Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ ടാക്സി വിലക്ക്: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേക്ക്

പ്രതിഷേധവുമായി ഡ്രൈവർമാർ തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽ ഡീസൽ എൻജിനുള്ള ടാക്സികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നു കേന്ദ്ര സർക്കാർ. ഡീസൽ ടാക്സികൾക്കുള്ള വിലക്ക് പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരിയാണ് അറിയിച്ചത്. മന്ത്രിതല ചർച്ചയിലെ തീരുമാനപ്രകാരമാണു സർക്കാർ ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഗഢ്കരിക്കു പുറമെ കേന്ദ്ര ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെയും പരിസ്ഥിതി — വനം മന്ത്രി പ്രകാശ് ജാവദേക്കറുമാണു ചർച്ചയിൽ പങ്കെടുത്തത്.


ഡീസൽ ടാക്സി വിലക്കിന്റെ ഫലമായി പതിനായിരക്കണക്കിനു വാഹനങ്ങൾ ഒറ്റയടിക്ക് നിരത്തൊഴിഞ്ഞതോടെ അഭൂതപൂർവമായി സാഹചര്യമാണ് ഉടലെടുത്തത്. വിലക്ക് മൂലം യാത്രക്കാരും ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നു ഗഢ്കരി അഭിപ്രായപ്പെട്ടു. കോടതി വിധി കർശനമായി നടപ്പാക്കാൻ അധികൃതർ തുനിഞ്ഞതോടെ നൂറുകണക്കിനു ടാക്സി ഡ്രൈവർമാർ ദേശീയ പാതയും റിങ് റോഡും ഉപരോധിച്ചിരുന്നു.
ഈ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെ സർക്കാർ ബഹുമാനിക്കുന്നതായി ഗഢ്കരി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മലിനീകരണ നിയന്ത്രണത്തിനു വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.


അതേസമയംതന്നെ വിലക്കു മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയും സർക്കാരിന് അവഗണിക്കാനാവില്ല. അതിനാലാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിനു കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാൻ തീരുമാനിച്ചതെന്നും ഗഢ്കരി വെളിപ്പെടുത്തി. ടാക്സി വിലക്ക് മൂലം ആയിരങ്ങൾക്കാണു തൊഴിൽ നഷ്ടമായത്. പോരെങ്കിൽ എൻ സി ആർ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശവും രൂക്ഷമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാത്രി വൈകിയും മറ്റും ജോലി ചെയ്യുന്ന ഐ ടി, ബി പി ഒ മേഖലകളിലെ ജീവനക്കാർ സുരക്ഷിത ഗതാഗത മാർഗങ്ങളില്ലാതെ വലയുകയാണ്. ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ഗഢ്കരി വിലയിരുത്തി.


ഡീസൽ ഇന്ധനമാക്കുന്ന ടാക്സികൾക്ക് സമ്മർദിത പ്രകൃതി വാതക(സി എൻ ജി)ത്തിലേക്കു മാറാൻ അനുവദിച്ച കാലാവധി ഏപ്രിൽ 30നപ്പുറത്തേക്കു നീട്ടാൻ സുപ്രീം കോടതി ശനിയാഴ്ചയാണു വിസമ്മതിച്ചത്. ഇതോടെ എൻ സി ആറിൽ ഡീസലിൽ ഓടുന്ന ടാക്സികൾക്കു കർശന വിലക്ക് നിലവിൽ വന്നു. ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ ഓലയുടെയും ഊബറിന്റെയുമൊക്കെ പ്രവർത്തനവും ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങി.
ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് എൻ സി ആറിൽ അറുപതിനായിരത്തോളം ടാക്സികൾക്കാണു റജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്; ഇതിൽ 27,000 എണ്ണം ഡീസലിൽ ഓടുന്നവയാണ്.
 

Your Rating: