Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെക്സസിന്റെ ഇന്ത്യൻ അരങ്ങേറ്റം 24ന്

lexus-es300h Lexus ES300H

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന ബ്രാൻഡായ ലെക്സസിന്റെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത ആഴ്ച; വെള്ളിയാഴ്ചയാവും ലെക്സസിന്റെ ഇന്ത്യൻ അറങ്ങേറ്റമെന്നാണു സൂചന. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ആർ എക്സ് 450 എച്ച്’ ആവും ലെക്സസ് ശ്രേണിയിൽ ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യ മോഡൽ. വിദേശ നിർമിത ‘ആർ എക്സ് 450 എച്ച്’ ഇന്ത്യയിൽ ഇറക്കുമതി വഴിയാവും വിൽപ്പനയ്ക്കെത്തുക. 

രാജ്യമെങ്ങും വ്യാപക പ്രചാരം നൽകാൻ ലക്ഷ്യമിട്ട് ലെക്സസ് ശ്രേണിയിലെ എൺപതോളം കാറുകൾ ടൊയോട്ട ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടത്രെ. വാഹനം വാങ്ങാൻ സാധ്യതയുള്ളവർക്കായി ലെക്സസിന്റെ ടെസ്റ്റ് ഡ്രൈവുകളും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്.  ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലായി നാലു ഡീലർഷിപ്പുകളാവും ലെക്സസ് ആദ്യ ഘട്ടത്തിൽ തുറക്കുക.

സങ്കര ഇന്ധന സാങ്കേതികവിദ്യയുടെ പിൻബലമുള്ള എസ് യു വിയായ ‘ആർ എക്സ് 450 എച്ചി’നു കരുത്തേകുക 3.5 ലീറ്റർ, വി സിക്സ് പെട്രോൾ എൻജിനാണ്. ലെക്സസ് ഹൈബ്രിഡ് ഡ്രൈവ് കൂടിയാവുന്നതോടെ മൊത്തം 308 ബി എച്ച് പിയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 70 മൈൽ(ഏകദേശം 112.654 കിലോമീറ്റർ) വേഗം കൈവരിക്കാൻ ‘ആർ എക്സ് 450 എച്ചി’നു വെറും 7.7 സെക്കൻഡ് മതി. ആംബിയന്റ് ലൈറ്റിങ്, പിൻ സീറ്റിൽ ഇരട്ട സ്ക്രീൻ എന്റർടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് സ്ക്രീൻ മൾട്ടി മീഡിയ ഡിസ്പ്ലേ, മികച്ച സുരക്ഷയ്ക്കായി 10 എയർബാഗ് തുടങ്ങിയവയെല്ലമായാണ് ‘ആർ എക്സ് 450 എച്ചി’ന്റെ വരവ്.  ഡൽഹി ഷോറൂമിൽ 1.17 കോടിയോളം രൂപ വില പ്രതീക്ഷിക്കുന്ന ‘ആർ എക്സ് 450 എച്ചി’ന്റെ പോരാട്ടം ഔഡി ‘ക്യൂ ഫൈവ്’, മെഴ്സീഡിസ് ‘ജി എൽ സി’ തുടങ്ങിയവയോടാവും. 

Your Rating: