Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത കാർ ഇറക്കുമതി: മെക്സിക്കോ ഒന്നാമത്

cars

ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയുടെ സിംഹഭാഗവും യു എസിനും മധ്യ അമേരിക്കയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ മെക്സിക്കോയിലേക്ക്. രണ്ടാം സ്ഥാനത്തുള്ള നേപ്പാളും മൂന്നാം സ്ഥാനത്തുള്ള യു കെയുമൊക്കെ മെക്സിക്കോയെ അപേക്ഷിച്ചു ബഹുദൂരം പിന്നിലാണ്. കാറുകൾക്കും വാണിജ്യ വാഹനങ്ങൾക്കും ഇരുചക്ര — ത്രിചക്ര വാഹനങ്ങൾക്കും പുറമെ വാഹന നിർമാണത്തിനുള്ള ഘടകങ്ങളും ഇന്ത്യ ഗണ്യമായ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. എൻജിനീയറിങ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതിയും വാഹനങ്ങളും വാഹന നിർമാണത്തിനുള്ള ഘടകങ്ങളും തന്നെ. നടപ്പു സാമ്പത്തിക വർഷം ഇതുവരെ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തിയ അപൂർവം മേഖലകൾക്കൊപ്പമാണ് വാഹന വ്യവസായത്തിന്റെ സ്ഥാനം.

കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്തെ എൻജിനീയറിങ് വിഭാഗത്തിലെ കയറ്റുമതി മുൻവർഷം ഇതേ കാലത്തെ 2,152 കോടി ഡോളറിനെ അപേക്ഷിച്ച് 5.82% ഇടിവോടെ 2,027 കോടി ഡോളറായപ്പോൾ വാഹനങ്ങളുടെ കയറ്റുമതിയിൽ നാലു ശതമാനത്തോളം വർധനയാണു രേഖപ്പെടുത്തിയത്. ഏപ്രിൽ — ജൂലൈ കാലത്തു മൊത്തം 278 കോടി ഡോളർ വില മതിക്കുന്ന വാഹനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്; ഇതിൽ 50.10 കോടി ഡോളറിന്റെ കയറ്റുമതിയിലും മെക്സിക്കോയിലേക്കായിരുന്നു. നേപ്പാളിലേക്കുള്ള കയറ്റുമതിയുടെ മൂല്യം 15.70 കോടി ഡോളറും യു കെ യിലേക്കുള്ളതിന്റെ മൂല്യം 13 കോടി ഡോളറുമാണെന്നാണ് എൻജിനീയറിങ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ(ഇ ഇ പി സി) ഓഫ് ഇന്ത്യയുടെ കണക്ക്.

മെക്സിക്കോയിലേക്കുള്ള വാഹന കയറ്റുമതിയിൽ 110% വളർച്ചയും നേപ്പാളിലേക്കുള്ള കയറ്റുമതിയിൽ 120% വളർച്ചയുമുള്ളപ്പോൾ യു കെയിലേക്കുള്ള വാഹന കയറ്റുമതിയിലെ വർധന 22% മാത്രമാണ്. കടൽ മാർഗം മെക്സിക്കോയിലെത്താൻ ദൂരമേറെ പിന്നിടണമെന്നത് ആ രാജ്യത്തേക്കുള്ള വാഹന കയറ്റുമതിയെ ബാധിക്കുന്നില്ലെന്ന് ഇ ഇ പി സി ചെയർമാൻ ടി എസ് ഭാസിൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള മൊത്തം വാഹന കയറ്റുമതിയിൽ 18 ശതമാനത്തോളം പോകുന്നത് മെക്സിക്കൻ വിപണിയിലേക്കാണ്. അടുത്തു തന്നെ മെക്സിക്കോയിൽ നടക്കുന്ന എക്സ്പോ കൂടിയാവുന്നതോടെ വാഹന കയറ്റുമതി ഇനിയുമുയരുമെന്നാണു ഭാസിന്റെ പ്രതീക്ഷ. മെക്സിക്കോയ്ക്കും നേപ്പാളിനും യു കെയ്ക്കും പുറമെ ശ്രീലങ്ക, ദക്ഷിണ ആഫ്രിക്ക, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ നിർമിത വാഹനങ്ങൾ കയറ്റുമതി വഴി വിൽപ്പനയ്ക്കെത്തുന്നുണ്ട്.