Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓല വരുന്നു, വൈദ്യുത ‘നാനോ’യുമായി

tata-nano Representative Image

ബാറ്ററിയിൽ ഓടുന്ന ‘നാനോ’ നിരത്തിലിറക്കാൻ കാബ് അഗ്രിഗേറ്റർമാരായ ഓല കാബ്സ് ഒരുങ്ങുന്നു. ചെറുകാറായ ‘നാനോ’ ആധാരമാക്കി കോയമ്പത്തൂർ ആസ്ഥാനമായ ജേയം ഓട്ടോമോട്ടീവ്സ് സാക്ഷാത്കരിച്ച ‘നിയോ ഇ വി’ യാണ് ഓല ലഭ്യമാക്കുക. ആദ്യ ബാച്ചിൽ 400 ‘നിയോ ഇ വി’ നിരത്തിലെത്തിക്കാനാണ് ഓല കാബ്സിന്റെ നീക്കം. തുടക്കത്തിൽ ഹൈദരബാദിലാവും ബാറ്ററിയിൽ ഓടുന്ന ‘നാനോ’ ഓല കാബ്സ് ശ്രേണിയിലെത്തുകയെന്നാണു സൂചന. ക്രമേണ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ഓല കാബ്സ് ‘നിയോ ഇ വി’ സേവനം ലഭ്യമാക്കും.

ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള ‘നാനോ’ ബോഡി ഷെല്ലുകളും എൻജിനും ഗീയർബോക്സുമൊക്കെ ഉപയോഗിച്ചാണു ജേയം ‘നിയോ ഇ വി’ സാക്ഷാത്കരിക്കുന്നത്. ഇതോടൊപ്പം 17 കിലോവാട്ട്(23 എച്ച് പി) കരുത്ത് സൃഷ്ടിക്കുന്ന 48 വോൾട്ട് വൈദ്യുത സംവിധാനം കൂടി ചേരുന്നതോടെയാണ് ‘നിയോ ഇ വി’ യാഥാർഥ്യമാവുന്നത്. ഇലക്ട്രിക് ഡ്രൈവുകൾ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഇലക്ട്ര ഇ വിയാണു ‘നിയോ’യ്ക്കുള്ള പവർ ട്രെയ്ൻ ലഭ്യമാക്കുന്നത്. ടാറ്റ മോട്ടോഴ്സ് ശ്രേണിയിലെ വൈദ്യുത മോഡലുകളായ ‘ടിഗൊർ ഇ വി’ക്കും ‘ടിയാഗൊ ഇ വി’ക്കുമുള്ള പവർ ട്രെയ്ൻ നിർമിച്ചു നൽകുന്നതും ഇലക്ട്രയാണ്.

ടാറ്റ ബാഡ്ജിങ് ഒഴിവാക്കി ‘ജേയം നിയോ’ എന്ന പേരിലാണു വൈദ്യുത ‘നാനോ’ നിരത്തിലെത്തുന്നത്. പവർ ട്രെയ്നിലെ മാറ്റ ഒഴിവാക്കിയാൽ ‘നിയോ’യും ‘നാനോ’യുമായി മാറ്റമൊന്നുമില്ല. ടാറ്റ മോട്ടോഴ്സുമായി ദീർഘകാലത്തെ ബന്ധമുള്ള കമ്പനിയാണു ജേയം ഓട്ടമോട്ടീവ്സ്; ‘ജെ ടി വെഹിക്കിൾസ്’ എന്ന പേരിൽ ടാറ്റയുടെ തിരഞ്ഞെടുത്ത മോഡലുകളുടെ സ്പോർട്ടി വകഭേദം യാഥാർഥ്യമാക്കാൻ അടുത്തയിടെ ഇരുകമ്പനികളുമായി ധാരണയിലുമെത്തിയിരുന്നു. ‘ടിഗൊർ’, ‘ടിയാഗൊ’ എന്നിവയുടെ ‘ജെ ടി പി’ പതിപ്പുകൾ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. 

അതിനിടെ ടാറ്റ മോട്ടോഴ്സ് സ്വന്തം നിലയിലും ‘നാനോ’യുടെ വൈദ്യുത പതിപ്പ് പുറത്തിക്കാൻ ആലോചിക്കുന്നുണ്ട്. നിലവിൽ പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇ ഇ എസ് എൽ)നു ടാറ്റ ‘ടിയാഗൊ’യുടെയും ‘ടിഗൊറി’ന്റെയും വൈദ്യുത പതിപ്പ് ലഭ്യമാക്കുന്നുണ്ട്. ശ്രേണിയിലെ മറ്റു മോഡലുകളുടെ വൈദ്യുത രൂപവും ടാറ്റ മോട്ടോഴ്സ് ക്രമേണ വിപണിയിലിറക്കുമെന്നാണു സൂചന.