Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റാണ് സൂക്ഷിക്കണം

classic-350

ഒരു കാലത്തു വളരെ അപൂര്‍വ്വമായ വാഹനമായിരുന്നു റോയൽ എൻഫീല്‍ഡ് ബൈക്കുകൾ. ഇന്നതു നിരത്തുകളിലെ നിത്യസാന്നിധ്യമാണ് . അത്രയേറെ ജനപ്രിയ മോഡലായി മാറി. എൻഫീല്‍ഡ് ബൈക്കുകളുടെ പരിപാലനവും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്.

തുരുമ്പ്

തണ്ടർബേഡ് 350, ക്ലാസിക് 350 മോഡലുകളില്‍ സാധ്യത കൂടുതലായി കാണാറുണ്ട്. മഴക്കാലത്തിനു മുൻപ് വാഹനത്തിനു വീൽ ഉൾെപ്പടെയുള്ള ഭാഗങ്ങളില്‍ വാക്സ് കോട്ടിങ് നല്‍കിയാൽ ഇൗ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ടെഫ്ളോൺ കോട്ടിങ് നൽകിയാലും മതി.

സൈലൻസർ

ഫോർ സ്ട്രോക് സൈലന്‍സർ ആണ് എന്‍ഫീൽഡ് ബൈക്കുകളിൽ ഉപയോഗിക്കുന്നത്. അതിനാൽ ഒായിലിന്റെ അംശം പൊതുവേ വളരെ കുറവായിരിക്കും. ഫ്യൂവൽ കംപസ്റ്റ്യനും ശേഷം ഉണ്ടാകുന്ന ജലാംശം സൈലൻസറിൽ തുരുമ്പ് ഉണ്ടാക്കും. കാലക്രമേണ തുള വീഴാനും സാധ്യതയുണ്ട്. സൈലൻസർ മാറ്റിവയ്ക്കേണ്ടിയും വരും.

ത്രസിപ്പിക്കുന്ന ശബ്ദം ഉണ്ടാക്കുന്നതിനായി മറ്റു സൈലന്‍സർ ഉപയോഗിക്കുന്നവരുണ്ട്. ഉയര്‍ന്ന മര്‍ദം മൂലം കാര്‍ബറേറ്റര്‍ ഹോസ് എന്‍ജിനിൽനിന്ന് ഉൗരിപ്പോരാൻ സാധ്യതയുണ്ട്. ‘ടപ്’  ശബ്ദത്തോ‌‌ടുകൂടി വാഹനം നിന്നുപോകും. മാത്രമല്ല വാറന്റിയും കിട്ടില്ല. ‌‌‌എന്‍ജിൻ ലൈഫ് കുറയും. നിയമപ്രകാരം മോ‍‍‍ഡിഫിക്കേഷന്‍ അനുവദനീയമല്ല.

ബാറ്ററി

തീവ്രപ്രകാശമു​ള്ള ലൈറ്റ്, ഉയര്‍ന്ന ശബ്ദം ഉണ്ടാക്കുന്ന ഹോൺ എന്നിവ ഉപയോഗിച്ച് ബാറ്ററിയുടെ ലൈഫ് കുറയ്ക്കും. ബാറ്ററിയുടെ കപ്പാസിറ്റിയിൽ കൂടുതൽ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചാൽ ഒാവർ ലോഡ് ആയി ഫ്യൂസ് കേടാവാനും സാധ്യതയുണ്ട്. ക്ലാസിക് 350, ഇലക്ട്ര 350, തണ്ടര്‍ബേഡ് 350 എന്നിവയിൽ 2016 സെപ്റ്റംബര്‍ മുതല്‍ മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാക്കി  മോഡലുകളിൽ മെയ്ന്റനന്‍സ് ബാറ്ററിയാണ്. അതിനാൽ സർവീസ് ചെയ്യുമ്പോൾ ആസിഡ് റീ–ഫില്‍ ചെയ്യണം. ഒരു വർഷമാണ് ബാറ്ററിയു‌ടെ വാറന്റി.

വാറന്റി ഇല്ലാത്ത ഭാഗങ്ങൾ

സ്പാർക് പ്ലഗ്, ടയര്‍, ട്യൂബ്, റബർ ഭാഗങ്ങള്‍, ബാറ്ററി എന്നിവയ്ക്കു റോയൽ എൻഫീല്‍ഡ് വാറന്റി നൽകുന്നില്ല. ഇവയ്ക്കെല്ലാം അതതു കമ്പനികളാണ് വാറന്റി നല്‍കുന്നത്.

എൻജിൻ സൗണ്ട്

പുതിയ റോയൽ എൻഫീ‍ഡ് ബൈക്കുകളിൽ‌  യുസിഎ (യൂണിറ്റ് കൺസ്ട്രക്‌‌ട് എൻജിൻ) സിംഗിൾ യൂണിറ്റ് ആണ്. ഡികംപ്രഷൻ ചെയ്യുന്നത് ഒാട്ടമാറ്റിക്ക് ആയാണ്. ബുള്ളറ്റ് 350 ഒഴികെയുള്ള മോഡലുകളെല്ലാം സെൽഫ് സ്റ്റാർട്ടിങ് ഉള്ളതാണ്. വലിയ എൻജിൻ ആയതിനാൽ ചെറുതായി ശബ്ദം അനുഭവപ്പെടാറുണ്ട്. ഒായിൽ പമ്പിന്റെ ‘ഒ’ റിങ് പോലും എൻജിൻ ശബ്ദം ഉണ്ടാക്കാം. കൃത്യമായ ഇടവേളകളിൽ ഒായിൽ മാറിയില്ലെങ്കിൽ ഒായിൽ സ്റ്റെയ്നർ (അരിപ്പ പോലുള്ള ഭാഗം) ബ്ലോക്ക് ആകാം. അപ്പോള്‍ ഒായിലിന്റെ ഒഴുക്ക് ത‌ടസ്സപ്പെടും. എൻജിൻ നോയിസ് ഉണ്ടാകും.

