Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്ലാരൻ സൂപ്പർ ഇന്ത്യയിലെത്തും

mclaren-570-gt

ബ്രിട്ടീഷ് സൂപ്പർ കാർ, സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ ഓട്ടമോട്ടീവിന്റെ ദൃഷ്ടിപഥത്തിൽ ഇന്ത്യയുമെത്തുന്നു. 2025 ആകുമ്പോഴേക്ക് ഈ വിപണിയിൽ പ്രവേശിക്കാനാണു കമ്പനി ആലോചിക്കുന്നത്.  ഇംഗ്ലണ്ടിലെ ഗുഡ്വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിലാണു മക്ലാരൻ ഭാവി പദ്ധതികൾ അനാവരണം ചെയ്തത്. 2016ലെ ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച ‘ട്രാക്ക് 22’ പ്ലാനിന്റെ വിപുലീകരിച്ച പതിപ്പാണ് ഇപ്പോഴത്തെ ‘ട്രാക്ക് 25’ പദ്ധതി. പുതിയ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം 2025 ആകുമ്പോലേക്ക് 18 പുതിയ കാറുകൾ പുറത്തിറക്കാനും മക്ലാരൻ ഓട്ടമോട്ടീവ് ലക്ഷ്യമിടുന്നുണ്ട്. 

നിലവിലുള്ള വിപണികളിലെ പ്രവർത്തനം വിപുലീകരിക്കുന്നതിനൊപ്പം റഷ്യ, ഇന്ത്യ, മധ്യ — പൂർവ യൂറോപ്പ് തുടങ്ങിയ പുത്തൻ വിപണികളിൽ പ്രവേശിക്കാനും മക്ലാരനു മോഹമുണ്ട്. നിലവിൽ ആഗോളതലത്തിൽ 31 വിപണികളിലാണു മക്ലാരൻ കാറുകൾ വിൽപ്പനയ്ക്കെത്തുന്നത്; മൊത്തം ഡീലർഷിപ്പുകളാവട്ടെ 86 എണ്ണവും. ‘ട്രാക്ക് 25’ പദ്ധതിയിൽ വിൽപ്പന ശാലകളുടെ എണ്ണം 100 ആക്കി ഉയർത്താനാണു മക്ലാരൻ ലക്ഷ്യമിടുന്നത്.

ഏഴു വർഷത്തിനുള്ളിൽ സ്പോർട്സ് കാർ, സൂപ്പർ കാർ ശ്രേണി പൂർണമായും ഹൈബ്രിഡ് പവർ ട്രെയ്നിലേക്കു മാറ്റുമെന്നും മക്ലാരൻ പ്രഖ്യാപിക്കുന്നു. അധിക പ്രകടനക്ഷമത ആഗ്രഹിക്കുന്നവർക്കായി ഭാരം കുറഞ്ഞതും അതിവേഗം ചാർജാവുന്നതുമായി കരുത്തേറിയതുമായ ബാറ്ററി സംവിധാനം വികസിപ്പിക്കാനും മക്ലാരനു പദ്ധതിയുണ്ട്. റേസ് ട്രാക്കിൽ 30 മിനിറ്റ് പ്രകടനം നടത്താനുള്ള പ്രാപ്തിയാണ് ഈ സംവിധാനത്തിനു മക്ലാരൻ വാഗ്ദാനം ചെയ്യുന്നത്.

അഞ്ചു വർഷം മുമ്പ് ‘മക്ലാരൻ പി വണ്ണി’ലൂടെ ലോകത്തിലെ തന്നെ ആദ്യ പെട്രോൾ — വൈദ്യുത സങ്കര ഇന്ധന ഹൈപ്പർകാർ നിരത്തിലെത്തിച്ച പാരമ്പര്യമാണു കമ്പനിയുടേത്. ഈ ഇതിഹാസ കാറിന്റെ പിൻഗാമിയെ യാഥാർഥ്യമാക്കുമെന്നാണു  ‘ട്രാക്ക് 25’ പദ്ധതിയിൽ മക്ലാരന്റെ പ്രഖ്യാപനം. ഡ്രൈവർ കേന്ദ്രീകൃത കാർ എന്ന അടിസ്ഥാന പ്രമാണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, കൈ കൊണ്ടു കാർ അസംബ്ൾ ചെയ്യുന്ന രീതി തുടരാനാണു മക്ലാരന്റെ മോഹം. ഈ ശൈലിയിൽ മധ്യത്തിൽ എൻജിൻ ഘടിപ്പിച്ച സ്പോർട്സ് കാറുകളുടെയും സൂപ്പർ കാറുകളുടെയും നിർമാണം ഇംഗ്ലണ്ടിലെ  വോക്കിങ്ങിലുള്ള മക്ലാരൻ പ്രൊഡക്ഷൻ സെന്ററിൽ കമ്പനി തുടരും. 

പുതിയ 18 മോഡലുകൾ കൂടിയാവുന്നതോടെ ഉൽപ്പാദനത്തിൽ 75% വർധനയാണു മക്ലാരൻ പ്രതീക്ഷിക്കുന്നത്; അടുത്ത ദശാബ്ദത്തിന്രെ മധ്യത്തോടെ വാർഷിക ഉൽപ്പാദനം 6,000 യൂണിറ്റിലെത്തുമെന്നു കമ്പനി കരുതുന്നു.