഞ്ഞു.