ക്ലച്ച് തേയ്മാനം‌

നഗരകങ്ങളിൽ ഉപയോഗിക്കുന്ന എൻഫീൽഡ് മോഡലുകളുടെ ക്ലച്ച് എപ്പോഴും കംപ്ലയിന്റ് ആയിരിക്കും. ‌‌‌ട്രാഫിക്ക് ബ്ലോക്കുകളിൽ പതുക്കെ നീങ്ങേണ്ടി വരുമ്പോൾ അടിക്ക‌ടി ഗീയർ ഡൗൺസ് ചെയ്യാനുള്ള മടികൊണ്ട്, സൗകര്യത്തിനായി ഹാഫ് ക്ലച്ച് ഉപയോഗിക്കുന്നവരാണ് കൂടുതൽ പേരും. നിരന്തരം ഹാഫ് ക്ലച്ചിൽ വാഹനം ഒാടുമ്പോൾ ചൂട് കൂടി ക്ലച്ച് െഫയ്സിങ്ങും ഡിസ്കും കത്തിപ്പോകുകയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യും. ഇങ്ങനെയായാൽ ക്ലച്ച് മുഴുവനായി മാറിയിടേണ്ടിവരും.

ഒായിലിന്റെ അളവറിയാൻ

റോയൽ എൻഫീൽഡ് വാഹനങ്ങളിൽ ഒായിലിന്റെ അളവ് അറിയാൻ ഒായിൽ സ്റ്റിക് ഇല്ല. പകരം ഒായിൽ വിൻഡോ ആണ് നൽകിയിട്ടുള്ളത്. വാഹനം സ്റ്റാർ‍ട്ട് ചെയ്ത ഉടൻ ഒായിലിന്റെ അളവ് നോക്കിയാൽ കൃത്യമായ അളവ് അറിയാൻ കഴിയില്ല. വാഹനം സ്റ്റാർട്ട് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം ഒാഫ് ചെയ്യുക. അപ്പോൾ ശരിയായ ഒായിൽ ലെവൽ അറിയാം.

ഫ്യൂസ് ഗേജ്

പെട്രോൾ നിറയ്ക്കുമ്പോൾ ഹാർഡ് പമ്പ് ടാങ്കിനകത്തെ ഫ്ലോട്ടിൽ കുത്തുകയോ ശക്തമായ മർദത്തിൽ പ‌‌‌‌െട്രോൾ വീഴുകയോ ചെയ്താൽ ഫ്ലോട്ട് കേടാകും.‌ ‌ഇന്ധനം നിറയ്ക്കുമോള്‍ പെട്രോൾ ടാപ്പ് ‘ഒാഫ്’ മോഡിൽ ആക്കുക. അപ്പോള്‍ കാര്‍ബുലേറ്ററിലേക്കു കരട് കേറാതിരിക്കും.

ചെയിൻ ആൻഡ് സ്പ്രോക്കറ്റ്

എല്ലാ എന്‍ഫീൽഡ് മോഡലുകളും ഒാപ്പണ്‍ ചെയിൻ ആണ്. കേരളത്തിലെ കാലാവസ്ഥയുടെ പ്രത്യേകതമൂലം ചെയിനിൽ പൊടി അടിയാനുള്ള സാധ്യത കൂ‌ടുതലാണ്. എല്ലാ ആഴ്ചയും ചെയിന്‍ ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യുക. ശേഷം ലൂബ് സ്പ്രേ ചെയ്യുക. ലൈഫ് കൂടും. 500 കിലോ മീറ്റർ ആകുമ്പോൾ സർവീസ് സെന്ററിൽ കൊണ്ടുപോയി പരിശോധിപ്പിക്ക​ണം. 20,000 കിമീ ആണ് കമ്പനി പറയുന്ന ലൈഫ് എങ്കിലും മിക്കവാറും അതിനു മുൻപു ചെയിന്‍ മാറേണ്ടിവരും.

റോസ് സൈഡ് അസിസ്റ്റ്

ഇന്ത്യൻ എല്ലായിടത്തും 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റ് റോയൽ എൻഫീൽഡ് നൽകുന്നുണ്ട്. 800  രൂപ നല്‍കി ഡീലർഷിപ്പിൽ റജിസ്റ്റര്‍ ചെയ്യാം. ഇന്ത്യയിൽ‌ എവിടെയാണെങ്കിലും ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഏറ്റവും അടുത്ത ഡീലർഷിപ്പിൽ നിന്നു സര്‍വീസ് ലഭിക്കുന്നതാണ്. വാഹനം വാങ്ങുമ്പോൾ റോയൽ എന്‍ഫീൽഡ് ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കിൽ ഒരു വർഷത്തേക്കു റോഡ് സൈഡ് അസിസ്റ്റ് സൗജന്യമായി ലഭിക്കും.